മെഡിസെപ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി –
കെ.എന്‍.ബാലഗോപാല്‍ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല്‍പത് ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി വിജയിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശദാംശം ആരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ വരുകയാണ്. സ്വകാര്യഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ മെഡിസെപ് നടപ്പിലാക്കിയതോടെ ചൂഷണം ഒരു പരിധിവരെ അവസാനിപ്പിക്കാനായി. ഗുണഭോക്താക്കള്‍ പലരും നേരിട്ട് വിളിച്ച് നന്ദി രേഖപ്പെടുത്തുന്ന അനുഭവങ്ങളും നിരന്തരം ഉണ്ടാവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും നടപ്പിലാക്കുന്ന ബദല്‍ നയങ്ങളുടെ ഒരു ഉദാഹരണമാണ് മെഡിസെപ്. കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും സ്ഥിരനിയമനങ്ങള്‍ നടത്താതെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും സിവില്‍ സര്‍വ്വീസുകളെ ശോഷിപ്പിക്കുമ്പോള്‍ കേരളത്തില്‍ കൃത്യമായ നിയമനങ്ങള്‍ നടത്തിയും അവകാശങ്ങള്‍ പരിരക്ഷിച്ചും മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പറത്തി സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന് വലിയ പ്രതിബന്ധമാണ് സൃഷ്ടിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുതന്നെ പോകും. മെഡിസെപ് പദ്ധതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പോരായ്മകള്‍ പരിഹരിക്കാനും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിക്കാനും ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിസെപ് പദ്ധതി 100 ദിവസം പിന്നിട്ട അവസരത്തില്‍ തിരുവനന്തപുരം പബ്ലിക് ആഫീസ് അങ്കണത്തില്‍ എഫ്.എസ്.ഇ.ടി.ഒ, നേതൃത്വത്തില്‍ സംഘടിപ്പിച്ച ബെനിഫിഷറീസ്മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്‍റ് എന്‍.ടി.ശിവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പ്രസിഡന്‍റ് എന്‍.സദാശിവന്‍ നായര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി എം എ അജിത് കുമാര്‍ സ്വാഗതവും ട്രഷറര്‍ ഡോ.എസ്.ആര്‍.മോഹനചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. സംഘടനാ നേതാക്കളായ എം.വി.ശശിധരന്‍, കെ.എല്‍.അശോകകുമാര്‍, പി.സുരേഷ്, ടി.സുബ്രഹ്മണ്യന്‍, എസ്.സതികുമാര്‍, കെ.സദാശിവന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. മെഡിസെപ് ഗുണഭോക്താക്കള്‍ പദ്ധതി നിര്‍വ്വഹണത്തിന്‍റെ അനുഭവങ്ങള്‍ മന്ത്രിയുമായി പങ്കുവച്ചു.