Kerala NGO Union

കേന്ദ്രസര്‍വീസില്‍ നിര്‍ബന്ധിത വിരമിക്കലും പിരിച്ചുവിടല്‍ നടപടികളും സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയായവരെയോ 50 വയസ്സുകഴിഞ്ഞവരെയോ ആണ് നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കുന്നത്. 50 വയസ്സ് പൂര്‍ത്തിയാക്കിയ ജീവനക്കാരെ ഓരോ മൂന്ന് മാസത്തിലും അവരുടെ പ്രവര്‍ത്തനമികവ് പരിശോധിച്ച് തൃപ്തികരമല്ലെങ്കില്‍ പിരിച്ചുവിടാനും നിര്‍ദ്ദേശിക്കുന്നു. മെറിറ്റിന്‍റെയും സംവരണത്തിന്‍റെയും അടിസ്ഥാനത്തില്‍ ഭരണഘടനാസ്ഥാപനങ്ങളായ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷകളിലൂടെ മികവ് തെളിയിച്ച് സര്‍വ്വീസില്‍ പ്രവേശിക്കാനും സ്ഥിരം തൊഴില്‍ എന്ന സംരക്ഷണം ഉറപ്പാക്കി തൊഴിലിലേര്‍പ്പെടാനുമുള്ള നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നവലിബറല്‍നയങ്ങളുടെ ഭാഗമായി സിവില്‍സര്‍വ്വീസിനെ വെട്ടിച്ചുരുക്കാനുള്ള നടപടിയാണ് യുപിഎ-എന്‍.ഡി.എ. സര്‍ക്കാരുകള്‍ സ്വീകരിച്ചുവന്നത്. ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ ഇല്ലാതാക്കി. സ്ഥിരം നിയമനം ഇല്ലാതാക്കി. കരാര്‍ നിയമനവും ഔട്ട്സോഴ്സിംഗും വ്യാപകമാക്കി. കേന്ദ്ര ജോയിന്‍റ് സെക്രട്ടറി തസ്തികയില്‍ വരെ മോദി സര്‍ക്കാര്‍ കരാര്‍ നിയമനം നടത്തുകയാണ്. ധനകാര്യമേഖലയിലും പൊതുമേഖലാസ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ രാജ്യത്ത് സ്ഥിരം നിയമനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുന്ന മാതൃക തൊഴില്‍ദാതാവ് എന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുന്നു. നിയമനരീതികളിലും സ്ഥാനക്കയറ്റ നടപടികളിലുമെല്ലാം നിലനില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റം വരുത്തി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായവരെ കേന്ദ്രസര്‍വ്വീസില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ വരെ പ്രതിഷ്ഠിക്കാനും സര്‍വ്വീസ് സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം തകര്‍ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍, ജീവനക്കാരുടെ അവകാശങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുകയും, നാവടക്കി പണിയെടുക്കൂ എന്നാഹ്വാനം ചെയ്ത് രാജ്യവ്യാപകമായി ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടികളും പിരിച്ചുവിടലും നടത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് കേരളത്തിലും കെ.എസ്.ആര്‍. റൂള്‍ 60എ ഭേദഗതി ചെയ്ത് 48 വയസ്സുകഴിഞ്ഞ ജീവനക്കാരെ കാര്യക്ഷമതാരാഹിത്യം ചൂണ്ടിക്കാട്ടി, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാനും നടപടി സ്വീകരിച്ചു. അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്ന വിധമുള്ള തൊഴിലാളിവിരുദ്ധ നടപടികളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തൊഴിലാളിവിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കേന്ദ്ര സിവില്‍സര്‍വ്വീസിലും നടപ്പാക്കുന്നത്. സ്ഥിരം നിയമനവും തൊഴില്‍ സുരക്ഷയും ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്‍റ് കെ.സി. ഹരികൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടിയും പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *