Skip to main content

Kerala NGO Union

തദ്ദേശ സ്വയംഭരണ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം
തദ്ദേശ സ്വയംഭരണ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം. കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിലും ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിലും ജീവനക്കാർ പ്രതിഷേധിച്ചു.
നാല് വ്യത്യസ്ത ഉത്തരവുകളിലായി അഞ്ഞൂറോളം ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. നിരവധി വനിതാ ജീവനക്കാരെയടക്കം നിലവിലെ ജോലി സ്ഥലത്തുനിന്ന് ഏറെ ദൂരെയുള്ള ഓഫീസുകളിലേക്കാണ് മാറ്റിയിട്ടുള്ളത്. കുടുംബപരവും യാത്രാപരവുമായ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയും നിലവിലുള്ള സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള നടപടികൾ ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി.
ഒന്നിന് പിന്നാലെ ഒന്നായി പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ വകുപ്പിന്റെ പ്രവർത്തന സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണത്തിലും മേൽനോട്ടത്തിലും കാലതാമസമുണ്ടാക്കുകയും പദ്ധതി പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണത്തെ ബാധിക്കുകയും ചെയ്യും. ജീവനക്കാരുടെ കുറവ് വകുപ്പിന്റെ ദൈനംദിന ഭരണപ്രവർത്തനങ്ങളെയും സേവനവിതരണത്തെയും ബാധിക്കുന്ന സാഹചര്യമുണ്ടാക്കും.
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റ ഉത്തരവുകൾ അടിയന്തരമായി പുനഃപരിശോധിച്ച് അന്യായമായി ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവരണമെന്നും വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ പരിഹരിക്കാത്ത പക്ഷം ശക്തമായ തുടർപ്രക്ഷോഭം സംഘടിപ്പിക്കും
പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിലെ പ്രതിഷേധം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *