Kerala NGO Union

ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത്

രണ്ടരപതിറ്റാണ്ടിലേറെയായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായി രാജ്യത്ത് നടന്ന 18-ാമത് ദേശീയ പ്രക്ഷോഭമാണ് 2019 ജനുവരി 8, 9 തീയതികളിലെ ദ്വിദിന ദേശീയപണിമുടക്ക്. മുൻപുനടന്ന പ്രക്ഷോഭങ്ങളിലെന്നപോലെ ദ്വിദിന ദേശീയപണിമുടക്കിലും സംസ്ഥാന സിവിൽസർവ്വീസ് ജീവനക്കാരും അദ്ധ്യാപകരും ഒന്നടങ്കം പങ്കെടുക്കുകയുണ്ടായി. 1991 ൽ ആഗോളവൽക്കരണനയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയ ഘട്ടം മുതൽ ഐ.എം.എഫ്, വേൾഡ് ബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായി സിവിൽസർവ്വീസ് മേഖലയിലും നവഉദാരവൽക്കരണനയങ്ങൾ കേന്ദ്രഭരണാധികാരികളും വിവിധ സംസ്ഥാന സർക്കാരുകളും നടപ്പിലാക്കിത്തുടങ്ങിയിരുന്നു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സിവിൽസർവ്വീസിനെ കൃശവൽക്കരിക്കുവാനും സേവനമേഖല സ്വകാര്യമൂലധനത്തിന് വിട്ടുകൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നുവന്നത്. ആ ഘട്ടം മുതൽ തന്നെ കേരളത്തിൽ സിവിൽസർവ്വീസിനേയും ഇതര തൊഴിൽമേഖലകളേയും തകർക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സിവിൽസർവ്വീസ് ജീവനക്കാരും അദ്ധ്യാപകരും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലരവർഷത്തിലേറെയായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പാക്കിവരികയാണ്. രാജ്യത്തിന്റെ മതനിരപേക്ഷവും ജനാധിപത്യപരവുമായ ഘടനയെ അട്ടിമറിച്ച് മതരാഷ്ട്രസ്ഥാപനം ലക്ഷ്യമാക്കിയുള്ള അപകടകരമായ വർഗ്ഗീയവൽക്കരണ പ്രവർത്തനങ്ങളും സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരികയാണ്. കോർപ്പറേറ്റ് പ്രീണനനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പത്താകെ മൂലധനശക്തികൾക്ക് കൊള്ളയടിക്കാൻ ഉതകുന്ന നയങ്ങളും നിലപാടുകളുമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 17 പണിമുടക്കുകളിലൂടെ തൊഴിലാളികളും കർഷകരും ജീവനക്കാരുമാകെ മുമ്പോട്ടുവച്ച ആവശ്യങ്ങളെയാകെ നിരാകരിക്കുകയാണെന്ന് മാത്രമല്ല കൂടുതൽ തൊഴിലാളിവിരുദ്ധമായ നടപടികൾ സ്വീകരിക്കുകയുമാണ് മോദി സർക്കാർ ചെയ്തത്. തൊഴിലാളികളുടെ അവകാശങ്ങളെ അട്ടിമറിക്കുന്നതിന്റെ ഭാഗമായി നിലവിൽ തൊഴിലാളി താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനുതകുന്ന തൊഴിൽ നിയമങ്ങളെയെല്ലാം തൊഴിലുടമകൾക്കനുകൂലമായി ഭേദഗതി ചെയ്യുവാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. നിലവിലുള്ള 44 തൊഴിൽ നിയമങ്ങളെ ഭേദഗതി ചെയ്ത് 4 ലേബർ കോഡുകളാക്കി മാറ്റുവാനുള്ള പരിശ്രമങ്ങളും നടന്നുവരികയാണ്. 1946 ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് (Standing Orders) ആക്ട് ഭേദഗതി ചെയ്ത് ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് നടപ്പിലാക്കി. അപ്രന്റീസ് ആക്ടിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. അതിശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിൽ വരുത്തിയ 1926 ലെ ട്രേഡ് യൂണിയൻ നിയമം അട്ടിമറിക്കുന്നതിനുമുള്ള പരിശ്രമത്തിലുമാണ് കേന്ദ്രസർക്കാർ. പ്രതിമാസ മിനിമം വേതനം വിലസൂചികയുമായി ബന്ധപ്പെടുത്തി 18000 രൂപയാക്കി മാറ്റണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിലെടുക്കുന്നവർക്കെല്ലാം പ്രതിമാസം 3000/- രൂപ പെൻഷൻ നൽകണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുവാൻ കേന്ദ്രസർക്കാർ സന്നദ്ധമാകുന്നില്ല. ഇത്തരം വികലനയങ്ങൾ മൂലം ഉണ്ടാകുന്ന വിലവർദ്ധനവിനെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൊതുവിപണിയിൽ ഇടപെടുന്നതിനും പൊതുവിതരണരംഗം സാർവ്വത്രികമാക്കി ശാക്തീകരിക്കുന്നതിനും പരിപാടികളില്ല. അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡോയിൽ വിലയിടിവിനെ രാജ്യതാൽപര്യങ്ങൾക്കനുസൃതമായി ഉപയോഗപ്പെടുത്തി ഇന്ധനവില നിയന്ത്രിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ, തുടർച്ചയായി ഇന്ധന നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെ കൈയൊഴിയുന്ന തന്ത്രപ്രധാന വിൽപന അവസാനിപ്പിക്കണമെന്ന ആവശ്യത്തോടും കേന്ദ്രസർക്കാർ നിഷേധാത്മകസമീപനം സ്വീകരിക്കുന്നു. പ്രതിരോധമേഖലയും റെയിൽവേയും ഇൻഷ്വറൻസും ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യക്ഷ-വിദേശ നിക്ഷേപനീക്കം ഉപേക്ഷിക്കാനും കേന്ദ്ര സർക്കാർ സന്നദ്ധമല്ല. സിവിൽസർവ്വീസ് മേഖലയിലാകട്ടെ ലക്ഷക്കണക്കിന് തസ്തികകൾ കേന്ദ്രസർക്കാരും ഇതര വലതുപക്ഷ സംസ്ഥാന സർക്കാരുകളും ഒഴിച്ചിട്ടിരിക്കുകയാണ്. സ്ഥിരനിയമനങ്ങളവസാനിപ്പിച്ച് കരാർ-കാഷ്വൽ നിയമനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സിവിൽസർവ്വീസിൽ ഐ.എ.എസ്. ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന കേന്ദ്ര സെക്രട്ടറിയേറ്റിലെ തസ്തികകളടക്കം കരാർ നിയമനത്തിനായി വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര സെക്രട്ടറിയേറ്റിലെ 10 പ്രധാന മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് കരാർ നിയമനത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പുവരുത്തുന്ന പെൻഷൻപദ്ധതി അട്ടിമറിച്ച് 1.1.2004 മുതൽ കേന്ദ്ര സിവിൽസർവ്വീസിൽ പങ്കാളിത്ത പെൻഷൻപദ്ധതി നടപ്പിലാക്കിയത് എ.ബി. വായ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എൻ.ഡി.എ സർക്കാരാണ് നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഐ.എം.എഫിന്റെ നിർദ്ദേശാനുസരണമാണ് പുതിയ  പെൻഷൻപദ്ധതിക്ക് അന്നത്തെ ബിജെപി സർക്കാർ ബീജാവാപം ചെയ്തത്. തുടർന്ന് അധികാരത്തിൽ വന്ന ഒന്നാം യുപിഎ സർക്കാർ പങ്കാളിത്ത പെൻഷൻപദ്ധതിക്ക് നിയമപരമായ പ്രാബല്യം നൽകുന്നതിനായി പി.എഫ്.ആർ.ഡി.എ. ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കാനുള്ള ശ്രമം നടത്തി. ഒന്നാം യുപിഎ സർക്കാരിന് സോപാധിക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷ കക്ഷികളുടെ എതിർപ്പുകാരണം ബിൽ നിയമമാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഓർഡിനൻസിലൂടെ പങ്കാളിത്ത പെൻഷൻപദ്ധതിയെ നിയമപരമായി നിലനിർത്തുകയാണ് എൻ.ഡി.എ, യുപിഎ സർക്കാരുകൾ ചെയ്തത്. തുടർന്ന് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും മുഖ്യപ്രതിപക്ഷമായ ബിജെപിയും യോജിച്ച്

പി.എഫ്.ആർ.ഡി.എ. ബിൽ 2013 സെപ്റ്റംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കി. ഇക്കാലയളവിനുള്ളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിച്ചിരുന്ന കേരളം, ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ മാത്രമാണ് പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പിലാകാതിരുന്നത്. എന്നാൽ 2013 ആഗസ്റ്റ് 8ന് ഇറക്കിയ ഉത്തരവിലൂടെ കേരളത്തിൽ ഉമ്മൻചാണ്ടി നേതൃത്വം കൊടുത്ത യു.ഡി.എഫ്. സർക്കാർ പങ്കാളിത്ത പെൻഷൻപദ്ധതി നടപ്പിൽവരുത്തി. ഇതിനെതിരായി എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ 6 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്കം ഉൾപ്പെടെ അതിശക്തമായ പ്രക്ഷോഭമാണ് ജീവനക്കാരും അദ്ധ്യാപകരും നടത്തിയത്. ത്രിപുരയിലാകട്ടെ 2018 ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ പങ്കാളിത്ത പെൻഷൻപദ്ധതി നടപ്പിലാക്കി ഉത്തരവിറക്കുകയും ചെയ്തു. ഇപ്പോൾ രാജ്യത്ത് പശ്ചിമബംഗാളിൽ മാത്രമാണ് പങ്കാളിത്ത പെൻഷൻപദ്ധതി നടപ്പിലാക്കിയിട്ടില്ലാത്തത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നിലപാടുകളുടെ ഭാഗമായി യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻപദ്ധതി പുനഃപരിശോധിക്കുന്നതിന് റിട്ടയേർഡ് ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനായി കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നു. രാജ്യത്താദ്യമായി നവലിബറൽ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻപദ്ധതി പരിശോധിക്കാൻ തീരുമാനമെടുത്തത് എൽ.ഡി.എഫ് സർക്കാരാണ്. കേരള സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആന്ധ്രാപ്രദേശ് സർക്കാരും പുനഃപരിശോധനക്ക് കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഡൽഹി സംസ്ഥാന നിയമസഭ പങ്കാളിത്ത പെൻഷൻപദ്ധതി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് പ്രമേ

യം പാസ്സാക്കി. കേരളസർക്കാർ സ്വീകരിച്ച തൊഴിലാളി വർഗ്ഗാനുകൂലമായ നിലപാടിലൂടെ പങ്കാളിത്ത പെൻഷൻപദ്ധതിയെന്ന തൊഴിലാളിവിരുദ്ധ പദ്ധതിക്കെതിരായ പോരാട്ടങ്ങൾ രാജ്യവ്യാപകമായി ശക്തിപ്രാപിക്കുകയാണ്.

കേന്ദ്രസിവിൽസർവ്വീസിൽ നിന്ന് വിരമിച്ച പങ്കാളിത്ത പെൻഷൻപദ്ധതി ബാധകമായ ജീവനക്കാർക്ക് പ്രതിമാസം 700 രൂപ മുതൽ 1500 രൂപവരെയാണ് ആനുകൂല്യമായി കിട്ടുന്നത്. എന്നാൽ പഴയ സമ്പ്രദായപ്രകാരം മിനിമം പെൻഷനായി സിവിൽ സർവ്വീസ് ജീവനക്കാർക്ക് 9000 രൂപയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിക്കാധാരമായ പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കണമെന്നതും പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കണമെന്നതും ദ്വിദിന പണിമുടക്കിലൂടെ ജീവനക്കാരും അദ്ധ്യാപകരും മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.

സിവിൽസർവ്വീസിനെ അപ്പാടെ തകർത്തും യുവജനങ്ങളുടെ തൊഴിലവസരങ്ങൾ നിഷേധിച്ചും കരാർ കാഷ്വൽ നിയമനങ്ങൾ വ്യാപകമാക്കുകയാണ് കേന്ദ്രസർക്കാരും ഇതര വലതുപക്ഷ സർക്കാരുകളും ചെയ്തുകൊണ്ടിരിക്കുന്നത്. ആയതിനാൽ കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും സ്ഥിരനിയമനങ്ങൾ ഔദ്യോഗിക സർക്കാർ ഏജൻസികളിലൂടെ നടപ്പിലാക്കണമെന്നതും ദ്വിദിന പണിമുടക്കിലൂടെ ഉന്നയിക്കപ്പെട്ട മറ്റൊരാവശ്യമായിരുന്നു. ഇക്കാര്യങ്ങൾ ഉയർത്തിക്കൊണ്ട് ജനുവരി 8, 9 തീയതികളിൽ നടന്ന ദ്വിദിന പണിമുടക്ക് കേരളത്തിന്റെ സിവിൽസർവ്വീസ് മേഖലയിൽ അക്ഷരാർത്ഥത്തിൽ സമ്പൂർണ്ണമായി മാറി.

സേവനമേഖലയെ പരിപൂർണ്ണമായി മൂലധനശക്തികൾക്ക് അടിയറവയ്ക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അതിശക്തമായ പ്രതികരണമാണ് പണിമുടക്കിൽ പ്രകടമായത്. ജീവനക്കാരുടെ വാർദ്ധക്യകാല സുരക്ഷയെ അട്ടിമറിച്ച, പങ്കാളിത്ത പെൻഷൻപദ്ധതിക്കാധാരമായ പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് മാത്രമല്ല, പ്രസ്തുത പദ്ധതിയെ കൂടുതൽ ശാക്തീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പെൻഷൻ ഫണ്ടിലേക്കുള്ള കേന്ദ്രസർക്കാർ വിഹിതം പത്തിൽ നിന്ന് പതിനാല് ശതമാനമായി വർദ്ധിപ്പിക്കാൻ തീരുമാനമായിരിക്കുന്നു. ഭാവിയിൽ ഈ നിരക്കിലേക്ക് ജീവനക്കാരുടെ വിഹിതവും വർദ്ധിപ്പിക്കാനിടയുണ്ട്. ജീവനക്കാരെ സഹായിക്കാനാണെന്ന നാട്യത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന ഈ നീക്കം യഥാർത്ഥത്തിൽ പൊതുഖജനാവിൽ നിന്നും ഓഹരിക്കമ്പോളത്തിലേക്ക് പണം ഒഴുക്കുന്നത് വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള കോർപ്പറേറ്റ് പ്രീണന നടപടിയാണ്. ഇത്തരത്തിൽ തൊഴിലാളിവിരുദ്ധവും ജീവനക്കാർക്ക് വിരുദ്ധവുമായ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന ജനദ്രോഹനയങ്ങൾക്കെതിരായ താക്കീതായി സിവിൽസർവ്വീസ് വിദ്യാഭ്യാസമേഖലയിൽ ദ്വിദിന ദേശീയ പണിമുടക്ക് മാറി.

 

 

Leave a Reply

Your email address will not be published. Required fields are marked *