Kerala NGO Union

തിരുവനന്തപുരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയ അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ 2024 മാർച്ച് 4 ന് ജീവനക്കാർ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി.
1993ൽ സഹകരണ മേഖലയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 2019 മാർച്ചിലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സൗജന്യ ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ദീർഘവീക്ഷണത്തോടുകൂടിയ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി സ്‌ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി മൂന്ന് വർഷത്തിനുള്ളിൽ അവരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള ആഗിരണ പ്രക്രിയ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. അതനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ, ഡെന്റൽ, ഫാർമസി, നഴ്സിംഗ്, നോൺ മെഡിക്കൽ വിഭാഗങ്ങളിലെ അധ്യാപകർ, പാരാമെഡിക്കൽ, മിനിസ്‌റ്റീരിയൽ, മറ്റിതര വിഭാഗം ജീവനക്കാർ എന്നിവരുടേതടക്കമുള്ള 1573 തസ്തികകൾ സൃഷ്ടിച്ചു.
ഡോക്ടർമാരുടെയും നേഴ്സു‌മാരുടെയും ആഗിരണ പ്രക്രിയ നടപ്പാക്കിയിരുന്നു. എന്നാൽ പാരാമെഡിക്കൽ മിനിസ്‌റ്റീരിയൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരുടെ ആഗിരണപ്രക്രിയ നടപടികൾ അനന്തമായി നീണ്ടുപോകുന്ന സ്‌ഥിതിയാണ് ഉണ്ടായിരിക്കുന്നത്. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനമെടുത്ത് പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കിയെങ്കിലും ഉദ്യോഗസ്‌ഥ തലത്തിലെ മെല്ലെ പോക്ക് നിലപാടുകൾ മൂലം ഫലപ്രാപ്തി ഉണ്ടായില്ല. നിലവിൽ നിർണയിക്കപ്പെട്ട തസ്‌തികളിൽ തന്നെ ഒട്ടേറെ അപാകതകൾ നിലനിൽക്കുകയാണ്. സർക്കാർ സർവീസിലേക്ക് പ്രവേശന ഉത്തരവ് നൽകുന്നതിനു മുമ്പായി ജീവനക്കാരെ അവരവരുടെ ഓപ്ഷൻ്റെ അടിസ്‌ഥാനത്തിൽ ആരോഗ്യവിദ്യാ ഭ്യാസവകുപ്പിലെ കോമൺ ലിസ്റ്റ്, സ്‌റ്റാൻ്റ് എലോൺ എന്നിങ്ങനെ തരം തിരിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് കോമൺ ലിസ്റ്റിൽ വരുന്നവർക്ക് ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികയുടെ എൻട്രി കേഡറിലേക്ക് 2.3.2019 പ്രാബല്യ തീയതി നൽകി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്രമീകരിക്കാനും സ്റ്റാന്റ് എലോൺ ആകുന്നവരെ വകുപ്പ് തല പ്രമോഷന് പരിഗണിക്കാതെ നിലവിലുള്ള തസ്‌തികയിൽ ആ സ്ഥാപനത്തിൽ തന്നെ തുടരാൻ അനുവദിക്കുകയുമാണ് ചെയ്യുന്നത്. ഈ വിഭാഗം ജീവനക്കാർക്ക് സ്റ്റാന്റ് എലോൺ ഓപ്റ്റ് ചെയ്‌ത മുകൾതട്ടിലെ തസ്‌തികയിലെ ജീവനക്കാർ വിരമിച്ചാൽ അതിലേക്ക് സ്ഥാനക്കയറ്റ അവസരം ഉണ്ടാകും. ജീവനക്കാരുടെ മുൻകാല സർവ്വീസും ശമ്പളനിരക്കും സംബന്ധിച്ച വ്യക്തമായ തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
സഹകരണ വകുപ്പിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്നപ്പോൾ നിലവിലുണ്ടായിരുന്ന ഒട്ടേറെ തസ്തികകൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ വിശേഷാൽ ചട്ട പ്രകാരമുള്ള തസ്തികകൾ അല്ലാത്തതിനാലും പല തസ്‌തികകളിലും ജോലി ചെയ്‌തു വരുന്നവർക്ക് സ്പെഷ്യൽ റൂൾ വ്യവസ്‌ഥ പ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാലും പാരാമെഡിക്കൽ, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ ആഗിരണ പ്രക്രിയ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ജീവനക്കാരുടെ മുൻകാല സർവീസ് പെൻഷനു വേണ്ടിയുള്ള ക്വാളിഫൈയിംങ് സർവ്വീസായി കണക്കാക്കിയും വാങ്ങിക്കൊണ്ടിരുന്ന ശമ്പ ളസ്കെയിലും മറ്റു ആനുകൂല്യങ്ങളും സംരക്ഷിച്ച് ഇതരമേഖലകളിൽ ജീവനക്കാരുടെ ആഗീരണം നടത്തിയ സാഹചര്യങ്ങളുമുണ്ട്. ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിഗണിച്ചുകൊണ്ടും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടും ആഗിരണപ്രക്രിയ പൂർത്തീകരിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണം.
കോളേജ് സഹകരണ മേഖലയിലായിരുന്നപ്പോൾ അനുവദിക്കപ്പെട്ട ശമ്പള സ്കെയിലും ക്ഷാമബത്തനിരക്കുമാണ് ഇപ്പോഴും ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കുന്നതി നായി അർഹതപ്പെട്ട ക്ഷാമബത്തയുടെ ഒരു ഭാഗമെങ്കിലും അനുവദിക്കാൻ 7.06.2022 ൽ ചേർന്ന മന്ത്രി തല യോഗത്തിൽ തീരുമാനം എടുത്തെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി നടപ്പിലാവാത്ത സ്ഥിതിയാണ്. മാത്രമല്ല ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പള പരിഷ്‌കരണം, ഗ്രേഡ് പ്രൊമോഷൻ, യൂണിഫോം അലവൻസ് എന്നിവയും നിഷേധിക്കപ്പെട്ടിരിക്കുന്നു. ബോണസ്, ലീവ് സറണ്ടർ എന്നിവ അനുവദിക്കുന്നതിലും അവ്യക്തത തുടരുകയാണ്.
ഈ വിധം നിരവധി പ്രശ്‌നങ്ങളാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാർ അഭിമുഖീകരിക്കുന്നത്. ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട് സമയാ സമയങ്ങളിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒട്ടേറെ ഇടപെടലുകൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സംസ്‌ഥാന സർക്കാരിൻ്റെ നയപരമായ നിലപാടും ജീവനക്കാർക്ക് അനുഗുണമാണ്. എന്നിട്ടും മൂന്നുവർഷത്തിനുള്ളിൽ പൂർത്തീകരിക്കേണ്ട ആഗിരണ പ്രക്രിയ ഉദ്യോഗസ്‌ഥ സംവിധാനം ഉയർത്തുന്ന സാങ്കേതികമായ നൂലാമാലകളാലും മുട്ടാത്തർക്കങ്ങളാലും അനന്തമായി നീണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല.
ധർണ്ണ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി കെ ഷീജ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി അനിൽകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നോർത്ത്  ജില്ലാ സെക്രട്ടറി കെ എ  ബിജുരാജ് സ്വാഗതവും സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *