Kerala NGO Union

ജനകീയാസൂത്രണം എൻ.ജി.ഒ. യൂണിയൻ രജത ജൂബിലി സ്മാരകം ഉദ്ഘാടനം ചെയ്തു

1996 ൽ ആരംഭിച്ച മഹത്തായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ആശ്രാമത്ത് ട്രഷറി കോംപ്ലക്‌സിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ.ജി.ഒ. യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ. വരദരാജൻ നിർവ്വഹിച്ചു.

നാടിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണ പ്രസ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും നടപ്പിലാക്കിയതിലൂടെ തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ ജനകീയ സ്ഥാപനങ്ങളായി മാറി. അധികാര ശൃംഖലയുടെ മുകൾ തട്ടിൽ കേന്ദ്രീകരിച്ചിരുന്ന അധികാരവും സമ്പത്തും വികേന്ദ്രീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലേക്ക് നൽകിയതും ജനകീയാസൂത്രണം നടപ്പിലാക്കിയതും വഴി പ്രാദേശിക വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ പൊതുജനങ്ങൾക്ക് അവസരം കൈവന്നു. യു.ഡി.എഫ്. സർക്കാരുകൾ അധികാരത്തിലെത്തിയ അവസരങ്ങളിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പിറകോട്ട് പോയിട്ടുണ്ടെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ കൂടുതൽ കരുത്തോടെ കേരളത്തിന്റെ സ്വന്തം പ്രസ്ഥാനത്തെ  ജനകീയവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അത്തരം നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലത്തിനുള്ളിൽ കേരളത്തിലെ സമസ്ത മേഖലകളിലും ഉണ്ടായ പുരോഗതിയിൽ ജനകീയാസൂത്രണ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ജനകീയാസൂത്രണ പ്രസ്ഥാനം രജത ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്മാരകങ്ങൾ നിർമ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരകം നിർമ്മിച്ചത്.

യോഗത്തിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ലാ ട്രഷറി ഓഫീസർ വി. ലത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജില്ലാ ട്രഷറർ ബി. സുജിത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *