Skip to main content

Kerala NGO Union

വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിൽ നിലനിൽക്കുന്ന ഒഴിവുകൾ അടിയന്തരമായി നികത്തി അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും ആവശ്യപ്പെട്ടു. ജീവനക്കാരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ ഉടൻ അനുവദിക്കുക, വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ ഒമ്പത് ഒഴിവുകളിലേക്കും പി.എ. തസ്തികയിലെ നാല് ഒഴിവുകളിലേക്കും ജൂനിയർ സൂപ്രണ്ട് തസ്തികയിലെ 45 ഒഴിവുകളിലേക്കും സ്ഥാനക്കയറ്റം നൽകേണ്ട സാഹചര്യമാണുള്ളത്. ഇതിന്റെ തുടർച്ചയായി താഴെയുള്ള ഫീഡർ കാറ്റഗറികളിലും സ്ഥാനക്കയറ്റം ഉണ്ടാകേണ്ടതുണ്ട്. സീനിയർ ക്ലർക്ക് തസ്തികയിൽ റേഷ്യോ പ്രകാരം ഏകദേശം 480 ഒഴിവുകളിലേക്കും സ്ഥാനക്കയറ്റം നൽകാനുണ്ട്. റിട്ടയർമെന്റിനെ തുടർന്ന് ഉണ്ടായ 70 സീനിയർ ക്ലർക്ക് ഒഴിവുകളിലും സീനിയോറിറ്റി ലിസ്റ്റിനായി കാത്തുനിൽക്കാതെ താൽക്കാലിക സ്ഥാനക്കയറ്റം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഉയർന്ന തസ്തികകളിലെ ഒഴിവുകൾ നികത്താത്തത് താഴെയുള്ള തസ്തികകളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ അവസരങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്. ഒരു തസ്തികയിലെ ഒഴിവ് നികത്താതിരിക്കുന്നത് അതിന് താഴെയുള്ള നിരവധി തസ്തികകളിലെ സ്ഥാനക്കയറ്റ നടപടികൾ വൈകിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇത് ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ദൈനംദിന ഭരണപ്രവർത്തനങ്ങളെയും ബാധിക്കുന്നു.
ഒഴിവുകൾ അടിയന്തരമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും നിയമപരമായ നടപടികൾ പൂർത്തിയാക്കി അർഹതപ്പെട്ട ജീവനക്കാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം അനുവദിക്കുകയും വേണമെന്നും അധ്യാപക-അനധ്യാപക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഭരണനിർവഹണ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. സുനിൽ കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. മണിവർണ്ണൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *