എഫ്.എസ്.ഇ.ടി.ഒ ഹ്രസ്വ ചരിത്രം
1960 കളുടെ അവസാന പാ ദത്തിലും എഴുപതുകളുടെ ആദ്യവും രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന സംസ്ഥാന ജീവനക്കാരുടെ സമരത്തെ അതത് സ ര്‍ക്കാറുകള്‍ നിര്‍ദാക്ഷിണ്യം നേരിട്ടു. കേരളത്തിലെ സംസ്ഥാന ജീവനക്കാര്‍ ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ട് 1973 ജനുവരി 10ന് ആരംഭിച്ച പണിമുടക്ക് മാര്‍ച്ച് 3ന് നിരുപാധികം പിന്‍വലിക്കേണ്ടിവന്നു. സര്‍ക്കാരിന്റെ മര്‍ക്കട മുഷ്‌ടിയും ജീവനക്കാരുടെ സംഘടനകളുടെ അനൈക്യവും 54 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിനു കാരണമായി. ജീവനക്കാരുടെ ഇടയില്‍ ഭിന്നിപ്പ് സൃഷ്‌ടിക്കാനും സംഘടനകളെ ഒറ്റപ്പെടുത്തി ഇല്ലായ്‌മ ചെയ്യാനും ഭരണാധികാരികള്‍ ശ്രമിച്ചു. ഇതിലൂടെ ഒന്നിച്ചുനിന്നു പോരാടേണ്ടതിന്റെ ആവശ്യകത ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. ഇതിന്റെ ഫലമായി കേരള സര്‍വ്വീസ് സംഘടന ഫെഡറേഷന്‍, കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി എന്നീ സംഘടനകളുടെ കൂട്ടായ്‌മകള്‍ നിലവില്‍ വന്നുവെങ്കിലും ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടത്ര ഇടപെടാന്‍ ഇവയ്‌ക്കായില്ല.
1973 ലെ പണിമുടക്കിന് ആധാരമായ ഡിമാന്റുകള്‍ ജോയിന്റ് കൗണ്‍സില്‍ ഒഴികെയുള്ള സംഘടനകള്‍ അംഗീകരിച്ചുകൊണ്ട് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ഭരണാധികാരികളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഇവയില്‍ പലതും പിന്‍മാറി. അങ്ങനെ പിന്‍മാറിയ സംഘടനകളിലെ ഒരു വിഭാഗം നേതൃത്വത്തെ തള്ളി പണിമുടക്കില്‍ അണിചേര്‍ന്നു. പ്രൈവറ്റ് സ്‌കൂള്‍ മേഖലയില്‍ നിന്നും അപ്രകാരം പണിമുടക്കിയ അദ്ധ്യാപകര്‍ പണിമുടക്കിനുശേഷം കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.പി.ടി.യു), സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയനും രൂപീകരിച്ചു. പണിമുടക്ക് ഘട്ടത്തില്‍ പരസ്‌പരം കൂടിയാലോചിക്കുന്ന സമിതികളായാണ് സംഘടനകള്‍ നിലകൊണ്ടത്. പണിമുടക്കിനുശേഷം പ്രതികാര നടപടികള്‍ക്കെതിരെ അതാതു മേഖലകളിലെ സംഘടനകള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ആരംഭിച്ച പ്രക്ഷോഭം പിന്നീട് സമരസമിതികള്‍ യോഗം ചേര്‍ന്ന് സംയുക്ത പ്രക്ഷോഭമാക്കി മാറ്റി. 1973 ജൂണ്‍ മാസത്തില്‍ നടത്തിയ തീവണ്ടി ജാഥയായിരുന്നു ആദ്യത്തെ സംയുക്ത പ്രക്ഷോഭം. ജീവനക്കാരുടെ പൊതു ആവശ്യങ്ങളുയര്‍ത്താന്‍ ഒരു സ്ഥിരം സംഘടനാ വേദി വേണമെന്ന ആശയം അങ്ങനെ രൂപപ്പെട്ടു. ഈ ആശയമാണ് 1973 ഒക്‌ടോബര്‍ 12ന് എറണാകുളത്ത് ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന രൂപീകൃതമാകാന്‍ കാരണമായത്. ഒക്‌ടോബര്‍ മാസം തന്നെ ജില്ലാ – താലൂക്ക് കമ്മറ്റികളും നിലവില്‍ വന്നു.
പ്രഥമ ഭാരവാഹികള്‍
പ്രസിഡന്റ് : വി.വി. ജോസഫ് (കെ.ജി.പി.ടി.എ)
വൈസ് പ്രസിഡന്റ് : എം.വി.കരുണാകരന്‍ നായര്‍ (ലോവര്‍ ഗ്രേഡ് യൂണിയന്‍)
ജനറല്‍ സെക്രട്ടറി : ഇ. പദ്‌മനാഭന്‍ (കേരള എന്‍.ജി.ഒ. യൂണിയന്‍)
ജോയിന്റ് സെക്രട്ടറി : ജി. കുചേലദാസ് (സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍)
ഖജാന്‍ജി : ആര്‍. ഗോപിനാഥന്‍ നായര്‍ (മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍)
രൂപീകരണ സമയത്തെ അംഗസംഘടനകള്‍
കേരള എന്‍.ജി.ഒ. യൂണിയന്‍
കേരള ഗവ: പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍
കേരള ലോവര്‍ ഗ്രേഡ് യൂണിയന്‍
കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് യൂണിയന്‍
ഹോസ്‌പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍
അഗ്രികള്‍ച്ചറല്‍ ഡെമോണ്‍സ്‌ട്രേറ്റേഴ്‌സ് അസോസിയേഷന്‍
കേരള ഐ.ടി.ഐ സ്റ്റാഫ് അസോസിയേഷന്‍
കേരള എന്‍ജിനീയറിംഗ് എംപ്ലോയീസ് അസോസിയേഷന്‍
കേരള ഗവ: ഡ്രൈവേഴ്‌സ് അസോസിയേഷന്‍
കേരള ഖാദിബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍
ടി.സി. അറബിക് മുന്‍ഷീസ് അസോസിയേഷന്‍
കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍
കേരള സര്‍ക്കാര്‍ സ്‌കൂള്‍ ഭാഷാദ്ധ്യാപക സംഘടന
കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍
എംപ്ലോയ്‌മെന്റ് സര്‍വ്വീസ് എന്‍.ജി.ഒ. അസോസിയേഷന്‍
സെക്രട്ടറിയേറ്റ് ക്ലാസ് IV എംപ്ലോയീസ് അസോസിയേഷന്‍
പിന്നീട് വിവിധ അവസരങ്ങളിലായി പാര്‍ട്ട് ടൈം കണ്ടിജന്‍സി, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പഞ്ചായത്ത് സര്‍വ്വീസ്, നേഴ്‌സിംഗ് സര്‍വ്വീസ്, ഗസറ്റഡ് എന്നീ മേഖലകളിലെ സംഘടനകള്‍ എഫ്.എസ്.ഇ.ടി.ഒ. യില്‍ അംഗമായി ചേര്‍ന്നു.
ഫെഡറേഷനില്‍ അംഗങ്ങളായിരുന്ന പല സംഘടനകളും പിന്നീട് ലയിച്ച് ഒന്നായിത്തീര്‍ന്നിട്ടുണ്ട്. കേരള ഐ.ടി.ഐ. സ്റ്റാഫ് അസോസിയേഷന്‍ (1975), കേരള ലോവര്‍ ഗ്രേഡ് യൂണിയന്‍ (1976), കേരള എന്‍ജിനീയറിംഗ് എംപ്ലോയീസ് അസോസിയേഷന്‍ (1976), കേരള പാര്‍ട്ട് ടൈം കണ്ടിജന്‍സി എംപ്ലോയീസ് യൂണിയന്‍ (1993), കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്‍ (2011), കേരള ഹോസ്‌പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (2011) എന്നീ സംഘടനകള്‍ കേരള എന്‍.ജി.ഒ. യൂണിയനില്‍ ലയിച്ചു. കെ.ജി.പി.ടി.എ., കെ.പി.ടി.യു, കെ.എസ്.എസ്.ബി.എസ് എന്നീ ഫെഡറേഷന്‍ അംഗ സംഘടനകളും ഡി.ജി.ടി.എ.യും ലയിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ രൂപീകരിച്ചു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയനും സെക്രട്ടറിയേറ്റ് ക്ലാസ് IV എംപ്ലോയീസ് അസോസിയേഷനും ലയിച്ച് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിലവില്‍ വന്നു.
ഫെഡറേഷന്‍ രൂപീകരണസമയത്ത് അംഗങ്ങളായിരുന്ന ചില സംഘടനകള്‍ പില്‍ക്കാലത്ത് പ്രവര്‍ത്തനക്ഷമമല്ലാതായതുകൊണ്ടും നേതൃമാറ്റത്തിന്റെ ഫലമായി പ്രക്ഷോഭങ്ങളില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടും ഫെഡറേഷനുമായുള്ള ബന്ധം നിലനിര്‍ത്തിയില്ല.
2014 ല്‍ ഫെഡറേഷനില്‍ ഉള്ള അംഗസംഘടനകള്‍
കേരള എന്‍.ജി.ഒ. യൂണിയന്‍
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍
കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍
കേരള ഗവ: നഴ്‌സസ് അസോസിയേഷന്‍
കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍
കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍
|
പ്രക്ഷോഭങ്ങള്‍
ഡിമാന്റുകള്‍ക്ക് രൂപം നല്‍കുന്നതിനും വിവിധ സമരമുന്നണികള്‍ കെട്ടിപ്പടുത്തുകൊണ്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനും 1973 ന് ശേഷം നേതൃസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ എഫ്.എസ്.ഇ.ടി.ഒ വിന് കഴിഞ്ഞു.
മിനിമം വേതനത്തിനായുള്ള നിവേദനം
മൂന്നാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് ഓരോ സംസ്ഥാന ഘടകവും സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റി ഉന്നയിക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് AISGEF വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമുണ്ടായി. കേരളത്തില്‍ വിദ്യുച്ഛക്തി, ട്രാന്‍സ്‌പോര്‍ട്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള വേതന ഘടനകള്‍ കണക്കിലെടുത്ത് 295 രൂപ മിനിമം വേതനമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് FSETO സര്‍ക്കാരിനു നിവേദനം നല്‍കി.
വിലക്കയറ്റത്തിനുംഭക്ഷ്യക്ഷാമത്തിനുമെതിരായി അഖിലേന്ത്യാ ഫെഡറേഷന്റെ ആഹ്വാനമനുസരിച്ച് 1974 ഏപ്രില്‍ 9ന് സൂചനാ പണിമുടക്ക് നടത്തി.
റെയില്‍വേ തൊഴിലാളി പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് 1974 മെയ് 15ന് ഒരു ദിവസം പണിമുടക്കി.
ശമ്പളപരിഷ്‌കരണ ചര്‍ച്ച – ബഹിഷ്‌കരണം
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി 1974 മാര്‍ച്ച് 23, 26, ഏപ്രില്‍ 2 തീയതികളില്‍ നടത്തിയ ചര്‍ച്ചയില്‍ FSETO പങ്കെടുത്തു. മിനിമം ശമ്പളം അനുവദിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 2 ന്റെ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി.
1974 ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്‌തംബര്‍ എന്നീ മാസങ്ങളിലായി അനുവദിക്കേണ്ട 6 ഗഡു ക്ഷാമബത്ത കുടിശ്ശിക നേടിയെടുക്കുന്നതിനായി 1974 നവംബര്‍ മാസത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. സര്‍ക്കാരിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ച് 1975 ജനുവരി 15 മുതല്‍ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചു. ജോയിന്റ് കൗണ്‍സിലും എന്‍.ജി.ഒ. അസോസിയേഷനും പണിമുടക്ക് പ്രഖ്യപിച്ചു. ഈ സാഹചര്യത്തില്‍ 2 ഗഡു ക്ഷാമബത്ത കുടിശിക മാത്രം 1975 ജനുവരി മുതല്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍ അവശേഷിക്കുന്ന ഗഡുക്കള്‍ കൂടി നേടിയെടുക്കുന്നതിനായി FSETO പ്രക്ഷോഭവുമായി മുന്നോട്ടുപോയി. എന്‍.ജി.അസോസിയേഷന്‍ FSETO യുമായി യോജിച്ചു പണിമുടക്കാന്‍ തയ്യാറായെങ്കിലും ജോയിന്റ് കൗണ്‍സില്‍ അച്യുതമേനോന്‍ സര്‍ക്കാരിനോടുള്ള വിധേയത്വത്തിന്റെ പേരില്‍ വിട്ടുനിന്നു. ഡി.ഐ.ആര്‍. ഉപയോഗിച്ച് സമരക്കാരെ സര്‍ക്കാര്‍ നേരിട്ടു. ഫെബ്രുവരി 5ന് പണിമുടക്കം ആരംഭിച്ചു. ഫെബ്രുവരി 10നും 11നും സര്‍ക്കാര്‍ ചര്‍ച്ച നടത്തി. പണിമുടക്ക് പിന്‍വലിച്ച ശേഷം കേന്ദ്രം നല്‍കിക്കഴിഞ്ഞ മൂന്നു ഗഡു ക്ഷാമബത്ത അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫെബ്രുവരി 11ന് പണിമുടക്കം പിന്‍വലിച്ച ശേഷം മൂന്നു ഗഡു ക്ഷാമബത്ത അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
നിര്‍ബന്ധ നിക്ഷേപ നിയമത്തിനെതിരെ (1974)
1974 ജൂലൈ 6ന് ഇന്ത്യാ ഗവണ്‍മെന്റ് ഓര്‍ഡിനന്‍സായി കൊണ്ടുവന്നതും പിന്നീട് നിയമമാക്കിയതുമായ നിര്‍ബന്ധ നിക്ഷേപ നിയമം വേതനം മരവിപ്പിക്കാനുള്ള നടപടിയായതിനാല്‍ ഇതിനെതിരെ 1974 സെപ്‌തംബര്‍ 18ന് നടന്ന പൊതു പണിമുടക്കില്‍ എഫ്.എസ്.ഇ.ടി.ഒ. പങ്കെടുത്തു.
കേരള ബന്ദ് (1974 ഡിസംബര്‍ 10)
ഭക്ഷ്യ ക്ഷാമത്തിനും വിലക്കയറ്റത്തിനുമെതിരായി 1974 ഡിസംബര്‍ 10ന് നടന്ന കേരള ബന്ദില്‍ അഖിലേന്ത്യാ ഫെഡറേഷന്റെ ആഹ്വാന പ്രകാരം എഫ്.എസ്.ഇ.ടി.ഒ. പണിമുടക്കി.
1978 ലെ പണിമുടക്ക്
ശമ്പളപരിഷ്‌കരണവും ഇടക്കാലാശ്വാസവും ബോണസും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് രൂപം നല്‍കി. 1977 ഒക്‌ടോബര്‍ 15ന് എറണാകുളത്ത് ചേര്‍ന്ന വിവിധ അദ്ധ്യാപക സര്‍വ്വീസ് സംഘടനാ പ്രതിനിധികളുടെ യോഗം ഇ.പദ്‌മനാഭന്‍, ടി.വി. അപ്പുണ്ണി നായര്‍, കെ.വി.ദേവദാസ് എന്നിവര്‍ കണ്‍വീനര്‍മാരായി അദ്ധ്യാപക സര്‍വ്വീസ് സംഘടനാ ഐക്യസമരസമിതി രൂപീകരിച്ചു. ഡിസംബര്‍ 1ന് നടത്തിയ സൂചനാ പണിമുടക്കില്‍ നിന്നും ജോയിന്റ് കൗണ്‍സില്‍ വിട്ടുനിന്നു. 1978 ജനുവരി 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.കരിനിയമങ്ങളും അറസ്റ്റും കൊണ്ട് സമരക്കാരെ സര്‍ക്കാര്‍ നേരിട്ടു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി. പണിമുടക്കിന് യാതൊരു മുന്നൊരുക്കവും എടുക്കാതിരുന്ന എന്‍.ജി.ഒ. അസോസിയേഷന്‍ സര്‍ക്കാരിന്റെ മര്‍ദ്ദന മുറകളില്‍ പ്രതിരോധിക്കാന്‍ കഴിയാതെ അന്തംവിട്ടപ്പോള്‍ പണിമുടക്ക് രംഗത്തുണ്ടായിരുന്ന സംഘടനകളുടെ ഐക്യം തകരുന്ന സ്ഥിതിയുണ്ടായി. ഈ അവസരത്തില്‍ ജനുവരി 27 ന് സമരസമിതി യോഗം ചേര്‍ന്ന് പണിമുടക്കം നിരുപാധികം പിന്‍വലിച്ചു. ഐക്യം നിലനിര്‍ത്തിക്കൊണ്ട് സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞതും ഡയസ്‌നോണ്‍ പിന്‍വലിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഡിമാന്റായി അംഗീകരിപ്പിക്കാന്‍ കഴിഞ്ഞതും എഫ്‌എസ്‌ഇടിഒ യുടെ നേട്ടമായി. 1978 ഡിസംബറില്‍ സംഘടനകളുടമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ആന്റണി സര്‍ക്കാര്‍ അംഗീകരിച്ചു.
ബോണസ്
1978 ലെ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ബോണസ് എന്ന ഡിമാന്റുയര്‍ത്തിയിരുന്നു. ഓണത്തിന് മുമ്പ് ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന വാഗ്‌ദാനം പാലിക്കാന്‍ കഴിയാതിരുന്ന ആന്റണി സര്‍ക്കാര്‍, ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിച്ച് 100 രൂപ എക്‌സ്‌ഗ്രേഷ്യ അനുവദിച്ചതിന്റെ ചുവടുപിടിച്ച് 1978 ലെ ഓണക്കാലത്ത് കേരളത്തില്‍ 125 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1984 ല്‍ ബോണസ് പ്രഖ്യാപിക്കപ്പെട്ടു.
ലീവ് സറണ്ടര്‍ സമരം
സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കുന്നതിന് ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചുകൊണ്ട് 1983 ജനുവരി 31 ന് രാത്രി കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഫെബ്രുവരി 2 ന് സമരസമിതിയുടെ ആഹ്വാനപ്രകാരം സംഘടനാ ഭേദമില്ലാതെ ജീവനക്കാര്‍ പണിമുടക്കി. സംസ്ഥാനത്താകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാന്‍ പോലീസ് ശ്രമിച്ചു. ആയിരക്കണക്കിന് ജീവനക്കാരുടെ പേരില്‍ കേസെടുത്തു. പുതിയ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിനെക്കൂടി ഉള്‍പ്പെടുത്തി സമരസമിതി വിപുലീകരിച്ച് അധ്യാപക സര്‍വീസ് സംഘടനാ ഐക്യ സമരസമിതി രൂപീകരിച്ചു. ഫെബ്രുവരി 9 ന് നടന്ന ചര്‍ച്ചയില്‍ മരവിപ്പിച്ച ലീവ് സറണ്ടര്‍ ഘട്ടംഘട്ടമായി പുന:സ്ഥാപിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തയ്യാറായെങ്കിലും മാര്‍ച്ച് 5 ന് വീണ്ടും ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ വാഗ്‌ദാനവും സമരസമിതിയുടെ യോജിപ്പില്ലായ്‌മയും മൂലം പണിമുടക്ക് മാറ്റിവച്ചു.
സൂചനാ പണിമുടക്ക് (ജൂലൈ 6)
1983 മാര്‍ച്ച് 5 ന്റെ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതുപോലെ ഏപ്രില്‍ ആദ്യവാരം ശമ്പളകമ്മീഷനെ നിയമിക്കാത്ത സാഹചര്യത്തില്‍ സമരസമിതി വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. ജൂലൈ 6 ന് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് വന്‍ വിജയമായിരുന്നു.
ഇടക്കാലാശ്വാസത്തിനുവേണ്ടി (1984)
ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ പ3ശ്‌നങ്ങളിലും വാഗ്‌ദാന ലംഘനവും വഞ്ചനയും, രണ്ടുവര്‍ഷമായി സര്‍ക്കാര്‍ തുടരുകയായിരുന്നു. ഇടക്കാലാശ്വാസം അനുവദിക്കുമെന്ന് 1983 ജൂലൈ 30 ലെ ചര്‍ച്ചയില്‍ നല്‍കിയിരുന്ന ഉറപ്പും ലംഘിക്കപ്പെട്ടു. ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പലതവണ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് 1984 ഫെബ്രുവരി 16 ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്കം ശക്തമാക്കിയതിനെ തുടര്‍ന്ന് ഫെബ്രുവരി 22 ന് സര്‍ക്കാര്‍ ഇടക്കാലാശ്വാസം അനുവദിച്ചു.
അഞ്ചുവര്‍ഷ ശമ്പളപരിഷ്‌കരണതത്വം ഉറപ്പിച്ച പണിമുടക്ക്
1983 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണത്തിനായുള്ള പ്രക്ഷോഭം 1982 ജൂണ്‍ 25 ന് കേരള എന്‍ജിഒ യൂണിയന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രികയോടെ ആരംഭിച്ചിരുന്നു. അവകാശങ്ങള്‍ നീട്ടിക്കൊണ്ടുപോയി നിഷേധിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സംഘടനകള്‍ യോജിച്ചു. 1983 ന് പകരം 1985 മുതല്‍ പ്രാബല്യം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ 1985 ജൂലൈ 16 ന് സൂചനാപണിമുടക്ക് നടത്തി. ആഗസ്റ്റ് 7 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആഗസ്റ്റ് 17 ന് ശമ്പളം പരിഷ്‌കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ പണിമുടക്ക് അവസാനിപ്പിച്ചു. എന്നാല്‍ 1985 സെപ്‌റ്റംബര്‍ 16 ന് മാത്രമാണ് ശമ്പളപരിഷ്‌കരണ ഉത്തരവ് പുറപ്പെടുവിച്ചത്. 21 മാസക്കാലത്തെ കുടിശ്ശിക ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെട്ടുവെങ്കിലും മൂന്നുവര്‍ഷത്തെ പ്രക്ഷോഭങ്ങള്‍ കൊണ്ട് അഞ്ചുവര്‍ഷ ശമ്പളപരിഷ്‌കരണതത്വം സംരക്ഷിക്കാന്‍ കഴിഞ്ഞു.
ഫെബ്രുവരി 26 ദേശീയ പണിമുടക്ക് (1986)
ജീവനക്കാര്‍ക്കെതിരായ ഭരണഘടനാവകുപ്പുകള്‍ റദ്ദാക്കുന്നതിനുവേണ്ടി 1986 ഫെബ്രുവരി 26 ന് അഖിലേന്ത്യാ ഫെഡറേഷന്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കില്‍ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ – പ്രക്ഷോഭങ്ങള്‍
കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ ശാസ്‌ത്രീയമായി പുന:സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ ഫെഡറേഷന്റെ ആഹ്വാനപ്രകാരം 1988 ഫെബ്രുവരി 10 ന്റെ ദേശീയ പണിമുടക്കം കേരളത്തില്‍ പൂര്‍ണ്ണമായിരുന്നു.
പേ-ഇക്വലൈസേഷനെതിരെ സൂചനാപണിമുടക്കം (1992)
ജീവനക്കാര്‍ക്ക് കേന്ദ്ര പാരിറ്റി നടപ്പാക്കുമെന്ന യുഡിഎഫ് വാഗ്‌ദാനത്തിന്റെ മറവില്‍ സമയബന്ധിത ശമ്പളപരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ 1992 ജൂണില്‍ സമരം ആരംഭിച്ചിരുന്നു. നിലവിലുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രപാരിറ്റി നടപ്പാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി 1992 ഒക്‌ടോബര്‍ 28 ന് സൂചനാപണിമുടക്കം നടത്തി.
സര്‍ക്കാര്‍ വഞ്ചനക്കെതിരെ പ്രതിഷേധ പണിമുടക്ക്
പേ ഇക്വലൈസേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ജീവനക്കാര്‍ക്കുണ്ടാക്കുന്ന നഷ്‌ടം ചൂണ്ടിക്കാണിച്ച് ഐക്യ സമരസമിതി സര്‍ക്കാരിന് 1993 മാര്‍ച്ച് 26 ന് നിവേദനം നല്‍കി. പി.ഇ.സി. റിപ്പോര്‍ട്ട് തള്ളിക്കളയുക, ആറാം ശമ്പളകമ്മീഷന്‍ നടപടികള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സെപ്‌റ്റംബറില്‍ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചു. തകര്‍ക്കപ്പെട്ട വേതനഘടനയും നഷ്‌ടപ്പെട്ട മാസ്റ്റര്‍ സ്‌കെയിലും ഉയര്‍ന്ന ഇന്‍ക്രിമെന്റ് നിരക്കും സംരക്ഷിക്കാന്‍ 1993 സെപ്‌റ്റംബര്‍ 29 ന് പ്രതിഷേധപണിമുടക്ക് നടത്തി.
ഇടക്കാലാശ്വാസ സമരം (1995)
1992 ല്‍ പേ ഇക്വലൈസേഷന്‍ നടപ്പാക്കിയതിലൂടെ ജീവനക്കാര്‍ക്ക് 1993 മുതല്‍ ലഭിക്കേണ്ട സമഗ്രമായ ശമ്പളപരിഷ്‌കരണം നഷ്‌ടപ്പെട്ടു. നിത്യോപയോക സാധനങ്ങളുടെ വിലവര്‍ദ്ധനവും ഇതരമേഖലകളില്‍ ജീവനക്കാരുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവും കണക്കിലെടുത്ത് സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുക, അടിസ്ഥാന ശമ്പളത്തിന്റെ 20 (മിനിമം 250 രൂപ) ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഫ്‌എസ്‌ഇടിഒ പ്രക്ഷോഭം തീരുമാനിച്ചു. സംഗ്രമായ ശമ്പളപരിഷ്‌കരണത്തിന്റെയും പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെയും അഭാവത്തില്‍ പെന്‍ഷന്‍ പറ്റി പിരിയുന്ന ജീവനക്കാര്‍ക്കുണ്ടാകുന്ന കടുത്ത സാമ്പത്തിക നഷ്‌ടം പരിഹരിക്കാന്‍ ക്ഷാമബത്ത കൂടെ കണക്കിലെടുത്ത് പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശികയായ 22 ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ കൂടി അടങ്ങിയ അവകാശപ്പത്രിക 1995 ആഗസ്റ്റ് 24 ന് സര്‍ക്കാരിന് നല്‍കി.
എഫ്‌എസ്‌ഇടിഒ യോടൊപ്പം ഈ പ്രക്ഷോഭത്തില്‍ കെജിഒഎ, എന്‍ജിഒ സെന്റര്‍, എന്‍ജിഒ ഫ്രണ്ട്, എന്‍ജിഒ അസോസിയേഷന്‍ (എസ്) എന്നീ സംഘടനകള്‍ പങഅകെടുക്കുകയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിന് രൂപം നല്‍കുകയും നവംബര്‍ 15 മുതല്‍ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിക്കുകയും ചെയ്‌തു. തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചും ഐക്യം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും വേണ്ടി നവംബര്‍ 15 ന്റെ പണിമുടക്ക് നവംബര്‍ 23 ലേക്ക് മാറ്റുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നവംബര്‍ 14 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാനും 100 രൂപ ഇടക്കാലാശ്വാസം തീരുമാനിച്ചു.ശമ്പളപരിഷ്‌കരണം സംബന്ധിച്ചനുകൂല തീരുമാനമുണ്ടായില്ലായെങ്കിലും ക്ഷാമബത്തയും ഇടക്കാലാശ്വാസവും അനുവദിച്ച സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്കം മാറ്റിവയ്‌ക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
സൂചനാപണിമുടക്ക് – 1996 മാര്‍ച്ച് 7
സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നയത്തിനെതിരെ 1996 മാര്‍ച്ച് 7 ന് സൂചനാ പണിമുടക്കം നടത്തുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഡൈസ്‌നോണ്‍ അടക്കമുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് പണിമുടക്കിനെ സര്‍ക്കാര്‍ നേരിട്ടെങ്കിലും പണിമുടക്ക് വന്‍ വിജയമായിരുന്നു.
