Kerala NGO Union

ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തിൽ പോരാട്ട ദിനങ്ങളുടെ ഓർമ്മ പുതുക്കാൻ അവരെത്തി ……

സിരകളിൽ സമരാവേശത്തിന്റെ അഗ്‌നി പടർത്തിയ  തീഷ്ണമായ ആ പോരാട്ട ദിനങ്ങളുടെ അമ്പതാം വാർഷികത്തിലും സമര നേതൃസംഗമത്തിലും  ഭാഗഭാക്കാകണമെന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമര ഐക്യ പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ യുടെ ക്ഷണം പ്രായത്തിന്റെ അവശതകൾ മറന്നും ഏറ്റെടുത്ത് എത്തിയതായിരുന്നു മുൻകാല സമര സഖാക്കൾ….❤️❤️❤️

മറവിയുടെ മാറാലകൾ ചികഞ്ഞ് ഓർമകളുടെ പാളങ്ങളിലൂടെ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ  മുൻകാല നേതാക്കളുടെ മുഷ്ടികൾ താനെ ഉയർന്നു….

ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ ഒരിഞ്ച് പിന്നോട്ട് പോകാത്ത , മിസ , ഡി.ഐ.ആർ തുടങ്ങിയ കരിനിയമങ്ങൾക്ക് മുന്നിൽ  പതറാത്ത , പിരിച്ചുവിടൽ,

സസ്പെൻഷൻ തുടങ്ങിയ പ്രതികാര നടപടികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത സമരാവേശത്തിന്റെ തീജ്ജ്വാലകൾ ഇന്നും ആ കണ്ണിലും വാക്കുകളിലും…

സമൂഹത്തെ മെച്ചപ്പെട്ട  നാളെകൾക്കായ് പരുവപ്പെടുത്തുന്ന ഇന്നിന്റെ സമര പോരാട്ടങ്ങൾ ഹൃദയം കൊണ്ട് ഏറ്റെടുക്കുന്ന ഉയർന്ന സാമൂഹിക-ഉത്തരവാദിത്ത ബോധമുള്ള സമകാലീന സിവിൽ സർവ്വീസിന് പ്രചോദനമായിരുന്നു അവരുടെ  ഓരോ വാക്കുകളും. മൂല്യവത്തായ വർഗ്ഗബോധത്തിൽനിന്നും പിറവികൊണ്ട  തീഷ്ണമായ ആ സമരാനുഭവങ്ങൾ ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങളുടെ    മുന്നോട്ടുള്ള  പാതകൾക്ക് ദിശാബോധം നൽകും എന്നതിൽ തർക്കമില്ല .

നാടിനെ ഗ്രസിച്ചിരിക്കുന്ന മൂലധനശക്തികളുടെ ചൂഷണത്തിനും, കുത്തകവത്കരണത്തിനും , സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയ്ക്കും എതിരെ പ്രതിരോധമതിൽ ഉയർത്തി, നല്ല നാളെകൾ പടുത്തുയർത്തുന്നതിനുള്ള  ഇന്നിന്റെ പോരാട്ടങ്ങളിൽ അണിചേർന്നു സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുവാൻ പൊതുസമൂഹത്തോടൊപ്പം എഫ്.എസ്.ഇ.ടി.ഒ യ്ക്ക് എന്നും മുൻപന്തിയിൽ തന്നെ നിലയുറപ്പിക്കുവാൻ പ്രചോദനമായിരുന്നു പഴയകാല പോരാളികളുടെ ഒത്തുചേരൽ എന്ന് പറയുന്നതിൽ ഞങ്ങൾക്ക് തികഞ്ഞ അഭിമാനം മാത്രം.

ലാൽ സലാം പ്രിയ സഖാക്കളെ….????????????

54 ദിനങ്ങൾ നീണ്ട 1973ലെ ഐതിഹാസിക സമരത്തിന്റെ അമ്പതാം വാർഷികം 2023 ജനുവരി 31ന് തിരുവനന്തപുരം എകെജി ഹാളിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന പ്രസിഡണ്ട് സ. ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.73 ലെ സമരത്തിന്റെ ഭാഗമായിരിക്കുകയും പിന്നീട് എഫ് എസ് ഇ ടി ഒ യുടേയും ഘടക സംഘടനകളുടെയും നേതൃത്വമാവുകയും ചെയ്ത  സഖാക്കൾ പി വേണുഗോപാലൻ നായർ ,കെ വി ദേവദാസ് ,കെ വി രാജേന്ദ്രൻ ,പി ആനന്ദൻ ,കെ ബാലകൃഷ്ണൻ നമ്പ്യാർ, എം കെ വാസു,കെ ആർ ഭാനുമതി, ആർ ഗോപിനാഥൻ നായർ, കെ ജി പ്രകാശ്, എൻ അപ്പുക്കുട്ടൻ നായർ എന്നിവർ സമരസ്മരണ പങ്കുവെച്ചു. എഫ് എസ് ഇ ടി ഒ സംസ്ഥാന പ്രസിഡൻറ് എൻ ടി ശിവരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതവും ട്രഷറർ ഡോ. എസ് ആർ മോഹന ചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അര നൂറ്റാണ്ടു മുമ്പത്തെ സമരാനുഭവങ്ങളുടെ ആവേശവുമായി വന്നെത്തിയവർക്ക് ആദരസൂചകമായി എഫ് എസ് ഇ ടി ഒ യുടെ ഉപഹാരം നൽകി.

1973 ലെ ഐതിഹാസിക സമരത്തിന്റെ  ചരിത്രവും പ്രാധാന്യവും നാൾ വഴികളും വിശദമാക്കുന്നു ചിത്ര പ്രദർശനം “സുവർണ്ണ ജ്വാല ” യും എകെജി ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചിരുന്നു. ചിത്രപ്രദർശനം മുൻ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ നിയമ സാംസ്കാരിക വകുപ്പ് മന്ത്രി സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.     സമര സഖാക്കളുടെയും  പുതുതലമുറയുടെയും ചിന്തകളിൽ ഒരുപോലെ ആവേശം നിറച്ച  അതുല്യ സംഗമം വരുംകാല പോരാട്ടങ്ങൾക്ക് ഊർജ്ജദായകമാകും ….