Kerala NGO Union

സുവര്‍ണ്ണ ജൂബിലി സമ്മേളനം സംഘടനാരേഖ

സംഘടനാരേഖ
(2013 മെയ് 10-14 തീയതികളിൽ തൃശൂരിൽ ചേര്‍ന്ന കേരള എൻ.ജി.ഒ യൂണിയന്‍റെ സുവർണ്ണജൂബിലി സംസ്ഥാന സമ്മേളനം അംഗീകരിച്ചത്)

മുതലാളിത്ത വ്യവസ്ഥിതിയുടെ നിലനില്‍പ്പിനായി രൂപപ്പെടുത്തിയതാണ്‌ ആധുനിക സിവില്‍സര്‍വീസ്‌. ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണം അരക്കിട്ടുറപ്പിക്കുന്നതിനാണ്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യയില്‍ ആധുനിക സിവില്‍സര്‍വ്വീസിന്‌ തുടക്കം കുറിക്കുന്നത്‌. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അതേ നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ്‌ പരിമിതമായ തോതിൽ സിവില്‍സര്‍വ്വീസിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. തുടര്‍ന്ന്‌ 20-ാം നൂറ്റാണ്ടായപ്പോഴേക്കും സര്‍വ്വീസ്‌ സംഘടനകൾ നിലവിൽ വന്നു. ഭരണാധികാരികള്‍ക്ക്‌ മംഗളപത്രം സമര്‍പ്പിക്കലും സങ്കടഹര്‍ജി നല്‍കലുമായിരുന്നു ആദ്യകാല സംഘടനാപ്രവര്‍ത്തനം. സ്വാതന്ത്ര്യാനന്തരം അടിമതുല്യരായ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള സംഘടന രൂപീകരിക്കാന്‍ സ്വാതന്ത്ര്യപ്രാപ്‌തിക്ക്‌ മുമ്പുതന്നെ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അതിനെ തടയിടുന്നതിന്‌ കാറ്റഗറി അടിസ്ഥാനത്തില്‍ മാത്രമെ സംഘടന രൂപീകരിക്കാവൂ എന്ന്‌ ഭരണാധികാരികള്‍ ഉത്തരവിറക്കിയിരുന്നു. വകുപ്പ്‌, കാറ്റഗറി, ഭാഷ, പ്രാദേശികാടിസ്ഥാനത്തില്‍ പല തട്ടുകളിലായി ഭിന്നിച്ചുനിന്നിരുന്ന സംഘടനാരൂപങ്ങളെ അടിച്ചമര്‍ത്താൻ ഭരണാധികാരികള്‍ക്ക്‌ എളുപ്പത്തിൽ കഴിയുമായിരുന്നു.
ഐക്യ കേരളപ്പിറവിയോടെയാണ്‌ ഈ ദു:സ്ഥിതിയ്‌ക്ക്‌ മാറ്റം ഉണ്ടായത്‌. 1957 ലെ ഇ.എം.എസ്‌ സര്‍ക്കാരാണ്‌ ജീവനക്കാര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം അനുവദിച്ചത്‌. ‘ജീവനക്കാര്‍ക്ക്‌ ശമ്പളവര്‍ദ്ധനവും അലവന്‍സും പ്രധാനമാണ്‌, എന്നാല്‍ അതിലേറെ പ്രധാനമായി തോന്നുന്നത്‌ അത്‌ ചോദിക്കാനുള്ള അവകാശമാണ്‌’എന്ന ഇ.എം.എസ്സിന്റെ വാക്കുകള്‍ ഏറെ പ്രസിദ്ധമാണ്‌. ഈ പ്രസ്‌താവന അവകാശ സമ്പാദനരംഗത്ത്‌ തടസ്സമായിരുന്ന പ്രാദേശിക-വകുപ്പ്‌-കാറ്റഗറി സംഘടനകള്‍ക്കുപകരം ശക്തവും ഏകീകൃതവുമായ പൊതുസംഘടനയുടെ രൂപീകരണത്തിനുള്ള പ്രചോദനമായി. അതിന്റെ പരിണത ഫലമാണ്‌ 1958 ല്‍ കേരള സര്‍വ്വീസ്‌ സംഘടനാഫെഡറേഷന്റെയും 1962 ല്‍ കേരള എന്‍.ജി.ഒ. യൂണിയന്റെയും രൂപീകരണത്തിന്‌ വഴിവച്ചത്‌. 1959 സെപ്‌റ്റംബറിൽ കേരളാസര്‍വീസ്‌ മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്‌ ഈ ദിശയിലുള്ള നിര്‍ണ്ണായക ചുവടുവെയ്‌പായിരുന്നു.
ഭരണാധികാരികളുടെയും ബ്യൂറോക്രസിയുടെയും സ്വേച്ഛാപരമായ നടപടികള്‍ക്ക്‌ വിധേയമായി അടിമത്ത മനോഭാവത്തോടെ ജോലിചെയ്‌തിരുന്ന ജീവനക്കാരെ അവകാശബോധത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത്‌ കേരള എന്‍.ജി.ഒ. യൂണിയനാണ്‌. സംഘടിക്കാനും സമരം ചെയ്യാനും ഭരണാധികാരികളുമായി മുഖാമുഖം ഏറ്റുമുട്ടാനും ഭയന്നുപിന്മാറിയിരുന്ന വിഭാഗത്തെ എണ്ണമറ്റ പോരാട്ടങ്ങളില്‍ അണിനിരത്തി സാമൂഹ്യശക്തിയാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ യൂണിയന്റെ ഇക്കാലയളവിലെ പ്രവര്‍ത്തനനേട്ടം. കേന്ദ്ര ക്ഷാമബത്തയ്‌ക്കുവേണ്ടി 1967 ലെ പന്ത്രണ്ട്‌ ദിവസത്തെ പണിമുടക്ക്‌, സമയബന്ധിത ശമ്പളപരിഷ്‌കരണത്തിനുവേണ്ടി 1973 ലെ 54 ദിവസം നീണ്ടുനിന്ന ഐതിഹാസിക പണിമുടക്ക്‌, 78, 84, 85 വര്‍ഷങ്ങളിൽ ശമ്പളപരിഷ്‌ക്കരണത്തിനുവേണ്ടി നടത്തിയ പണിമുടക്കുകള്‍, കവര്‍ന്നെടുത്ത ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ 2002 ലെ 32 ദിവസത്തെ പണിമുടക്ക്‌, 2013 ല്‍ പെന്‍ഷൻ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പണിമുടക്ക്‌ എന്നിങ്ങനെ നിരവധി പോരാട്ടങ്ങള്‍ക്ക്‌ സംഘടന നേതൃത്വം നല്‍കി. ജനങ്ങളെയാകെ ബാധിക്കുന്ന ദേശീയ പ്രാദേശിക ബഹുജനസമരങ്ങളില്‍ യൂണിയൻ സജീവ പങ്കാളിയായി. പ്രക്ഷോഭ പ്രവര്‍ത്തനങ്ങളിലൂടെ ജീവനക്കാരെ പൊതുസമൂഹവുമായി കണ്ണിചേര്‍ക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനും ജീവനക്കാരെ പ്രാപ്‌തരാക്കി. തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയ വീക്ഷണത്തിലും ദിശാബോധത്തിലും അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായി വളര്‍ന്നു.
അഞ്ചുപതിറ്റാണ്ടുകാലത്തെ പ്രക്ഷോഭപ്രവര്‍ത്തനങ്ങളിലൂടെ സിവില്‍സര്‍വ്വീസിന്റെ വികാസപരിണാമ പ്രക്രിയയില്‍ സക്രിയമായി ഇടപെട്ട യൂണിയന്‍ സിവില്‍സര്‍വ്വീസിനെ ശക്തിപ്പെടുത്തുന്നതിനും ജനാധിപത്യവല്‍ക്കരിക്കുന്നതിനും നിര്‍ണ്ണായകമായ പങ്ക്‌വഹിച്ചു. അവകാശപ്പോരാട്ടരംഗത്ത്‌ അഭിമാനകരമായ പ്രവര്‍ത്തനം നടത്തി മുന്നോട്ടുപോയ യൂണിയനെ തകര്‍ക്കുന്നതിനും കടന്നാക്രമിക്കുന്നതിനും ഭരണാധികാരികള്‍ പലവട്ടം പരിശ്രമിച്ചു. 1960 കളുടെ അന്ത്യത്തില്‍ രാഷ്‌ട്രീയ പക്ഷപാതിത്വം ആരോപിച്ചും വിഭാഗീയ-വകുപ്പ്‌-കാറ്റഗറി ചിന്താഗതി വളര്‍ത്തിയും സംഘടനയ്‌ക്കകത്ത്‌ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കങ്ങളെ സംഘടന വിജയകരമായി അതിജീവിച്ചു. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട്‌ 1973 ലും 1978 ലും 1984 ലും 1985 ലും നടത്തിയ അനിശ്ചിതകാല പണിമുടക്കുകളെ എല്ലാവിധ മര്‍ദ്ദനമുറകളും അഴിച്ചുവിട്ടാണ്‌ ഭരണാധികാരികൾ നേരിട്ടത്‌. എന്നാല്‍ പണിമുടക്കിന്‌ കൃഷിക്കാരും തൊഴിലാളികളും ഇതരജനവിഭാഗങ്ങളും നല്‍കിയ സംരക്ഷണവും അതിലൂടെ ജീവനക്കാര്‍ക്കുണ്ടായ സാമൂഹ്യാവബോധവും സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കി. ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ നേരിടുന്നതിനാണ്‌ 1975ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്‌. പൗരസ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും പത്രസ്വാതന്ത്ര്യവും ധ്വംസിക്കപ്പെട്ട ആ കാലഘട്ടത്തില്‍ നിര്‍ഭയം സംഘടനാപ്രവര്‍ത്തനം നടത്തിയ ചരിത്രമാണ്‌ യൂണിയനുള്ളത്‌. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി പേരെ വിചാരണ കൂടാതെ കല്‍ത്തുറുങ്കിലടച്ചു. യൂണിയനാഫീസുകള്‍ റെയ്‌ഡ്‌ ചെയ്‌തും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത്‌ പീഡിപ്പിച്ചും കൂട്ട സ്ഥലംമാറ്റം നടത്തിയും സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു. ഭരണവിലാസം സംഘടനകള്‍ സര്‍ക്കാരിന്റെ കിരാതവാഴ്‌ചയ്‌ക്ക്‌ കൂട്ടുനില്‍ക്കുകയും കാറ്റഗറി സംഘടനകൾ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയും ചെയ്‌ത ആ ഘട്ടത്തിൽ ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയത്‌ യൂണിയൻ മാത്രമാണ്‌. യൂണിയന്റെ അംഗത്വത്തില്‍ ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത്‌ അടിയന്തിരാവസ്ഥക്കാലത്താണ്‌. 1960 കൾ മുതൽ യൂണിയൻ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങള്‍ ജീവനക്കാരുടെ സേവന-വേതനഘടന മെച്ചപ്പെടുത്തുന്നതിന്‌ നിദാനമായി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച ആഗോളവല്‍ക്കരണ നടപടികൾ സിവില്‍സര്‍വ്വീസിൽ ഗുരുതരമായ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചത്‌. സേവനമേഖലയിൽ നിന്നുള്ള പിന്മാറ്റവും സ്വകാര്യവല്‍ക്കരണ നടപടികളും സിവില്‍സര്‍വ്വീസിന്റെ അസ്‌തിത്വം തന്നെ ചോദ്യം ചെയ്‌തു. തസ്‌തിക വെട്ടിക്കുറയ്‌ക്കുക, നിയമനങ്ങള്‍ നിരോധിക്കുക, സ്ഥിരംനിയമനങ്ങള്‍ക്ക്‌ പകരം താല്‍ക്കാലിക, ദിവസക്കൂലി, കരാര്‍ നിയമനങ്ങൾ വ്യാപകമാക്കുക, പെന്‍ഷൻ ഇല്ലാതാക്കുക തുടങ്ങിയ നടപടികൾ സിവില്‍സര്‍വ്വീസിനെ വിനാശകരമായ അവസ്ഥയിലേക്ക്‌ തള്ളിവിട്ടു. ആഗോളവല്‍ക്കരണ നടപടികളുടെ തുടക്കത്തിൽ തന്നെ അതിനെതിരായി ജീവനക്കാരെ അണിനിരത്താനും ദേശീയ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാക്കാനും സംഘടനയ്‌ക്ക്‌ കഴിഞ്ഞു. നവലിബറല്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി 2002 ല്‍ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാർ നടത്തിയ കടന്നാക്രമണത്തെ 32 ദിവസത്തെ പണിമുടക്കിലൂടെ ചെറുത്ത്‌ തോല്‍പ്പിക്കാനും ജീവനക്കാരുടെ വര്‍ഗ്ഗ ഐക്യം ശക്തിപ്പെടുത്തുന്നതിലും നമ്മുടെ സംഘടന നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചു.
ജനപക്ഷ നിലപാടുകൾ ഉയര്‍ത്തിപ്പിടിക്കുകയും അതിന്റെ ഭാഗമായി സിവില്‍സര്‍വ്വീസിനെ ശക്തിപ്പെടുത്തുകയും ജീവനക്കാരുടെ അവകാശങ്ങൽ സംരക്ഷിക്കുകയും ചെയ്‌ത ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകൾ ഇന്ത്യയ്‌ക്കാകെ മാതൃകയായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്‌ സമരത്തിന്‌ രക്ഷാകവചമായിരുന്നു ഇടതുപക്ഷ സര്‍ക്കാരുകള്‍. എന്നാല്‍ ഭരണമാറ്റം സ്ഥിതിഗതികൾ കീഴ്‌മേൽ മറിച്ചു. സിവില്‍സര്‍വീസിനെ തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ നടപടികളാണ്‌ മൂലധനശക്തികള്‍ ലക്ഷ്യമിടുന്നത്‌. അവകാശ നിഷേധത്തിന്റെയും കടന്നാക്രമണത്തിന്റെയും കറുത്ത ദിനങ്ങൾ തിരിച്ചുവന്നിരിക്കുന്നു. നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷൻ അട്ടിമറിക്കപ്പെടുന്നു, സ്വജനപക്ഷപാതവും അഴിമതിയും രാഷ്‌ട്രീയ വൈരവും ഭരണത്തിന്റെ മുഖമുദ്രയാകുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാർ ആവിഷ്‌ക്കരിച്ച ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കുന്നു, കേരളത്തിന്റെ മണ്ണും വിണ്ണും ഭൂമാഫിയയ്‌ക്ക്‌ കൈമാറുന്നു. ഭൂപരിഷ്‌ക്കരണം അട്ടിമറിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ നേട്ടങ്ങളാകെ ഇല്ലാതാക്കുന്ന നടപടികള്‍സ്വീ കരിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയും തസ്‌തിക വെട്ടിക്കുറയ്‌ക്കലും നിര്‍ദ്ദേശിക്കുന്ന 2012 ആഗസ്റ്റ്‌ 8 ന്റെ ഉത്തരവ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ 2013 ജനുവരി 8 മുതൽ നടത്തിയ അനിശ്ചിതകാല പണിമുടക്ക്‌ ഭാവിതലമുറയുടെ സാമൂഹ്യസുരക്ഷയ്‌ക്ക്‌ വേണ്ടിയായിരുന്നു. സര്‍ക്കാരിന്റെ ഭീഷണിയും കള്ളക്കേസ്സുകളും നേരിട്ടാണ്‌ ഐതിഹാസികമായ അനിശ്ചിതകാല പണിമുടക്ക്‌ നടന്നത്‌. പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയ്‌ക്കെതിരെ ഒരുപക്ഷെ രാജ്യത്ത്‌ നടന്ന ആദ്യത്തെ അനിശ്ചിതകാലപണിമുടക്കം. പൊതു മൂലധനത്തെ ധനമൂലധനമാക്കി മാറ്റുകയും വിപണിക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുക്കളാണ്‌ പങ്കാളിത്തപെന്‍ഷൻ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിലൂടെ ഉന്നയിച്ചത്‌. പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കെതിരായ പണിമുടക്കിന്റെ യഥാര്‍ത്ഥ നേട്ടം താല്‍ക്കാലിക ലാഭങ്ങളല്ല, മറിച്ച്‌ ആത്യന്തികമായി മുതലാളിത്ത വ്യവസ്ഥക്കെതിരായി രൂപപ്പെടുന്ന പ്രതിരോധ പോരാട്ടനിരയുടെ ശക്തിപ്പെടലാണ്‌. താല്‍ക്കാലിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ സമരങ്ങളുടെ വിജയപരാജയങ്ങളെ വിലയിരുത്തുന്ന സമീപനം തീര്‍ത്തും അവസരവാദപരമാണ്‌. നവഉദാരവല്‍ക്കരണ നയമാണ്‌ രാജ്യത്ത്‌ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കണമെന്ന ആശയത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസമേഖലകളുള്‍പ്പെടെ ഭരണസംവിധാനത്തെയാകെ ബാധിക്കുന്ന ഈ മഹാവിപത്തിനെതിരെ ഭാവിയില്‍ അനുഭവത്തിന്റെ ചൂടില്‍നിന്നും അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരും. പെന്‍ഷൻ സുരക്ഷയ്‌ക്കുവേണ്ടിയുള്ള ഇത്തരം പ്രക്ഷോഭങ്ങളെ കൂടുതല്‍ യോജിപ്പോടെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ക ഴിയണം. ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ നവലിബറല്‍ സാമ്പത്തിക നയങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ട്‌. ലോകമെമ്പാടും ഈ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്‌തമല്ല. രാജ്യതാല്‍പ്പര്യങ്ങൾ അപകടപ്പെടുത്തി കോര്‍പ്പറേറ്റ്‌ ആധിപത്യത്തിന്‌ മുമ്പില്‍ കീഴടങ്ങുന്ന പ്രതിലോമ നയങ്ങള്‍ക്കെതിരെ ദേശീയതലത്തിൽ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അനുദിനം കരുത്താര്‍ജ്ജിക്കുകയാണ്‌. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം സമ്പൂര്‍ണ്ണ ഐക്യത്തോടെ ഏറ്റെടുത്ത 2013 ഫെബ്രുവരി 20, 21 ന്റെ ദ്വിദിന പണിമുടക്ക്‌ രാജ്യചരിത്രത്തിൽ ഇന്നേവരെ നടന്നതില്‍ ഏറ്റവും ഉയര്‍ന്ന സമര രൂപമാണ്‌. തൊഴിലാളികളുടെ തൊഴിലും വേതനവും പെന്‍ഷനുമെല്ലാം കവര്‍ന്നെടുക്കപ്പെടുന്ന നയങ്ങൾക്കെതിരായ പോരാട്ടത്തില്‍ ജീവനക്കാരെ ഒന്നടങ്കം അണിനിരത്തണം. അതിന്‌ തൊഴിലാളിവര്‍ഗ്ഗ വീക്ഷണത്തിലധിഷ്‌ഠിതമായ സാമൂഹ്യകാഴ്‌ചപ്പാട്‌ ജീവനക്കാരിൽ ഉയര്‍ന്ന രൂപത്തില്‍ വളര്‍ത്തിക്കൊണ്ടുവരണം. മാധ്യമങ്ങളുടെ വര്‍ഗ്ഗ രാഷ്‌ട്രീയം ജീവനക്കാർ തിരിച്ചറിയണം. തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയെന്ന കോര്‍പ്പറേറ്റ്‌ അജണ്ടയാണ്‌ മാധ്യമങ്ങള്‍ നടപ്പാക്കുന്നത്‌. സംഘടനാപ്രവര്‍ത്തനത്തിൽ ആശയ പ്രചാരണത്തിനുള്ള പ്രാധാന്യം ഉള്‍ക്കൊള്ളണം. കേരളാസര്‍വീസ്‌, എംപ്ലോയീസ്‌ ഫോറം മാസികകള്‍ക്ക്‌ വര്‍ദ്ധിച്ച തോതിൽ വരിക്കാരെ ചേര്‍ക്കണം. തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കണം. അരാഷ്‌ട്രീയവല്‍ക്കരണ പ്രവണത, ജാതിമത ചിന്താഗതി എന്നിവയ്‌ക്കെതിരെ സംവാദങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കണം. സംഘടനാചരിത്രവും സാമൂഹ്യവികാസ ചരിത്രവും യൂണിയൻ പ്രവര്‍ത്തകർ അറിഞ്ഞിരിക്കണം. പഠനക്ലാസ്സുകളുടെയും മറ്റു വിദ്യാഭ്യാസ പരിപാടികളുടേയും പ്രാധാന്യംബ്ഉള്‍ക്കൊള്ളണം. സംഘടനാ കമ്മിറ്റികളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനവും കൂട്ടുത്തരവാദിത്വവും ഉറപ്പാക്കണം. സംഘടനാവേദിയില്‍ സ്വതന്ത്രമായ ചര്‍ച്ചകൾ പ്രോത്സാഹിപ്പിക്കപ്പെടണം. വിവിധ സ്ഥാനങ്ങളിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏല്‍പ്പിക്കപ്പെട്ട ചുമതലകൾ പൂര്‍ണ്ണമായും നിറവേറ്റുന്നുവെന്ന്‌ ഉറപ്പാക്കണം. പ്രവര്‍ത്തകർ തമ്മിൽ ആത്മബന്ധം വളര്‍ത്തിയെടുക്കണം.
സിവില്‍ സര്‍വീസിൽ നാല്‍പ്പത്‌ ശതമാനത്തിലധികം വനിതാ ജീവനക്കാരാണ്‌. അര്‍ഹതപ്പെട്ട വനിതാ പ്രാതിനിധ്യം എല്ലായിടത്തും ഉറപ്പാക്കണം. വനിതകള്‍ക്കുകൂടി പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ കമ്മിറ്റി യോഗങ്ങളുടെ സമയം കഴിയുന്നതും ക്രമീകരിക്കണം. കലാ, കായിക-സാംസ്‌കാരിക രംഗങ്ങളിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ജില്ലകളില്‍ കലാ, കായിക, സാംസ്‌കാരികവേദികൾ സജീവമാക്കണം.
ജില്ലകളില്‍ രക്തദാന സംവിധാനം ഏര്‍പ്പെടുത്തുവാനും. രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ജീവനക്കാര്‍ക്ക്‌ ആശ്വാസം നല്‍കാനും കഴിയണം.
നേരിട്ടുള്ള ബ്രിട്ടീഷ്‌ ഭരണത്തിൻ കീഴിൽ മലബാറിൽ രൂപപ്പെട്ടിരുന്ന സിവില്‍സര്‍വീസാണ്‌ 1956 ൽ ഭാഷാ സംസ്ഥാനം രൂപവല്‍ക്കരിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ കേരളം മാതൃകയാക്കിയത്‌. മന്ത്രിസഭയും സെക്രട്ടറിയേറ്റും അതിനുതാഴെ വില്ലേജ്‌ തലം വരെയുള്ള ആഫീസ്‌ സംവിധാനങ്ങളുമടങ്ങിയ സിവില്‍സര്‍വീസിന്റെ ദൗര്‍ബല്യങ്ങളും പരിമിതികളും പലപ്പോഴായി പരിശോധിക്കപ്പെട്ടിട്ടുണ്ട്‌. 1957 ലെ ഇ.എം.എസ്‌ മന്ത്രിസഭയുടെ ഭരണകാലത്ത്‌ മുഖ്യമന്ത്രി ചെയര്‍മാനായി രൂപവല്‍ക്കരിക്കപ്പെട്ട ഭരണപരിഷ്‌ക്കാര കമ്മിറ്റി (Administrative Reforms Committee) സിവില്‍സര്‍വീസിന്റെ നവീകരണത്തിനും അധികാരവികേന്ദ്രീകരണത്തിനും ഉതകുന്ന നിര്‍ദ്ദേശങ്ങളാണ്‌ മുന്നോട്ടുവച്ചത്‌. തുടര്‍ന്ന്‌ വെള്ളോടി കമ്മീഷൻ, ഇ.കെ. നായനാര്‍ ചെയര്‍മാനായ കമ്മിറ്റി എന്നിവയും അധികാരവികേന്ദ്രീകരണത്തെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട വി.രാമചന്ദ്രന്‍ കമ്മിറ്റി, എസ്‌.ബി.സെന്‍ കമ്മിറ്റി എന്നിവയും വിലപ്പെട്ട ഒട്ടേറെ നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചു. എന്നാല്‍ കേരളത്തിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യം മൂലം അവയൊന്നും പൂര്‍ണ്ണമായും പ്രയോഗതലത്തിൽ കൊണ്ടുവരാന്‍ സാധിച്ചില്ല. സിവില്‍സര്‍വീസിനെ ജനാധിപത്യവല്‍ക്കരിക്കാൻ താല്‍പര്യമില്ലാത്ത പാര്‍ട്ടികളും മുന്നണികളും അഞ്ചുവര്‍ഷം ഇടവിട്ട്‌ അധികാരത്തില്‍ എത്തുന്നതാണ്‌ ഭരണപരിഷ്‌ക്കാര നടപടികള്‍ക്ക്‌ പിന്നിലെ മുഖ്യതടസ്സം.
കാലഹരണപ്പെട്ട മേല്‍തട്ട്‌-കീഴ്‌തട്ട്‌ സംവിധാനങ്ങൾ, അതിസങ്കീര്‍ണ്ണമായ ശ്രേണീബന്ധങ്ങള്‍, സുതാര്യമല്ലാത്ത നടപടിക്രമങ്ങൾ, കാലോചിതമായി പരിഷ്‌കരിക്കപ്പെടാത്ത ചട്ടങ്ങളും നിയമങ്ങളും, എന്നിവ കേരളത്തിലെ സിവില്‍സര്‍വീസിനെ ജനവിരുദ്ധമാക്കിയിരിക്കുകയാണ്‌. ഇവയുടെ മറപറ്റിയാണ്‌ അഴിമതിയും സ്വജനപക്ഷപാതവും തഴച്ചുവളരുന്നത്‌. കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില്‍സര്‍വീസെന്ന സങ്കല്‍പ്പം സ്വന്തം ഭരണഘടനയിൽ തന്നെ ഉള്‍ക്കൊള്ളിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ കേരള എന്‍ജിഒ യൂണിയന്‍. അവകാശ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതോടൊപ്പം സിവില്‍സര്‍വീസിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുന്നതിനുള്ള ഒട്ടേറെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും യൂണിയൻ നേതൃത്വം നല്‍കി. 1988 ല്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന രജത ജൂബിലി സമ്മേളനം അംഗീകരിച്ച ‘സിവില്‍സര്‍വീസ്‌ കാര്യക്ഷമമാക്കാനുള്ള പോരാട്ടത്തില്‍ അണിനിരക്കുക’ എന്ന പ്രമേയത്തിലെ താഴെപറയുന്ന ഭാഗം ഇന്നും എന്നും വളരെ പ്രസക്തമാണ്‌.
“ഇതോടൊപ്പം സംസ്ഥാന ജീവനക്കാരുടെ സംഘടിത പ്രസ്ഥാനവും സിവില്‍ സര്‍വീസ്‌ കാര്യക്ഷമവും പരമാവധി അഴിമതി വിമുക്തവുമാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കേണ്ടതുണ്ട്‌. സ്വന്തം മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അവകാശസമരങ്ങള്‍ എത്ര ശക്തമായി നടത്തുന്നുവോ, അത്രയും വീറും വാശിയും സ്വന്തം തൊഴില്‍പരമായ കടമകൾ നിര്‍വ്വഹിക്കുന്നതിലും ജീവനക്കാർ കാണിക്കേണ്ടതുണ്ട്‌. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സര്‍ക്കാർ സ്ഥാപനങ്ങളില്‍ ഇന്ന്‌ കാണുന്ന ചെറിയ അലംഭാവങ്ങൾ പോലും നമ്മുടെ പ്രസ്ഥാനത്തെ ജനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനിടയാക്കുന്നു. വര്‍ഗബോധമുള്ള ട്രേഡ്‌ യൂണിയനുകൾ സ്വന്തം തൊഴില്‍പരമായ ബാധ്യതകളും കടമകളും, അങ്ങേയറ്റം കാര്യക്ഷമതയും, മേന്മയും ഉയര്‍ത്തിപ്പിടിക്കാൻ കടപ്പെട്ടവരാണ്‌. ഭരണാധികാരവര്‍ഗം ഉയര്‍ത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടാന്‍ ബഹുജനങ്ങളുടെ പൂര്‍ണ്ണ സഹായമുണ്ടെങ്കിലേ കഴിയൂ. ജനങ്ങളും ജീവനക്കാരുമായുള്ള ബന്ധം കൂടുതല്‍ ക്രിയാത്മകമാക്കി ഓരോ സര്‍ക്കാർ സ്ഥാപനത്തിലും, സ്വന്തം തൊഴില്‍പരമായ കടമകൾ കൃത്യമായും കാര്യക്ഷമമായും, സത്യസന്ധമായും നിര്‍വഹിച്ച്‌ സിവില്‍സര്‍വീസിലെ അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം തുടങ്ങിയ സമൂഹവിരുദ്ധ പ്രവണതകളെ ചെറുത്തുനില്‍ക്കുമെന്ന്‌ ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. അതിനുവേണ്ടി രംഗത്തിറങ്ങണമെന്ന്‌ കേരളത്തിലെ എല്ലാ ജീവനക്കാരോടും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു”
മേല്‍ പ്രമേയത്തിന്റെ വെളിച്ചത്തിൽ പഠനക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ച്‌ നിരവധി മാതൃകാ ഓഫീസുകൾ തെരഞ്ഞെടുത്തും, ജില്ലാതലങ്ങളില്‍ സര്‍വീസ്‌ സെന്ററുകൾ ആരംഭിച്ചും, വിവരാവകാശ രേഖ പ്രസിദ്ധീകരിച്ചും മറ്റും സിവില്‍സര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ യൂണിയൻ സ്വീകരിക്കുകയുണ്ടായി. എം.ജി.പി.യുടെ മറവില്‍ സിവില്‍സര്‍വീസിനെ തകര്‍ക്കാൻ നടത്തിയ ശ്രമങ്ങളെയും ശക്തമായ കാമ്പയിനിംഗിലൂടെ യൂണിയന്‍ നേരിട്ടു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാർ നടപ്പിലാക്കിയ പൗരാവകാശരേഖ സോഷ്യല്‍ ഓഡിറ്റിംഗ്‌, ഇ.ഗവേര്‍ണന്‍സ്‌ തുടങ്ങിയ പരിഷ്‌ക്കരണ നടപടികള്‍ മെച്ചപ്പെട്ട തുടക്കമായിരുന്നു. എന്നാല്‍ യു.ഡി.എഫ്‌ ഭരണകാലത്ത്‌ നടത്തിക്കൊണ്ടിരിക്കുന്ന തത്ത്വദീക്ഷയില്ലാത്ത സ്ഥലംമാറ്റങ്ങളും സര്‍ക്കാരിന്റെ നിഷേധാത്മകനിലപാടുകളും കാരണം യൂണിയന്‍ ആരംഭിച്ച പല നടപടികളും ഉദ്ദേശിച്ച രൂപത്തില്‍ മുന്നോട്ട്‌ കൊണ്ടുപോകാനായില്ല. സേവനാവകാശനിയമം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ ആത്മാര്‍ത്ഥമായ സമീപനം ഇനിയും ഉണ്ടാകേണ്ടതുണ്ട്‌.
നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം (defined Benefit) എന്ന തത്വം അട്ടിമറിക്കാനും ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും, സിവില്‍സര്‍വീസിനെ ദുര്‍ബലമാക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ്‌ കേന്ദ്ര-കേരള ഗവണ്‍മെന്റുകൾ തീവ്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. പങ്കാളിത്ത പെന്‍ഷൻ അടിച്ചേല്‍പ്പിക്കുന്നതിലൂടെ പെന്‍ഷൻ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനമാണ്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഈ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പും പോരാട്ടവും മുന്നോട്ട്‌ കൊണ്ടുപോകണമെങ്കില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപിന്തുണ കൂടിയേ പറ്റൂ. യൂണിയന്‍ രൂപം കൊണ്ടതിനുശേഷം ഇന്നേവരെ നടത്തിയ സമരങ്ങളുടെ അനുഭവങ്ങള്‍ പ്രത്യേകിച്ച്‌ 1973 ലെയും 2002 ലെയും 2013 ലെയും പണിമുടക്കിന്റെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക്‌ പിന്തുണ ലഭ്യമാക്കുന്നതിനും പ്രധാനമായും രണ്ടു കാര്യങ്ങളിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. കര്‍ഷകർ, കര്‍ഷക തൊഴിലാളികൾ, വ്യവസായ തൊഴിലാളികള്‍, ആദിവാസികൾ, മഹിളകൾ, വിദ്യാര്‍ത്ഥി യുവജനങ്ങൾ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ നടത്തുന്ന അവകാശസമരങ്ങളെ സഹായിക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. മറ്റു ജനവിഭാഗങ്ങളുടെ ന്യായമായ സമരങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ നമ്മുടെ പ്രവര്‍ത്തകരിൽ ഒരു ചെറിയ വിഭാഗം വേണ്ടത്ര താല്‍പര്യം കാണിക്കാറില്ല. സഹായങ്ങള്‍ പലപ്പോഴും ഒരു ഐക്യദാര്‍ഢ്യപ്രകടനത്തിൽ ഒതുങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ട്‌. ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മയും രാഷ്‌ട്രീയബോധത്തിന്റെ അഭാവവുമാണ്‌ ഇവിടെ പ്രകടമാവുന്നത്‌. ഓരോ ജനകീയ സമരത്തെക്കുറിച്ചും യൂണിയന്‍ കമ്മിറ്റികള്‍ ആഴത്തിൽ ചര്‍ച്ച ചെയ്‌ത്‌ സ്വീകരിക്കുന്ന ശരിയായ നിലപാട്‌ മുഴുവന്‍ അംഗങ്ങളെയും ബോധ്യപ്പെടുത്തി സമരങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളും ജീവനക്കാരും തമ്മില്‍ സുദൃഢമായ മാനസിക ഐക്യം വളര്‍ത്തിയെടുക്കാൻ പരിശ്രമിക്കേണ്ടതുണ്ട്‌.
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത ഉറപ്പുവരുത്തലാണ്‌ രണ്ടാമത്തെ കാര്യം. സിവില്‍സര്‍വീസിന്റെ കെടുകാര്യസ്ഥതയ്‌ക്ക്‌ നിദാനമായ ഒട്ടേറെ അടിസ്ഥാന ഘടകങ്ങള്‍ പരിഹരിക്കുന്നതുവരെ തങ്ങള്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ല എന്ന നിലപാട്‌ യൂണിയൻ കമ്മിറ്റികളും പ്രവര്‍ത്തകരും സ്വീകരിച്ചുകൂട. താഴെപറയുന്ന കാര്യങ്ങളില്‍ യൂണിയൻ പ്രവര്‍ത്തകരുടെയും കമ്മിറ്റികളുടെയും അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്‌.
(എ)സ്വന്തം സ്ഥാപനത്തില്‍ നടക്കുന്ന അഴിമതി ശ്രദ്ധയിൽ പെട്ടാൽ പോലും ഇടപെടില്ലെന്ന നിലപാട്‌ തിരുത്തണം. അഴിമതി നടത്തുന്ന ജീവനക്കാരെ തെറ്റുകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ഇത്തരം ദൗര്‍ബല്യങ്ങള്‍ക്കെതിരെ നിതാന്തജാഗ്രത പൂലര്‍ത്താനും പ്രതികരിക്കാനും കഴിയണം.
(ബി) കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സ്വായത്തമാക്കണം. ചട്ടങ്ങള്‍ അറിയില്ലെന്ന കാരണത്താൽ ഫയലുകൾ വെച്ച്‌ താമസിപ്പിക്കുന്ന സ്ഥിതി ഒരു കാരണവശാലും ഉണ്ടായിക്കൂടാ. സിവില്‍സര്‍വ്വീസിലെ വ്യത്യസ്‌ത ശ്രേണിയില്‍പ്പെട്ടവർ തങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം.
(സി) നിലവിലുള്ള ഏതെങ്കിലും ചട്ടമോ, നിയമമോ കാലഹരണപ്പെട്ടതും തിരുത്തേണ്ടതുമാണെന്ന്‌ ബോധ്യപ്പെട്ടാൽ അക്കാര്യം ചര്‍ച്ചചെയ്‌ത്‌ മേൽ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താൻ ഓരോ കമ്മിറ്റിയും ശ്രദ്ധിക്കണം. ഉപരികമ്മിറ്റികള്‍ ഇവ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
(ഡി) അനാവശ്യമായ നിയമ നൂലാമാലകളിലും സാങ്കേതികതയിലും കുരുക്കി ഗുണഭോക്താവിന്‌ ലഭിക്കേണ്ട ന്യായമായ സേവനം വൈകിപ്പിക്കുന്ന പ്രവണത ഒഴിവാക്കണം.
(ഇ) സംഘടനാ പ്രവര്‍ത്തനം സ്വന്തം ഔദ്യോഗിക ജോലി ചെയ്യാതിരിക്കുന്നതിനുള്ള മറയായിക്കൂടാ. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഷ്‌ടപ്പെടുന്ന സമയം ഒഴിവ്‌ ദിവസങ്ങളിലും മറ്റും ജോലിചെയ്‌ത്‌ നികത്താന്‍ ശ്രമിക്കണം.
(എഫ്‌) വിവിധ സേവനങ്ങള്‍ക്കായി സമീപിക്കുന്ന ബഹുജനങ്ങളോട്‌ മാന്യമായി പെരുമാറണം. ഇക്കാര്യത്തില്‍ യൂണിയൻ പ്രവര്‍ത്തകർ മാതൃകയാവണം. മറ്റ്‌ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ ലഭിക്കേണ്ട സേവനമാണെങ്കിൽ ആവശ്യമായ പരമാവധി സഹായങ്ങള്‍ ചെയ്‌തുകൊടുക്കണം.
(ജി) യൂണിയന്‍ ഓഫീസുകൾ സര്‍വീസ്‌ സെന്ററുകൾ കൂടിയായി പ്രവര്‍ത്തിക്കണം. ആവശ്യമായ സംവിധാനങ്ങള്‍ യൂണിയൻ ഓഫീസുകളിൽ ഏര്‍പ്പെടുത്തണം.
(എച്ച്‌) യൂണിയന്‍ പ്രവര്‍ത്തകരെ സര്‍വീസ്‌ ചട്ടങ്ങളും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കാന്‍ ഏരിയാ – ജില്ലാകമ്മിറ്റികള്‍ നടപടിസ്വീകരിക്കണം.
നവലിബറല്‍ സാമ്പത്തികനയങ്ങൾ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേമപ്രവര്‍ത്തനങ്ങളിൽ നിന്നും സര്‍ക്കാർ പിന്മാറുകയാണ്‌. ഇതിന്റെ ഭാഗമായി സിവില്‍സര്‍വീസിന്റെ വലിപ്പം കുറയുകയാണ്‌. ദിവസക്കൂലി, താല്‍ക്കാലിക വിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം.
സിവില്‍സര്‍വ്വീസിനെ ദുര്‍ബലപ്പെടുത്തുന്ന മൂലധനശക്തികളുടെ നയങ്ങളെ ചെറുത്ത്‌ പരാജയപ്പെടുത്തുക, സാമൂഹ്യസുരക്ഷാപദ്ധതിയായ നിർവചിക്കപ്പെട്ട പെന്‍ഷനും മറ്റു സേവനവ്യവസ്ഥകളും സംരക്ഷിക്കുക, സിവില്‍സര്‍വ്വീസിന്റെ ജനാധിപത്യ പ്രക്രിയ ത്വരിതപ്പെടുത്തുക എന്നിവ സുവര്‍ണ്ണ ജൂബിലി പിന്നിടുന്ന ഘട്ടത്തിലെ അടിയന്തിര പ്രാധാന്യമുള്ള ലക്ഷ്യമായി യൂണിയന്‍ കാണുന്നു. സര്‍വ്വീസ്‌ രംഗത്ത്‌ ഒരൊറ്റ സംഘടനയെന്ന ലക്ഷ്യപ്രാപ്‌തിയിലേക്കുള്ള പ്രയാണം അവിരാമം തുടരണം.