Kerala NGO Union

തപാൽ പണിമുടക്കിന് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം

മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എൻ.ആർ. സുബ്രഹ്മണ്യം ചെയർമാനായ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം തപാൽ വകുപ്പിനെ 5 കമ്പനികൾ ആക്കി മാറ്റി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തപാൽ മേഖലയിലെ സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ ആക്കി മാറ്റാനുമാണ് ശുപാർശ ചെയ്‌തിട്ടുള്ളത്. തപാൽ ബാങ്കിങ്, ഇൻഷുറൻസ്, പാർസൽ ആൻഡ് പാക്കറ്റ്, സർക്കാർ സേവന വിതരണം, സ്വകാര്യ സംരംഭകരുടെ സേവന വിതരണം എന്നിവയാണ് കമ്പനിയാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. തപാൽ വകുപ്പിന്റെ പ്രധാന വരുമാന സ്രോതസ്സും 10 ലക്ഷം കോടി രൂപ മിച്ചനിക്ഷേപവുമുള്ള പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് കമ്പനിയാക്കപ്പെടുകയും അതുവഴി സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്താൽ തപാൽ മേഖലയുടെ നട്ടെല്ല് ഒടിയും.   4 ലക്ഷം കോടി രൂപ മിച്ച നിക്ഷേപമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന പാഴ്സൽ സർവീസ് എന്നിവ കൂടി കമ്പനികളാക്കി കൈമാറ്റം ചെയ്യപ്പെടുന്നതോടെ കേന്ദ്രസർക്കാരിന്റെ ഒരു വകുപ്പ് തന്നെ പൂർണ്ണമായും ഇല്ലാതാകും.

കൊല്ലത്ത് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി കെ. അനന്തകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. രാജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.