Kerala NGO Union

എല്ലാം വിറ്റുതുലയ്‌ക്കുന്ന കേന്ദ്രസർക്കാർ നപടികൾക്കെതിരെ തൊഴിലാളികളുടെ ഐക്യസമരങ്ങൾ ശക്തിപ്പെടണം

കെ.എൻ. ബാലഗോപാൽ

എല്ലാം വിറ്റുതുലയ്‌ക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തൊഴിലാളി ഐക്യ സമരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള എൻ.ജി.ഒ. യൂണിയൻ 58-ാമത് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊല്ലം മംഗല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്‌ലൈൻ പോളിസിയിലൂടെ 6 ലക്ഷം കോടി രൂപയുടെ ആസ്തികൾ വിൽക്കുവാനാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടുള്ളത്. റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വി.എസ്.എസ്.സി. അടക്കമുള്ള തന്ത്രപ്രധാന മേഖലഖളിലെയടക്കം ആസ്തികൾ വിൽക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. നികുതി പിരിവിലും സഹകരണം, വിദ്യാഭ്യാസം തുടങ്ങിയ സംസ്ഥാന വിഷയങ്ങളിലും കേന്ദ്രസർക്കാർ ഏകപക്ഷീയമായി ഇടപെടുകയും സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ജി.എസ്.റ്റി. നടപ്പിലാക്കിയതിന്റെ ഭാഗമായി ലഭിക്കുന്ന നഷ്ടപരിഹാര തുക ഉൾപ്പടെ നിലവിൽ കേന്ദ്രവിഹിതമായി ലഭിക്കുന്ന തുകയിൽ 2022 ജൂൺ മാസത്തോടെ 30,000 കോടി രൂപയുടെ കുറവുണ്ടാകും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിന് സിവിൽ സർവ്വീസ് കാര്യക്ഷമവും അഴിമതി വിമുക്തമാകണം. മെഡിസെപ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും പുതുതായി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിലെ പരിഹരിക്കപ്പെടാവുന്ന  ചെറിയ ന്യൂനതകൾ പോലും വലിയ വിവാദമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ പ്രസിഡന്റ് ജി.കെ. ഹരികുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ കൺവീനർ ആർ. അരുൺ കൃഷ്മൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *