വനിതാ ജീവനക്കാർക്കായി എൻ.ജി.ഒ യൂണിയൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘തൊഴിലിടവും സ്‌ത്രീകളും’ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ‘തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, നിയമങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം അഡ്വ. സബിതാ ബീഗം ക്ലാസ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽ കമാർ സംസാരിച്ചു. കൊല്ലം ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം യൂണിറ്റ് കൺവീനർ ഡോ. പത്മജാ പ്രസാദ്, സൈക്കോളജിസ്റ്റ് എസ്. സിസിലി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്‌തു.
യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.മിനിമോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഖുശീ ഗോപിനാഥ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ, വകുപ്പുതല പരീക്ഷകൾക്കുള്ള ക്ലാസുകൾ, പുതുതായി സർവ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാമുകൾ, ഇൻകം ടാക്‌സ് സംബന്ധമായ സംശയദൂരീകരണ സെൽ തുടങ്ങിയവ സർവ്വീസ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നുണ്ട്.