Kerala NGO Union

സർക്കാർ വാഗ്ദാനം പാലിച്ചു; എൻ.ജി.ഒ. ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന് 26.85 കോടി രൂപ അനുവദിച്ചു – എൻ.ജി.ഒ. യൂണിയൻ ആഹ്ലാദപ്രകടനം നടത്തി

എൻ.ജി.ഒ.മാരായ സർക്കാർ ജീവനക്കാർക്ക് കൊല്ലം സിവിൽ സ്റ്റേഷന് സമീപം ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് 26.85 കോടി രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു. 01.12.2021 ലെ 1070/2021/പി.ഡബ്ല്യു.ഡി. സർക്കാർ ഉത്തരവ് പ്രകാരമാണ് നിർമ്മാണത്തിന് ഭരണാനുമതി നൽകിയിട്ടുള്ളത്. നിലവിലെ എൻ.ജി.ഒ. ക്വാർട്ടേഴ്‌സുകൾക്ക് പകരം അതേ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഫ്ലാറ്റ് സമുച്ചയം ജീവനക്കാർക്കായി നിർമ്മിക്കണമെന്ന എൻ.ജി.ഒ. യൂണിയന്റെ നിരന്തരമായി പ്രക്ഷോഭ രംഗത്തായിരുന്നു. 2008 ൽ എൽ.ഡി.എഫ്. സർക്കാർ ഇതിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. 2016 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എൻ.ജി.ഒ. ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരവെ കൊല്ലത്ത് പുതിയ കോടതി സമുച്ചയത്തിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും സമാന്തരമായി ആരംഭിച്ചു. തുടർന്ന്, നിലവിൽ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന, കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ ബ്ലോക്ക് നമ്പർ 239 ലെ ആകെ 1.4835 ഹെക്‌ടർ (മൂന്ന് ഏക്കർ 67 സെന്റ്) സ്ഥലത്തിൽ നിന്നും 90.85 ആർ (2.24 ഏക്കർ) സ്ഥലം കോടതി സമുച്ചയം നിർമ്മിക്കുന്നതിനായി ജുഡീഷ്യറി വകുപ്പിന് കൈമാറിയും, പുറമ്പോക്ക് പാട്ടത്തിന് നൽകിയിട്ടുള്ള ഭൂമി കഴിച്ച് ബാക്കിയുള്ള 41.48 ആർസ് (ഒരേക്കർ രണ്ടര സെന്റ്) സ്ഥലം എൻ.ജി.ഒ. ജീവനക്കാർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് നീക്കിവച്ചും 2020 മാർച്ചിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജുഡീഷ്യറി വകുപ്പിന് കൈമാറിയ സ്ഥലത്ത് കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നിലവിലുള്ള ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റുന്ന ജോലികൾ നടന്നുവരുന്ന ഘട്ടത്തിലാണ് കോടതി സമുച്ചയത്തോടൊപ്പം തന്നെ ജീവനക്കാർക്കുള്ള ഫ്ലാറ്റ് സമുച്ചയവും നിർമ്മാണം ആരംഭിക്കും എന്ന വാഗ്ദാനം പാലിച്ചുകൊണ്ട് 28.65 കോടി രൂപയ്ക്കുള്ള നിർമ്മാണാനുമതി നൽകി എൽ.ഡി.എഫ്. സർക്കാർ ഉത്തരവായിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ള പ്ലാൻ പ്രകാരം ഏഴ് നിലകളിലായാണ് ഫ്ലാറ്റ് സമുച്ചയം ഉയരുക. ഓരോ നിലയ്ക്കും 10,062.5 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. ഒരേ സമയം 30 ലധികം കാറുകൾ പാർക്ക് ചെയ്യുന്ന വിധത്തിലുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി ഗ്രൗണ്ട് ഫ്ലോർ നീക്കി വയ്‌ക്കും. ഒന്നാം നില മുതൽ ആറാം നില വരെ ഓരോ നിലയിലും 8 കുടുംബങ്ങൾ എന്ന രീതിയിൽ 48 കുടുംബങ്ങൾക്കുള്ള താമസ സൗകര്യമാണുള്ളത്. ഒരു ലിവിംഗ് റൂം, ഡൈനിംഗ് റൂം, രണ്ട് ബാത്ത് അറ്റാച്ച്‌ഡ് റൂം, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടെ ഒരു കുടുംബത്തിനുള്ള താമസ സൗകര്യം 1251 ചതുരശ്ര അടിയാണ് പ്ലാൻ പ്രകാരമുള്ളത്.
സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ ചുറ്റി പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ, പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ. രതീഷ് കുമാർ, എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, എസ്. ഷാഹിർ, യൂണിയൻ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത്, ഠൗൺ ഏരിയാ സെക്രട്ടറി എസ്. സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *