ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം, ജീവനക്കാർ അവധി ദിനത്തിലും ജോലി ചെയ്തു, ജില്ലയിൽ തീർപ്പായത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ
സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച അവധി ദിനത്തിലും ജോലി ചെയ്ത് ഒറ്റ ദിവസം കൊണ്ട് സർക്കാർ ജീവനക്കാർ ജില്ലയിൽ തീർപ്പാക്കിയത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ. റവന്യൂ വകുപ്പിൽ ജില്ലയിൽ 70 ശതമാനത്തിലധികം ജീവനക്കാർ ജോലിക്കെത്തി. സംസ്ഥാന തലത്തിൽ ജൂൺ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി എല്ലാ ജീവനക്കാരും ഞായറാഴ്ച അവധിദിനം ഫയൽ തീർപ്പാക്കൽ നടപടികൾക്കായി വിനിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും അഭ്യർത്ഥനയും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശവും കണക്കിലെടുത്താണ് അവധിദിനവും ജീവനക്കാർ ജോലിക്കെത്തിയത്. ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പർവ്വീൺ, എ.ഡി.എം. ആർ. ബീനാറാണി എന്നിവർ കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക്സിലെ എല്ലാ ഓഫീസുകളും സന്ദർശിച്ച് ഫയൽ തീർപ്പാക്കൽ പുരോഗതി വിലയിരുത്തി.
ജില്ലാ കളക്ടറേറ്റിൽ 60 പേർ ഹാജരായി. 523 ഫയലുകൾ തീർപ്പാക്കി. റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കൊല്ലത്ത് 31 പേരിൽ 29 പേരും പുനലൂരിൽ 24 ൽ 20 പേരും ജോലിക്കെത്തി. 500 ലധികം ഫയലുകൾ തീർപ്പാക്കി. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളും ബഹുഭൂരിപക്ഷം വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. കൊട്ടാരക്കര താലൂക്ക് ഓഫീസിലെ 60 ജീവനക്കാരിൽ 58 പേരും ജോലിക്കെത്തി. കൊല്ലം താലൂക്ക് ഓഫീസിൽ 70 ൽ 27 ഉം, കരുനാഗപ്പള്ളിയിൽ 55 ൽ 26 ഉം, കുന്നത്തൂരിൽ 30 ൽ 25 ഉം, പത്തനാപുരത്ത് 45 ൽ 32 ഉം, പുനലൂരിൽ 50 ൽ 38 ഉം പേർ ഹാജരായി.
കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ആകെയുള്ള 27 പേരും ഹാജരായി. 375 ഫയലുകൾ തീർപ്പാക്കി. എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ 22 ഉം കൊല്ലം കോർപ്പറേഷൻ ഓഫീസിൽ 126 ഉം പേർ ഹാജരായി. കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ, പുനലൂർ നഗരസഭകളിലായി 78 പേരും ജോലിക്കെത്തി. 290 ഫയലുകൾ തീർപ്പാക്കി. ജില്ലാ സപ്ലൈ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസുകളും അടക്കം സിവിൽ സപ്ലൈസ് വകുപ്പിലെ എല്ലാ ഓഫീസുകളും പ്രവർത്തിച്ചു. ആകെയുള്ള 138 ജീവനക്കാരിൽ 80 പേരും ഹാജരായി. ജില്ലാ മെഡിക്കൽ ഓഫീസിലെ 41 മിനിസ്റ്റീരിയൽ ജീവനക്കാരിൽ 23 പേരും, ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ 18 ൽ 13 പേരും, കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ 61 പേരിൽ 48 പേരും ജോലിക്കെത്തി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ്, ജില്ലാ ട്രഷറികൾ, പട്ടികജാതി വികസന ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയ ജില്ലാ ഓഫീസുകളും പ്രവർത്തിച്ചു.
തീർപ്പാക്കാൻ കഴിയുന്ന എല്ലാ ഫയലുകളും അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുന്നതിനും പുതിയതായി രൂപപ്പെടുന്ന ഫയലുകൾ കുടിശ്ശികയാകാതെ തീർപ്പാക്കുന്നതിനും എല്ലാ ജീവനക്കാരും തുടർ ദിവസങ്ങളിലും തയ്യാറാകണമെന്നും അവധിദിവസം ജോലി ചെയ്ത് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി സഹകരിച്ച മുഴുവൻ ജീവനക്കാരെയും അഭിവാദ്യം ചെയ്യുന്നതായും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും ജില്ലാ കമ്മിറ്റികൾ അറിയിച്ചു.