കൂട്ടസ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ; പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ചീഫ് എൻജിനീയറെ ഉപരോധിച്ചു
സംസ്ഥാനവ്യാപകമായി പിഡബ്ല്യൂഡി ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി
മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചീഫ് എൻജിനീയറെ ഉപരോധിക്കുകയും ചെയ്തു. ഒറ്റ ദിവസം പുറത്തിറക്കിയ നാല് ഉത്തരവുകളിലായി ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ്, തേർഡ് ഗ്രേഡ് ഓവർസിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നീ തസ്തികകളിലുള്ള 500-ലധികം ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്.
നിലവിലെ സ്റ്റേഷനിൽ മൂന്ന് വർഷം പൂർത്തിയാക്കാത്ത നിരവധി ജീവനക്കാരെയും ഉത്തരവിലൂടെ സ്ഥലംമാറ്റിയിട്ടുണ്ട്. ടൈപ്പിസ്റ്റ് തസ്തികയിൽ ഇറക്കിയ ഉത്തരവിൽ സർവീസിൽ പ്രവേശിച്ച് രണ്ട് മാസം പോലും പൂർത്തിയാകാത്ത ജീവനക്കാരിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാത്ത നിരവധി ഓഫീസ് അറ്റൻഡന്റുമാരെ നിലവിലെ സ്റ്റേഷനിൽനിന്ന് 50 കിലോമീറ്ററുകൾക്കപ്പുറമുള്ള സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. വിരമിക്കാൻ ആറുമാസം മാത്രം ശേഷിക്കുന്ന ജീവനക്കാരിയെയും വിദൂര പ്രദേശത്തേക്ക് സ്ഥലംമാറ്റി.
സ്ഥലംമാറ്റത്തിനുള്ള നിലവിലുള്ള മാനദണ്ഡങ്ങളും ജീവനക്കാരുടെ സേവനകാലം, വിരമിക്കൽ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കാതെയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതുമൂലം ജീവനക്കാർക്ക് കടുത്ത പ്രയാസവും അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്ന സാഹചര്യമാണുള്ളത് . മാനദണ്ഡങ്ങൾ പാലിച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെയും മാത്രമേ സ്ഥലംമാറ്റങ്ങൾ നടത്താവൂ എന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി പി. സുരേഷ്, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ പ്രസിഡന്റ് ജി. ഉല്ലാസ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം. ജെ. ഷീജ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
മാനദണ്ഡവിരുദ്ധമായി നടത്തിയ സ്ഥലംമാറ്റ ഉത്തരവുകൾ പുനഃപരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്ന് പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ ചീഫ് എൻജിനീയർ സമരനേതാക്കൾക്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
അന്യായമായ സ്ഥലമാറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി പിഡബ്ല്യുഡി ഓഫീസുകൾക്ക് മുന്നിൽ കേരള NGO യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു