കണ്ണൂർ; കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ സർക്കാർ ജീവനക്കാരുടെ മഹാപ്രവാഹത്താൽ നഗരത്തെ ത്രസിപ്പിച്ച് മാർച്ചും ധർണ്ണയും നടന്നു.
ദീപശിഖ ആലേഖനം ചെയ്ത ചെങ്കൊടിക്ക് പിന്നിൽ ആയിരക്കണക്കിന് ജീവനക്കാരാണ് അണിനിരന്നത്. രാവിലെ 11.30ന് സ്റ്റേഡിയം കോർണറിൽ നിന്ന് കലക്ടറേറ്റിലേക്കാണ് ജീവനക്കാരുടെ അത്യുജ്ജ്വല മാർച്ച് നടന്നത്. പ്രകടനത്തിൽ അണിനിരന്നതിൽ ഏറെയും വനിത ജീവനക്കാരായിരുന്നു.
കേരളത്തിലെ സിവിൽ സർവീസിനെ മുൻ യുഡിഎഫ് സർക്കാരുകളുടെ കാലങ്ങളിലേതിന് സമാനമായി ഇരുണ്ട കാലത്തിലേക്ക് തള്ളി വിടാനാണ് വി ഡി സതീശൻ സർക്കാർ ശ്രമിക്കുന്നതെന്നും. ജീവനക്കാർ പൊരുതി നേടിയ അവകാശങ്ങളും ആനുകൂല്യങ്ങളും ഏകപക്ഷീയമായി കവർന്നെടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഉജ്ജ്വലമായ ചെറുത്തുനിൽപ്പിനെയും പ്രതിഷേധത്തെയും നേരിടേണ്ടി വരുമെന്നും ജീവനക്കാരെയും സംഘടനയെയും ആക്ഷേപിക്കുന്ന നിലപാട് മുഖ്യമന്ത്രി തിരുത്തുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് കുമാർ പറഞ്ഞു.
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക, 12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക,
ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക,
ലേബർ കോഡുകൾ പിൻവലിക്കുക,
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,
എൺഡ് ലീവ് സറണ്ടർ റദ്ദ് ചെയ്ത നടപടി പിൻവലിക്കുക,
അന്യായമായ സ്ഥലമാറ്റങ്ങൾ റദ്ദുചെയ്യുക,
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കേരള എൻ ജി യൂണിയൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ കണ്ണൂരിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
മാർച്ചും ധർണയും കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ് പ്രസംഗിച്ചു. സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
