Kerala NGO Union

ജനപക്ഷ ബജറ്റ്‌ നിര്‍ദ്ദേശങ്ങളെ പിന്‍തുണക്കുക, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍സര്‍വീസ്‌ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്‌ ജില്ലാ-താലൂക്ക്‌ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും ഇന്ന്‌ ഉച്ചവരെ എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണനടക്കും.
സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ടുള്ള ബജറ്റാണ്‌ മാര്‍ച്ച്‌ 3 ന്‌ ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്‌. കേരള സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ജനപ്രിയ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ല എന്നത്‌ ഏറെ ശ്ലാഘനീയമാണ്‌. ജനങ്ങള്‍ക്ക്‌ നല്‍കുന്ന സേവനങ്ങള്‍ സര്‍ക്കാരിന്റെ ചുമതലയായി കണ്ട്‌ ഇവ വിപുലീകരിക്കാനുള്ള നിരവധി നിദ്ദേശങ്ങള്‍ ബജറ്റ്‌ മുന്നോട്ട്‌ വെക്കുന്നു. ജനങ്ങള്‍ക്ക്‌ നല്‍കുന്ന സേവനങ്ങള്‍ ഫലപ്രദമാക്കുന്നതിനായി അധിക തസ്‌തികകള്‍ അനുവദിച്ച്‌ സിവില്‍ സര്‍വ്വീസിനെ ശക്തിപ്പെടുത്താനുള്ള ബജറ്റ്‌ തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്‌. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനുതകുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ അടിയന്തിരമായി പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്‌. സേവനമേഖല കാര്യക്ഷമമാക്കാനും ജനോന്മുഖമാക്കാനുമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്ത്‌ പകരേണ്ടതുണ്ട്‌.
സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം മുന്‍നിര്‍ത്തി വ്യാഴാഴ്‌ച രാവിലെ 11 മണിമുതല്‍ 1 മണിവരെ നടക്കുന്ന ധര്‍ണ്ണയില്‍ മുഴുവന്‍ ജീവനക്കാരും പങ്കാളികളാവണമെന്ന്‌ യൂണിയന്‍ ജനറല്‍സെക്രട്ടറി ടി.സി.മാത്തുക്കുട്ടി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *