ഇരിക്കൂർ; ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർക്ലർക്കായ കെ പി പ്രേമരാജനെ രാഷ്ട്രീയ പ്രേരിതമായി ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയതിൽ കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽജീവനക്കാർ പ്രതിഷേധിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ വ്യാജ ആരോപണങ്ങളടങ്ങിയ കത്തിനെത്തുടർന്നാണ് മനുഷ്യത്വരഹിതമായി ഇടുക്കി ജില്ലയിലെ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിലേക്ക് പ്രേമരാജനെ സ്ഥലം മാറ്റിയത്. വിശദീകരണം ചോദിക്കാനും മറുപടി നൽകാനുമുള്ള ജീവനക്കാരന്റെ പ്രാഥമിക അവകാശം പോലും നിഷേധിച്ചുകൊണ്ടാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്‌ടിക്കുകയും അതിൻ്റെ പിൻബലത്തിലുമാണ് സ്ഥലം മാറ്റിയത്.
ഡിപ്പാർട്ട്മെന്റിലെ മികച്ച ജീവനക്കാരനായ പ്രേമരാജൻ ഭരണഭാഷാ പുരസ്‌കാര ജേതാവുമാണ്. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ നിരന്തരം നടക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ സാരാമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.
മനുഷ്യത്വരഹിതമായ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ഇരിക്കൂർ സബ് രജിസ് ട്രാർ ഓഫീസ് പരിസരത്ത് കേരള എൻജിഒ യൂനിയൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി ആർ ജിജേഷ്, കെ ഒ പ്രസാദ്, സേതു പി , ദീപ്തി വിവി, കെ ഒ അയൂബ്, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു..

ഇരിക്കൂർ സബ് ട്രഷറി ഓഫീസിൽ മുന്നിൽ നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു