Kerala NGO Union

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജീവനക്കാർ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു വയ്ക്കുകയും ചെയ്ത നടപടിയിലാണ് പ്രതിഷേധം.

തന്‍റെ പഞ്ചായത്തിലെ ജീവനക്കാരിയോട് അപമര്യാതയായി പെരുമാറിയ സഹജീവനക്കാരനെതിരായ പരാതി പൂഴ്ത്തി വെക്കുകയും ജീവനക്കാരിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തതിന് അച്ചടക്ക നടപടി നേരിടുന്ന ഘട്ടത്തിലാണ് സെക്രട്ടറി മറ്റു ജീവനക്കാർക്ക് എതിരായും വ്യക്തിവിരോധത്തിലതിഷ്ടിതമായ പ്രതികാരനടപടികൾ സ്വീകരിക്കുന്നത്.

പഞ്ചായത്ത് സെക്രട്ടറിയുടെ ചട്ടവിരുദ്ധമായ നടപടികൾ തിരുത്തണമെന്നും ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.

പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റം ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു.