Kerala NGO Union

പരിയാരം: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 15 ആംബുലൻസുകളിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആംബുലൻസ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്  മെഡിക്കൽ കോളേജ് ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ കൈമാറി.
കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പത്മനാഭൻ ,  ഒ വി നാരായണൻ, പി പി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും മെഡിക്കൽ കോളേജ് ഏരിയ സെക്രട്ടറി പി ആർ ജിജേഷ് നന്ദിയും പറഞ്ഞു.
‘നവകേരളം ജനപക്ഷ സിവിൽ സർവ്വീസ്’  എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സമൂഹത്തിന് ഗുണപ്രദമാകുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് യൂണിയൻ ഏറ്റെടുത്തത്.
വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ
അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 വീടുകൾ നിർമ്മിച്ചു നൽകുകയും തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി  എത്തുന്നവർക്ക് സൗകര്യമൊരുക്കാനായി ‘തണൽ’ എന്ന പേരിൽ ഷോർട്ട് സ്റ്റേ ആൻന്റ് ഹെൽപ് ഡെസ്ക് സെന്റർ ആരംഭിക്കുകയും ചെയ്തു.
ഒഴിവു ദിവസങ്ങളിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 2000 ജീവനക്കാരുടെ സന്നദ്ധസേന രൂപീകരിക്കുകയും ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ രക്തദാന അവയവദാന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയുമാണ്.
ഇതോടൊപ്പമാണ് 15 ആംബുലൻസുകൾ നൽകാനും തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *