ജീവല്‍പ്രശ്നങ്ങളുമായി ദൈനംദിനം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് നല്ല ജനസേവകരാവണം സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് സി.ഐ.ടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള പറഞ്ഞു.
കേരള എൻ.ജി.ഒ യൂണിയൻ 59 -ആം പാലക്കാട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വ്വദേശീയ രാഷ്ട്രീയം സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉക്രൈന് റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ അനുഭവം ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സമരശക്തിയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ കോഡുകളുമായി എത്തിയിരിക്കുന്നത്. ഇതിനെ രാജ്യത്തെ തൊഴിലാളികള്‍ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.