സ്വാതന്ത്ര്യദിനാചാരണം
ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു.
തീക്ഷ്ണവും ദീർഘവുമായ സമര പോരാട്ടങ്ങളിലൂടെയാണ് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് കമ്പനി രാജിന് നാം അറുതി വരുത്തിയത്.
മതവും ജാതീയതയും ഉൾപ്പെടെ വർഗീയതയുടെ എല്ലാ ആയുധങ്ങളേയും ചെറുത്തു കൊണ്ടാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നാം തോല്പിച്ച് ഓടിച്ചത്.
ഇന്ത്യൻ ദേശീയത എന്നത് വ്യത്യസ്തമായ ധാരകളുടെ സമ്മേളനമായിരുന്നു.
തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ നാനാ ശ്രേണിയിലുള്ളവരുടെ ഏകലക്ഷ്യത്തോടെയുള്ള പോരാട്ടങ്ങളുടെ ഉല്പന്നമായിരുന്നു ദേശീയ സ്വാതന്ത്ര്യം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്തുയർന്നുവന്ന രാഷ്ട്രീയ മാറ്റങ്ങൾ നമ്മുടെ സ്വാതന്ത്ര്യ ലബ്ദിയുടെ രാസത്വരകങ്ങളായി മാറി.
എന്നാൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നാം ചെറുത്തു തോല്‌പിച്ച വിപത്തുകൾക്ക് പിന്തുണയേറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിനാണ് ഇന്ന് ഇന്ത്യാ രാജ്യം സാക്ഷ്യം വഹിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തിയവരുടെ പിൻമുറക്കാർ ഇന്ന് അധികാര സ്ഥാനങ്ങളിൽ ആഴ്ന്ന് അമരുകയാണ്.
മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റേയും സ്ഥാനത്ത് വർഗീയതയുടേയും തീവ്ര ദേശീയതയുടേയും പ്രത്യയ ശാസ്ത്രങ്ങൾക്ക് മേൽക്കൈ ലഭിക്കുന്നു.
കമ്പനി രാജിനെ തോല്പിച്ച് നാം നേടിയ സ്വാതന്ത്ര്യം കോർപ്പറേറ്റ് കുത്തക കമ്പനികൾക്കായി വീതിച്ചു നൽകുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ നാടിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തകകൾക്കായി കൈയ്യൊഴിയുന്നു.
തൊഴിലാളികൾ കൂലി അടിമകളായി മാറ്റപ്പെടുന്നു.
പട്ടിണക്കാരന്റെയും തൊഴിൽരഹിതന്റെയും എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്നു.
ആരുടെ ഇന്ത്യ എന്ന ചോദ്യം ഉച്ചത്തിൽ ഉയരുന്നു..
ഇത് ഒരു തിരിച്ചറിവിന്റെ കാലമാണ്.
പോരാടി നേടിയ സ്വാതന്ത്ര്യം അതിന്റെ പൂർണ്ണാർത്ഥത്തിൽ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രസക്തി ഉച്ചത്തിൽ ഉയർത്തേണ്ടതിന്റെ കാലം..
രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സാഹോദര്യവും എല്ലാം കണ്ണിലെ കൃഷ്ണമണി പോലെ എന്നെന്നും കാത്തുസൂക്ഷിക്കും എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ട കാലം..എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ…സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ലാ കമ്മിറ്റി ഓഫീസുകളിലും ദേശീയ പതാക ഉയർത്തി… സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് എം വി ശശിധരൻ പതാക ഉയർത്തി ജനറൽ സെക്രട്ടറി എം എ അജിത്കുമാർ പങ്കെടുത്തു….