Kerala NGO Union

 

1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് … ജീവനക്കാരും അധ്യാപകരും ആവേശപൂർവം അണിനിരന്നു….

പണിയെടുക്കുന്നതുപോലെ പണി മുടക്കാനും അധ്വാനിക്കുന്നവർക്ക് അവകാശമുണ്ടെന്ന് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. സുദീർഘവും ത്യാഗപൂർണ്ണവുമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഇത്തരമൊരവകാശം കരഗതമായത്.ലാഭാർത്തിമൂത്ത് മൂലധനശക്തികൾ ചൂഷണം തീവ്രമാക്കിയതോടെ തൊഴിലെടുക്കുന്നവരുടെ അവകാശ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന സ്ഥിതിയായി. ഭരണാധികാരികളുടെയും മാധ്യമങ്ങളുടെയും കോടതികളുടെയും പിന്തുണയോടെ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് തൊഴിലാളികൾക്ക് നേരെ അരങ്ങേറുന്നത്.
ഈ സാഹചര്യത്തിലാണ് 2022 മാർച്ച് 28, 29 തീയതികളിലെ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന വിധിപ്രസ്താവം പുറത്തുവന്നത്.പണിമുടക്കിൽ കൂടുതൽ ആവേശപൂർവ്വം അണിനിരന്ന ജീവനക്കാരും അധ്യാപകരും അവകാശ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. പണിമുടക്കവകാശം സംരക്ഷിക്കാൻ പ്രചാരണ പ്രക്ഷോഭ പ്രവർത്തനങ്ങൾ കൂടുതൽ ഐക്യത്തോടെ ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ 2022 മെയ് 18 ന് തിരുവനന്തപുരത്ത് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അതിന്റെ തുടർച്ചയായി സംസ്ഥാനത്താകെ 1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. 2022 ജൂൺ 16ന് സംഘടിപ്പിച്ച പരിപാടിയിൽ ജീവനക്കാരും അധ്യാപകരും ആവേശപൂർവം അണിനിരന്നു. ഹർത്താൽ ആയിരുന്നതിനാൽ ഇടുക്കി വയനാട് ജില്ലകളിൽ പരിപാടി 17 ന് നടക്കും.