Kerala NGO Union

കേരളത്തിലെ സിവിൽ സർവ്വീസിനെ ജനോപകാരപ്രദവും അഴിമതിരഹിതവുമാക്കുന്നതിനായി കേരള NGO യൂണിയൻ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലയിൽ 33 വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം കഴക്കൂട്ടം വില്ലേജാഫീസിൽ ബഹു: ടൂറിസം – സഹകരണ – ദേവസ്വം – വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു .

പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കുവാനായി എല്ലാ മലയാളികളോടും ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ നിർബന്ധിത പിരിവായും പിടിച്ചുപറിയായും ചിലർ ആക്ഷേപിക്കുന്നത് ചരിത്രത്തെ മറന്നു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥ കാലത്ത് നിർബന്ധിത നിക്ഷേപം എന്ന നിലയിൽ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വച്ചതും പോത്തിനോട് ചോദിച്ചല്ല നുകം വയ്ക്കുന്നതെന്ന് ആക്ഷേപിച്ചതും ആരുടെ കാലത്താണെന്ന് ഇവർ ഓർക്കണം .പലപ്പോഴായി ജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളിവിട്ട് 32 ദിവസം മുതൽ 54 ദിവസം വരെയുള്ള ശമ്പളം കവർന്നതും UDF അധികാരത്തിൽ ഇരുന്നപ്പോഴാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

അഴിമതിരഹിത ജനസൗഹൃദ സിവിൽ സർവ്വീസ് പടുത്തുയർത്താൻ കേരള NGO യൂണിയൻ നടത്തി വരുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു .വില്ലേജാഫീസുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്ന പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലാതെ സേവനം നൽകണം എന്ന സർക്കാർ നയത്തിന് ഏറെ സഹായകരമാണ് NGO യൂണിയൻ ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ .. 2500-ൽ പരം ഓഫീസുകൾ കാര്യക്ഷമത ഓഫീസുകളായി പൊതു സമക്ഷം പ്രഖ്യാപിക്കപ്പെട്ടതും തുടർന്ന് കേരളത്തിലാകമാനം 400-ലധികം വില്ലേജാഫീസുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നതുമെല്ലാം കേരള NGO യൂണിയന്റെ സാമൂഹ്യപ്രതിബദ്ധത വ്യക്തമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു .NGO യൂണിയൻ ജനറൽ സെക്രട്ടറി സ: റ്റി.സി.മാത്തുക്കുട്ടി, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം സ.ശ്രീകാര്യം അനിൽ , സ്വാഗതസംഘം ചെയർമാൻ സ. R.ശ്രീകുമാർ, NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സ. എൻ.നിമൽരാജ് , മുൻ ട്രഷറർ സ.സി.കെ.ദിനേശ്കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .
യൂണിയൻ നോർത്ത് ജില്ലാ പ്രസിഡണ്ട് സ:കെ.എ. ബിജുരാജ് അദ്ധ്യക്ഷനായി . ജില്ലാ സെക്രട്ടറി സ: യു.എം.നഹാസ് സ്വാഗതവും ജില്ലാ ട്രഷറർ സ.കെ.എം.സക്കീർ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *