Skip to main content

Kerala NGO Union

കണ്ണൂർ; ജില്ലയിൽ ആരോഗ്യവകുപ്പിലെ 36 ഹോസ്പിറ്റൽ അറ്റന്റന്റ് മാരും 72 നഴ്സിംഗ് അസിസ്റ്റൻ്റ് മാരും ഉൾപ്പെടെ 500 ഓളം ജീവനക്കാരെ  യാതൊരു പരിഗണനയും നൽകാതെ കൂട്ടത്തോടെ സ്ഥലം മാറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭരണാനുകൂല സംഘടനയുടെ തിട്ടൂരത്തിനനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പിലെ വിവിധ കാറ്റഗറി ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യായമായി നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയായാണ് ഹോസ്പിറ്റൽ അറ്റന്റ്റ്  നേഴ്സിങ് അസിസ്റ്റൻറ് മാരുമായ ഭിന്നശേഷിക്കാരും, പ്രത്യേക പരിഗണന അർഹിക്കുന്നവരും, ഗുരുതര രോഗം ബാധിച്ചവരും, വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവരും എന്ന പരിഗണനകൾ ഒന്നും നൽകാതെ ജീവനക്കാരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്.  താമസിക്കുന്ന സ്ഥലമോ നിലവിൽ ജോലി ചെയ്യുന്ന സ്ഥലമോ പരിഗണിക്കാതെ മാറ്റാൻ പറ്റുന്നതിന്റെ ഏറ്റവും വിദൂരത്തേക്ക് മാനദണ്ഡ വിരുദ്ധമായി ജീവനക്കാരെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥലംമാറ്റം നടത്തിയിരിക്കുന്നത്. എൻജിഒ യൂണിയൻ അംഗങ്ങളാണ് എന്നത് മാത്രമാണ് ജീവനക്കാരെ സ്ഥലംമാറ്റുന്നതിനള്ള ഏകമാനദണ്ഡം. മുൻപ്
ഇറങ്ങിയ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കൊണ്ട് കേരള എൻജിഒ യൂണിയൻ്റെ  നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി മെഡിക്കൽ ഓഫീസറുമായുള്ള ഒത്തുതീർപ്പിൽ പോലീസ് അധികാരികളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉന്നയിച്ച പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ട് പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഉന്നയിച്ച സ്ഥലമാറ്റങ്ങളിൽ ഒന്നുപോലും പരിഹരിക്കുന്നതിന് ഇതുവരെ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറായിട്ടില്ല. ഭരണാനുകൂല സംഘടനയുടെ ഭയപ്പെടുത്തലുകൾക്കിടയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇപ്പോൾ തുടർച്ചയായി ഓഫീസിൽ വരാൻ പോലും തയ്യാറാകുന്നില്ല. ഇന്നും ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഓഫീസിലെത്തിയില്ല. ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും പകർച്ചവ്യാധികളും ഉൾപ്പെടെ ഭയാനകമായ സാഹചര്യം നിലനിൽക്കുന്ന ഈ സമയത്ത് പോലും ആരോഗ്യ വകുപ്പിനെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് തയ്യാറാവേണ്ട ഭരണാധികാരികൾ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി സിവിൽ സർവീസിന്റെ കാര്യക്ഷമതയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന പി സമീറ ഭിന്നശേഷിക്കാരായ രണ്ടു പെൺമക്കളുടെ മാതാവാണ് ചമ്പാട് സ്വദേശിയായ അവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ചപ്പാരപ്പടവ് സി എച്ച് സിയിൽ ജോലിചെയ്യുന്ന ഭിന്നശേഷിക്കാരൻ ആയ പി  രമേശനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു.
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന മനോജ് ടിവിയുടെ മകൻ ചലനശേഷിയില്ലാത്ത കുട്ടിയാണ്, മാതമംഗലം സ്വദേശിയായ മനോജിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഈ നിലയിലാണ് വിരമിക്കാൻ മാസങ്ങളും ഗുരുതര രോഗം ബാധിച്ച മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ആശ്രയമായ ജീവനക്കാരെ ക്രൂരമായി സ്ഥലംമാറ്റിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. സമരം നടക്കുന്നതറിഞ്ഞ് എത്തിയ അഴീക്കോട് എംഎൽഎ കെ വി സുമേഷ് സമരക്കാരെ അഭിസംബോധന ചെയ്തതിനുശേഷം ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡിഎംഒയോട് സംസാരിക്കുകയും  തുടർന്ന് ഫോണിൽ ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പിന്മേൽ ജീവനക്കാർ സമരം അവസാനിപ്പിച്ചു.
സമരത്തിന് യൂണിയൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എ എം സുഷമ , പി ആർ സ്മിത,- സംസ്ഥാന കമ്മിറ്റി അംഗം ടിവി പ്രജീഷ്, ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ, ജില്ലാ ഭാരവാഹികളായ കെ പി വിനോദൻ ടി ഷറഫുദ്ദീൻ, പി പി അജിത് കുമാർ, എം അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *