Kerala NGO Union

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.*
കേന്ദ്രസർക്കാർ നടപിലാക്കി വരുന്ന ജനദ്രോഹ തൊഴിലാളിദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എഫ്.എസ്. ഇ. ടി.ഒ യുടെ നേതൃത്വത്തിൽ സംസ്‌ഥാന ജീവനക്കാരും അധ്യാപകരും സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ പിൻവലിക്കുക,ആണവമേഖല സ്വകാര്യവൽക്കരിക്കുന്ന ബിൽ പിൻവലിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക,
ഇൻഷുറൻസ് വിദേശവൽക്കരണ ബിൽ പിൻവലിക്കുക, പെൻഷൻ ഇല്ലാതാക്കുന്ന വാലിഡേഷൻ ഓഫ് സെൻട്രൽ സിവിൽ സർവ്വീസസ് പെൻഷൻ റൂൾസ് (2025) പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് ജി.പി.ഒ ക്ക് മുന്നിൽ നടന്ന ധർണ്ണാ സമരം എഫ്.എസ്.ഇ. ടി.ഒ ജനറൽ സെക്രട്ടറി എം.വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ എം.ഷാജഹാൻ, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എസ്.സതികുമാർ, കെ.യു.ഇ.യു ജനറൽ സെക്രട്ടറി സജിത് ഖാൻ, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. ആർ മോഹന ചന്ദ്രൻ,
കെ.എസ്.ഇ.എ സംസ്ഥാന സെക്രട്ടറി കല്ലുവിള അജിത്, കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ് ഹമീദ്, എന്നിവർ പങ്കെടുത്തു.
രാജ്യത്തെ തൊഴിലാളികളെ കൂലി അടിമകളാക്കുന്ന തൊഴിൽ നിയമ ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുകയാണ്.ഫിക്‌സഡ് ടേം എംപ്ലോയ്മെന്റ് പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളുടെ കൂലി, ജോലിസമയം, അവകാശാനുകൂല്യങ്ങൾ, ട്രേഡ് യൂണിയൻ രൂപീകരിക്കൽ തുടങ്ങിയവയെല്ലാം മുതലാളിമാർക്ക് വിട്ടുനൽകിയിരിക്കുന്നു. അവകാശങ്ങൾ ചോദിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നതാണ് ലേബർ കോഡുകൾ. 12 മണിക്കൂർവരെ ജോലിസമയം നീട്ടാനും കൂലിയും ബോണസും ഇഎസ് ഐ, ഇ പി എഫ്, ആനുകൂല്യങ്ങളും നിഷേധിക്കാൻ അവസരമൊരുക്കുന്നു. പണിമുടക്കവകാശം ഇല്ലാതാക്കുന്നതിനൊപ്പം തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതുമാണ് ലേബർ കോഡുകൾ.
ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് ഇടതുപക്ഷ പാർട്ടികളുടെ സമ്മർദ്ദത്താൽ രൂപപ്പെട്ട ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനഘടന തന്നെ അട്ടിമറിക്കുന്നതാണ് പുതിയ ബിൽ. പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാന സർക്കാരുകളിൽ അടിച്ചേൽപ്പിക്കുന്നതിനും, ആവശ്യാനുസരണം ഫണ്ട് അനുവദിക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രത്ത നിയമപരമായി ഒഴിവാക്കുന്നതുമാണ് ബില്ലിലെ പ്രധാന വ്യവസ്‌ഥ. പദ്ധതി പ്രകാരം തൊഴിൽ നൽകാനായില്ലെങ്കിൽ നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത സംസ്‌ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും, കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന മേഖലകളിൽ പദ്ധതി നടപ്പിലാക്കിയാൽ മതി എന്ന വ്യവസ‌ഥയും അപകടകരമാണ്. ഗ്രാമീണ ജനതയുടെ മുഖ്യ ജീവിതോപാധികളിൽ ഒന്നായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റി.
ആണവോർജ്ജ മേഖലയെ വിദേശ ആഭ്യന്തര കുത്തകകൾക്ക് തീറെഴുതുന്ന സസ്‌റ്റെയ് നബിൾ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് (ശാന്തി) ബില്ലിലൂടെ ആണവ മേഖലയെ സ്വകാര്യവൽക്കരിച്ചും ആണവ ബാധ്യതാ നിയമത്തിൽ വെള്ളം ചേർത്തും, ആണവ നിയമങ്ങൾ അമേരിക്കയുടെ നിർദ്ദേശാനുസരണം ഭേദഗതി വരുത്തിയിരിക്കുകയുമാണ് കേന്ദ്ര സർക്കാർ.
മോദി സർക്കാർ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ വികസിത് ഭാരത് ശിക്ഷ അധിഷ്‌ഠാൻ എന്ന് രൂപമാറ്റം വരുത്തി അവതരിപ്പിക്കുകയാണ്. പുതിയ നിയമപ്രകാരം ധനസഹായം അനുവദിക്കാനുള്ള അധികാരം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിമാക്കിയിരിക്കുന്നു. വൻകിട കുത്തകകളെ സഹായിക്കാനും കേരളം പോലുള്ള പ്രതിപക്ഷ സംസ്‌ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിക്ക് കൊണ്ടുവരുന്നതിനും കേന്ദ്ര സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നു.
കാര്യക്ഷമതയും പ്രവർത്തന മികവും രാഷ്ട്ര നന്മയും ജനക്ഷേമവും ഒത്തിണങ്ങിയ ഇൻഷുറൻസ് വ്യവസായത്തിൽ നൂറു ശതമാനം വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാനുള്ള നിയമം ജനവിരുദ്ധവും രാഷ്ട്ര താല്പ‌ര്യത്തിനെതിരുമാണ്. സമൃദ്ധമായ ഇന്ത്യൻ കമ്പോളത്തെ കുത്തകകൾക്കായി സമർപ്പിക്കുക എന്നതാണ് ഏകലക്ഷ്യം.
പെൻഷൻ എന്ന അവകാശത്തെ ഇല്ലാതാക്കി സർക്കാരിൻ്റെ ഔദ്യാര്യമാക്കുന്ന നിയമമാണ് വാലി ഡേഷൻ ഓഫ് സെൻട്രൽ സിവിൽ സർവ്വീസസ് പെൻഷൻ റൂൾസ്. ഭാവിയിൽ പെൻഷൻ തന്നെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്.
ഇത്തരം നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭം സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *