Kerala NGO Union

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക – എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച സംഘടനാ രേഖയിൽ അഭ്യർത്ഥിച്ചു. അധികാര ശ്രേണീ സംവിധാനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി, സിവിൽ സർവ്വീസിനെ വിപുലീകരിച്ച് കൂടുതൽ സാമൂഹ്യ മേഖലകളിലേക്ക് സർക്കാർ ഇടപെടൽ വ്യാപിപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനാരേഖയിൽ പറയുന്നു. ജനസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണഭാഷ പൂർണ്ണമായും മലയാളമായി മാറ്റണം. സർക്കാർ ഓഫീസുകളിൽ നിന്നും ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച് പൗരന്മാർക്ക് അവബോധം നൽകുന്നതിനായി പൗരാവകാശ രേഖകൾ പ്രസിദ്ധപ്പെടുത്തണം. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും സമയബന്ധിതമായി തീർപ്പുണ്ടാക്കാൻ കഴിയണമെന്നും, ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തിയും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയും സർക്കാർ സേവനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണമെന്നും സംഘടനാ രേഖയിൽ പറയുന്നു.

അഴിമതിക്കെതിരെ ശക്തമായ നിരീക്ഷണ സംവിധാനവും ശിക്ഷാ നടപടികളും ഉറപ്പുവരുത്തുന്നതിനും ഓഫീസുകളിൽ നിന്നും ഇടത്തട്ടുകാരെയും കമ്മീഷൻ ഏജന്റുമാരെയും അതുപോലുള്ള അനൗദ്യോഗിക ബാഹ്യശക്തികളെയും ഒഴിവാക്കുന്നതിനും കഴിയണം. ഓഫീസ് അന്തരീക്ഷം സ്ത്രീ സൗഹൃദമാക്കുന്നതിനുമാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തണം. പൊതുജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റം മാതൃകാപരമായിരിക്കണമെന്നും യൂണിയൻ ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക; നവകേരള നിർമ്മിതിയിൽ പങ്കാളികളാകുക എന്നീ പ്രമേയങ്ങളും കൗൺസിൽ യോഗം അംഗീകരിച്ചു.

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പരുനലൂർ എന്നീ കേന്ദ്രങ്ങളിൽ വിർച്ച്വലായി ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽ കുമാർ, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സെക്രട്ടറി സി. ഗാഥ എന്നിവർ സംസാരിച്ചു. വിവിധ ഏരിയാകളെ പ്രതിനിധീകരിച്ച് എ. മുംതാസ് ബീവി (സിവിൽ സ്റ്റേഷൻ), ഐ.എസ്. ജയശ്രീ (ഠൗൺ), എസ്. ഹരികുമാർ (കുണ്ടറ), എസ്. ഷൈലാൽ (ചാത്തന്നൂർ), റ്റി. സതീഷ് കുമാർ, കൊട്ടാരക്കര, രമ്യാ മോഹൻ (കടയ്ക്കൽ), ജി. അരുൺ (പുനലൂർ), ബ്രിജിൻലാൽ (പത്തനാപുരം), കെ. അനന്തകുമാർ (കരുനാഗപ്പള്ളി), ആർ. അനിൽ കുമാർ (കുന്നത്തൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *