നവംബർ 21 സെക്രട്ടറിയേറ്റ് വളയൽ വിജയിപ്പിക്കുക – ആക്ഷൻ കൗൺസിൽ സംസ്ഥാന കൺവൻഷൻ
ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് ഒ.പി.എസ് പുന:സ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പിലാക്കുക, ഏൺഡ് ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, പൊതു സ്ഥലംമാറ്റം മാനദണ്ഡ പ്രകാരം നടത്തുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിദ്യാഭ്യാസ സർവ്വീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നവംബർ 21 ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ വിജയിപ്പിക്കുന്നതിന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു.
ബി.ടി.ആർ ഹാളിൽ ചേർന്ന സംസ്ഥാന കൺവൻഷൻ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ടി.കെ.എ ഷാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം.വി ശശിധരൻ സ്വാഗതവും ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി.ശ്രീകുമാർ നന്ദിയും പറഞ്ഞു. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ എം.ഷാജഹാൻ പ്രമേയാവതരണം നടത്തി. കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി എസ്.എസ് ദീപു, പി.എസ്.സി.ഇ.യു ജനറൽ സെക്രട്ടറി ബി.ബിജു, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എസ്.സതി കുമാർ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് എ. കെ ബീന, കെ ജി എൻ എ ജനറൽ സെക്രട്ടറി സുബ്രമണ്യൻ സി , കെ.എൻ.ടി.ഇ.ഒ ജനറൽ സെക്രട്ടറി ജുനൈദ് എ എം കെ.യു. ഇ. യു സംസ്ഥാന പ്രസിഡൻ്റ് സജിത്ഖാൻ, ഇ.ടി.സി സംസ്ഥാന പ്രസിഡൻ്റ് അജിത് കടക്കാവൂർ എന്നിവർ പങ്കെടുത്തു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ കാരണം ജനജീവിതം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. ഒരു ദശകത്തിലേറെയായി രാജ്യ ഭരണം കയ്യാളുന്ന നരേന്ദ്രമോദി സർക്കാർ ഹിന്ദുത്വ അജണ്ട, അക്രമാത്മകമായ നവലിബറൽ നയങ്ങൾ, സ്വേച്ഛാധിപത്യം എന്നിവയെല്ലാം ശക്തിപ്പെടുത്തുന്ന നയങ്ങൾ തുടരുകയാണ്. പുതിയ മേഖലകളെ സ്വകാര്യവൽക്കരിക്കാനും, കോർപ്പറേറ്റുകൾക്ക് ലാഭം പരമാവധിയാക്കുന്നതിനും കഴിയുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. ജനങ്ങളുടെ ജീവിത സുരക്ഷ തകർക്കുന്ന നയങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചിരിക്കുന്നു. അസമത്വം പെരുകുന്നു. തൊഴിൽ കോർപ്പറേറ്റുകളുടെ നഗ്നമായ ചൂഷണത്തിന് തുറന്ന് കൊടുക്കുകയാണ്. പി.എഫ്.ആർ.ഡി.എ നിയമത്തിലൂടെ രാജ്യത്തെ സർക്കാർ ജീവനക്കാരുടെ ഏറ്റവും മികച്ച വാർദ്ധക്യകാല സാമൂഹ്യ സുരക്ഷാ പദ്ധതി ഇല്ലാതാക്കി, എൻ.പി.എസും, ഇപ്പോൾ യു.പി.എസ്സും നടപ്പിലാക്കി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു.
കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇടതുപക്ഷ ബദൽ നടപ്പാക്കികൊണ്ട് രാജ്യത്തിന് മാതൃക സൃഷ്ടിച്ച ഇടതുപക്ഷ ഭരണത്തിൽ നിന്നും വിഭിന്നമായി നൂറ് ദിവസം കൊണ്ട് യു.ഡി.എഫ് സർക്കാർ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ആരോഗ്യ, വൈദ്യുതി, വിദ്യാഭ്യാസ മേഖലകൾ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. കേരളം വീണ്ടും ഇരുണ്ട യുഗത്തിലേക്ക് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കാനും സിവിൽ സർവീസിനെ സംരക്ഷിക്കാനുമാ യി പ്രക്ഷോഭം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് നവംബർ 21ന് സെക്രട്ടറിയേറ്റ് വളയൽ സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാന കൺവെൻഷന്റെ തുടർച്ചയായി ജില്ലാ താലൂക്ക് കൺവെൻഷനുകളും ചേരും