Kerala NGO Union

രാജ്യത്ത് നിലനിൽക്കുന്ന അതിരൂക്ഷമായ വിലക്കയറ്റത്തിന് ആക്കം വർദ്ധിപ്പിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾക്കു മേൽ ചുമത്തിയ ജി.എസ്.ടി നികുതി പ്രാബല്യത്തിൽ വന്നു. ജൂൺ മാസം ചേർന്ന ജി എസ് ടി കൗൺസിൽ ആണ് ഇത്തരത്തിൽ 5, 12, 18 സ്ലാബുകളിലായി നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി അരി, ഗോതമ്പ്, പാൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കടക്കം വലിയ തോതിൽ വില വർധിക്കുകയാണ്. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾ സ്വീകരിക്കുന്ന അതേ കേന്ദ്ര സർക്കാർ തന്നെയാണ് സമ്പന്ന വർഗ്ഗത്തെ സഹായിക്കുന്നതിനു വേണ്ടി ആഡംബര വസ്തുക്കളുടെ ജി എസ് ടി ഘട്ടംഘട്ടമായി കുറക്കുകയും ചെയ്യുന്നത്. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നതോടൊ പ്പം ജനങ്ങളുടെ വാങ്ങൽ ശേഷി കുറക്കുകയും സമ്പദ് വ്യവസ്ഥയിലെ ആവശ്യകത തോത് കുറയ്ക്കുകയും ചെയ്യും. ഇതിൻ്റെ ഫലമായി ഉത്പാദനം കുറയുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്യും. കോർപ്പറേറ്റ് പ്രീണനനയങ്ങൾ അവസാനിപ്പിച്ച് ജനതാല്പര്യം സംരക്ഷിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് FSETO നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രകടനം നടത്തി.