2001 ജനുവരി 10 ദേശീയ പണിമുടക്കം
ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ അട്ടിമറിക്കുന്നതിനും സിവില്‍ സര്‍വീസിനെ ഡൗണ്‍സൈസ് ചെയ്യാനും കേന്ദ്ര ഗവണ്‍മെന്റും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ദേശവ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുന്നതിന് സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷന്‍ തീരുമാനിച്ചു. ഇതന്റെ ഭാഗമായി 2001 ജനുവരി 10 ന് അഖിലേന്ത്യാ പണിമുടക്കം നടത്തി. കേരളത്തില്‍ പണിമുടക്കം സമ്പൂര്‍ണ്ണമായിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണം
പ്രക്ഷോഭത്തില്‍ എഫ്‌എസ്‌ഇടിഒ ക്കൊപ്പം കെജിഒഷ, എന്‍ജിഒ സെന്റര്‍, എന്‍ജിഒ ഫ്രണ്ട്, എന്‍ജിഒ അസോസിയേഷന്‍ (എസ്) എന്നീ സംഘടനകള്‍ പങ്കെടുക്കുകയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിന് രൂപം നല്‍കുകയും 1995 നവംബര്‍ 15 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കം പ്രഖ്യാപിക്കുകയും ചെയ്‌തു. നവംബര്‍ 14 ന് കുടിശ്ശിക ക്ഷാമബത്തയും 100 രൂപ ഇടക്കാലാശ്വാസവും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പണിമുടക്കം മാറ്റിവെച്ചു.
ജൂലൈ 25 ദേശീയ പണിമുടക്കം
സര്‍വീസ് മേഖലയുടെ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, പെന്‍ഷന്‍ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി 2001 ജൂലൈ 25 ന് അഖിലേന്ത്യാ ഫെഡറേഷന്റെ ആഹ്വാന പ്രകാരം പണിമുടക്ക് നടത്തി.
32 ദിവസത്തെ പണിമുടക്കം (2002)
ജീവനക്കാരുടെ ആനുകൂല്‌യ്‌ങള്‍ കവര്‍ന്നെടുക്കുന്നതിനും തസ്‌തികകള്‍ വെട്ടിച്ചുരുക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുകൊണ്ട് 2002 ജനുവരി 16 ന് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ 2002 ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 9 വരെ നടത്തിയ പണിമുടക്കം അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമായിരുന്നു. അവശ്യ സര്‍വീസ് നിയമപ്രകാരം 15 വകുപ്പുകളില്‍ പണിമുടക്കം നിരോധിച്ചു. ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 23 ന് തന്നെ സര്‍ക്കാര്‍ രംഗത്തുവന്നു. പണിമുടക്ക് ആരംഭിച്ച് 5 ദിവസം കഴിഞ്ഞതോടെ എസ്‌മ പ്രകാരമുള്ള അറസ്റ്റ് ആരംഭിച്ചിരുന്നു. പണിമുടക്കില്‍ ജീവനക്കാര്‍ വര്‍ദ്ധിത വീര്യത്തോടെ പങ്കെടുത്തതും സമൂഹത്തിലെ നാനാതുറകളില്‍ നിന്നും ലഭിച്ച പിന്തുണയും മൂലം ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും മാറി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഒന്നിച്ചു നിന്ന് പോരാടിയാല്‍ വിജയം വരിക്കാനാകുമെന്ന് ഈ പണിമുടക്ക് തെളിയിച്ചു.
പണിമുടക്ക് അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയമപരമായോ, ധാര്‍മ്മികമായോ, ഭരണഘടനാപരമായോ പണിമുടക്കാന്‍ അവകാശമില്ലെന്ന സുപ്രീംകോടതിവിധിക്കെതിരെ പണിമുടക്കി പ്രതിഷേധിക്കാന്‍ കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളുടെ തീരുമാനപ്രകാരം 2004 ഫെബ്രുവരി 24 ന് അഖിലേന്ത്യാ പണിമുടക്കില്‍ അണിചേര്‍ന്നു. (ഗവര്‍ണ്ണറുടെ ആകസ്‌മിക നിര്യാണം കാരണം കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച കാരണം പണിമുടക്കം നടന്നില്ല)
ട്രെയിന്‍ ജാഥ
പണിമുടക്കവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ജീവനക്കാരില്‍ നിന്നും ഒപ്പ് ശേഖരിച്ച് രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 22 ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് ഒപ്പുകള്‍ വാങ്ങി ഒക്‌ടോബര്‍ 23 ന് ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത രാജ്‌ഭവന്‍ മാര്‍ച്ചിനുശേഷം ഗവര്‍ണ്ണര്‍ക്ക് കൈമാറി.
2006 ജനുവരി 24 ന്റെ പണിമുടക്ക്
ശമ്പളപരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ഇടക്കാലാസ്വാസം അനുവദിക്കുക, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കുക, സര്‍വീസ്-വിദ്യാഭ്യാസമേഖല സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2005 ഫെബ്രുവരി 23 മുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്താന്‍ ആക്ഷന്‍ കൗണ്‍സില്‍, ഐക്യവേദി, സമരസമിതി എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് ശമ്പളകമ്മീഷനെ നിയമിച്ചെങ്കിലും കമ്മീഷന്‍ ആവശ്യപ്പെടാതെ തന്നെ കാലാവധി നീട്ടിക്കൊടുത്തുകൊണ്ട് പരിഷ്‌കരണം നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ഗൂഢതന്ത്രം മനസ്സിലാക്കിയ സംഘടനകള്‍ 2006 ജനുവരി 24 ന് സൂചനാ പണിമുടക്ക് നടത്തി. പണിമുടക്ക് വന്‍ വിജയമായിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍
സൂചനാപണിമുടക്ക് 2012 ആഗസ്റ്റ് 21
സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സ്‌റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച ഉത്തരവിനെതിരെ ആഗസ്റ്റ് 17 ന് പണിമുടക്കുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആഗസ്റ്റ് 21 ന് പണിമുടക്കുവാന്‍ സെറ്റൊ സംഘടനകളും തീരുമാനിച്ച സാഹചര്യത്തില്‍ യോജിച്ച പണിമുടക്കിനായി ആഗസ്റ്റ് 21 ലേക്ക് പണിമുടക്കം മാറ്റുവാന്‍ സമരമുന്നണികള്‍ തീരുമാനിച്ചു. ആഗസ്റ്റ് 16 ന് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ചുവടുപിടിച്ച് സെറ്റൊ പണിമുടക്കാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ എല്ലാ ഭീഷണികളെയും തള്ളിക്കളഞ്ഞ് ശക്തമായ പണിമുടക്കാണ് ആഗസ്റ്റ് 21 ന് നടന്നത്.
അനിശ്ചിതകാല പണിമുടക്ക് (2013 ജനുവരി 8-13)
ആഗസ്റ്റ് 21 ന്റെ സൂചനാ പണിമുടക്കില്‍ ജീവനക്കാര്‍ പ്രകടിപ്പിച്ച വികാരം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി, ഫെറ്റൊ മുന്നണികള്‍ യോഗം ചേര്‍ന്ന് 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം പ്രചരണ വാഹനജാഥ, ജീവനക്കാരുടെ ഒപ്പുശേഖരണം, നവംബര്‍ 22 ന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡിസംബര്‍ 18-20 വരെ കാല്‍നട പ്രചരണജാഥകള്‍, ഡിസംബര്‍ 26-30 വരെ പെന്‍ഷന്‍ സംരക്ഷണ കൂട്ടായ്‌മ എന്നിവ സംഘടിപ്പിച്ചു. പണിമുടക്ക് ക്യാമ്പയിന്‍ ശക്തമായതോടെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജനുവരി 1 ന് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പ്രഹസനമായതോടെ പണിമുടക്ക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. സര്‍ക്കാരിന്റെ എല്ലാ ഭീഷണികളെയും അവഗണിച്ച് ജനുവരി 8 മുതല്‍ ആരംഭിച്ച പണിമുടക്ക് ശക്തമായി മൂന്നോട്ടുപോയി. പണിമുടക്കിനെ കര്‍ശനമായി സര്‍ക്കാര്‍ നേരിട്ടെങ്കിലും ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ജനുവരി 13 ന് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ചര്‍ച്ചയിലുണ്ടായ അനുകൂല തീരുമാനങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് പണിമുടക്ക് നിര്‍ത്തിവയ്‌ക്കാനും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരാനും തീരുമാനിച്ചു.
100 മണിക്കൂര്‍ സത്യാഗ്രഹം
പണിമുടക്കിന്റെ പേരില്‍ കൈക്കൊണ്ട പ്രതികാര നടപടികള്‍ ഉപേക്ഷിക്കുക കള്ളക്കേസുകളും പോലീസ് നടപടികളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി 2013 മാര്‍ച്ച് 18 മുതല്‍ 22 വരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 100 മണിക്കൂര്‍ സത്യഗ്രഹം നടത്തി.
2013 ഏപ്രില്‍ 1 – കരി ദിനം
പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും പെന്‍ഷന്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാരിന് കൂട്ടുനിന്ന സെറ്റോ സംഘടനകളുടെ വഞ്ചനാപരമായ നിലപാട് തുറന്നുകാട്ടുന്നതിനും വേണ്ടി പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സംസ്ഥാനത്ത് നിലവില്‍ വന്ന 2013 ഏപ്രില്‍ 1 ന് ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും കരിദിനമായി ആചരിച്ചു.
ദ്വിദിന ദേശീയ പണിമുടക്കം
വിലക്കയറ്റം തടയുക, PFRDA ബില്‍ പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍പദ്ധതി പുന:സ്ഥാപിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക, ബോണസ് പരിധി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2013 ഫെബ്രുവരി 20,21 തീയതികളില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്ക് ചേര്‍ന്നു.
സാര്‍വദേശീയ പ്രക്ഷോഭദിനം ഒക്‌ടോബര്‍ 3
2012 ഒക്‌ടോബര്‍ 3 ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ രൂപീകൃതമായി 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ആഹാരം, കുടിവെള്ളം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭങ്ങള്‍ക്ക് WFTU ആഹ്വാനം ചെയ്‌തു. ഒക്‌ടോബര്‍ 3 സാര്‍വദേശീയ പ്രക്ഷോഭദിനമായി ആചരിച്ചു.
ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ ഇന്ത്യയില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ സംഘടനകള്‍ രൂപീകരിക്കപ്പെട്ട് തുടങ്ങിയിരുന്നു. 1906 ല്‍ രൂപീകൃതമായ ഇന്ത്യന്‍ ടെലഗ്രാഫ് അസോസിയേഷനാണ് ഈ വിഭാഗത്തില്‍പ്പെട്ട ആദ്യ സംഘടന. ഇപ്രകാരം പ്രാഥമികമായ ചില സംഘടനാ രൂപീകരണശ്രമങ്ങള്‍ വിവിധ മേഖലകളില്‍ ഉണ്ടായെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് ശക്തമായ സംഘടനാരൂപീകരണ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. യുദ്ധത്തിന്റെ ദോഷഫലങ്ങള്‍ ഏറ്റവുമധികം ബാധിച്ച ഗവണ്‍മെന്റ് ജീവനക്കാര്‍ ഒറ്റപ്പെട്ടുനിന്നതിലെ വിവേകശൂന്യത മനസ്സിലാക്കി സംഘടിക്കാന്‍ തുടങ്ങി. അതോടെ ഗവണ്‍മെന്റ് ജീവനക്കാരുടെ അനേകം സംഘടനകള്‍ രൂപംകൊണ്ടുതുടങ്ങി. 1920 സെപ്‌തംബറില്‍ ബംഗാള്‍ – ആസ്സാം സംസ്ഥാന തപാല്‍ ആര്‍.എം.എസ് അസോസിയേഷനും അഖിലേന്ത്യാ തപാല്‍ ഓഫീസ് ആര്‍.എം.എസ് യൂണിയനും രൂപം കൊണ്ടു. ഗവണ്‍മെന്റ് ജീവനക്കാര്‍ക്കിടയില്‍ സംഘടനാ ബോധം വളര്‍ത്തുന്നതില്‍ എ.ഐ.എസ്.ജി.ഇ.എഫ് (അഖിലേന്ത്യാ ഫെഡറേഷന്‍) മുഖ്യപങ്കാണ് വഹിച്ചത്.
ഇതിനിടയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കേന്ദ്രസെക്രട്ടറിയേറ്റ്, ആഡിറ്റ് വകുപ്പ്, ആദായ നികുതി വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍
ഇതിനിടയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കേന്ദസെക്രട്ടറിയേറ്റ്, ആഡിറ്റ് വകുപ്പ്, ആദായ നികുതി വകുപ്പ്, മറ്റു വകുപ്പുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ചേര്‍ന്ന് മറ്റു പല യൂണിയനുകളും രൂപീകരിച്ചു. റിസര്‍വ്‌ബാങ്ക്, റെയില്‍വേ, ബാങ്ക് ജീവനക്കാരുടെ മേഖലയിലും അഖിലേന്ത്യാ സംഘടനകള്‍ രൂപം കൊണ്ടു.
ഒന്നാം ലോക യുദ്ധാനന്തര സാഹചര്യങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ മേഖലയിലും സംഘടന വേണമെന്ന മനോഭാവം സൃഷ്ടിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ 1920-21 കാലഘട്ടത്തില്‍ സംസ്ഥാന ജീവനക്കാരുടെ സംഘടനകള്‍ രൂപം കൊണ്ടു തുടങ്ങി.
തുടക്കത്തില്‍ ഈ സംഘടനകള്‍ വിഭാഗീയടിസ്ഥാനത്തിലാണ് രൂപീകൃതമായതും, പ്രവര്‍ത്തിച്ചതും. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍, ഈ സംഘടനകള്‍ക്കും സംയുക്തമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം വന്നു ചേര്‍ന്നു.
സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടന രൂപീകരിക്കനുള്ള ശ്രമത്തിന്റെ ഭാഗമായി 1960 ജനുവരി 23,25 തീയതികളില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം ഹൈദ്രബാദില്‍ വിളിച്ചു ചേര്‍ത്തു. ആന്ധ്ര എന്‍.ജി.ഒ.ഫെഡറേഷന്റെ മുന്‍കൈയോടെ തെക്കന്‍ സംസ്ഥാന എന്‍.ജി.ഓ ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് യോഗം നടന്നത്. കേരളത്തില്‍ നിന്ന് ഉത്തര കേരള എന്‍.ജി.ഓ അസോസിയേഷന്‍ പ്രതിനിധികളും സംബന്ധിച്ചിരുന്നു. ഈ സമ്മേളനമാണ് ജീവനക്കാരുടെവിവിധ സംസ്ഥാന തല സംഘടനകള്‍ ഉള്‍പ്പെട്ട ആള്‍ ഇന്ത്യാ സ്‌റ്റേററ് ഗവണ്‍മെന്റ് എംപ്‌ളോയീസ് ഫെഡറേഷന് രൂപം നല്‍കിയത്. എങ്കിലും ആ സംഘടന തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ നിര്‍ജീവമായിരുന്നു. 1965 ജൂണ് 11 മുതല്‍ 13വരെ കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന അഖിലേന്ത്യാ കണ്‍വെന്‍ഷനിലൂടെയും 1966 നവംബര്‍ 2 മുതല്‍ 5 വരെ തിരുവനന്തപുരത്തു ചേര്‍ന്ന പ്രഥമ ദേശീയസമ്മേളനത്തിലൂടെയും ആള്‍ ഇന്ത്യാ ഫെഡറേഷന്‍ പ്രവര്‍ത്തന സജ്ജമായി. തിരുവന്തപുരത്തു ചേര്‍ന്ന സമ്മേളനം അരവിന്ദഘോഷിനെ(പശ്ചിമ ബംഗാള്‍)പ്രസിഡണ്ടായും എ.രാമലുവിനെ(ആന്ധ്രാ പ്രദേശ്) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുത്തു. സെക്രട്ടറിമാരില്‍ ഒരാളായി ഇ. പത്മനാഭന്‍ തിരഞ്ഞെടുക്കപ്പെട്ടു.
അവശ്യാധിഷ്ടിത മിനിമം വേതനം, ജീവിത സൂചികയുമായി ബന്ധപ്പെട്ട ക്ഷാമബത്ത, ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ അവകാശം എന്നിവയായിരുന്നു സമ്മേളനം മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങള്‍.
1996 ല്‍ ( ഡിസംബര്‍ 28-31) ഒന്‍പതാം ദേശീയ സമ്മേളനവും 2008 ല്‍ ( ഡിസംബര്‍ 20-23) പതിമൂന്നാം ദേശീയ സമ്മേളനവും തിരുവനന്തപുരത്ത് ചേരുകയുണ്ടായി.
1982 മുതല്‍ 2008 വരെ സുകോമള്‍ സെന്‍ ആയിരുന്നു ജനറല്‍സെക്രട്ടറി.
നിലവിലെ ഭാരവാഹികള്‍
ചെയര്‍മാന്‍ : ആര്‍.മുത്തുസുന്ദരം
ഓണററി പ്രസിഡന്റ് : ആര്‍.ജി.കാര്‍ണിക്
സീനിയര്‍ വൈസ് ചെയര്‍മാന്‍ : സുകോമള്‍ സെന്‍
ജനറല്‍ സെക്രട്ടറി : എ.ശ്രീകുമാര്‍
അസിസ്റ്റന്റ് ജനറല്‍സെക്രട്ടറി : സുഭാഷ് ലംബ, മഞ്ചുള്‍കുമാര്‍ ദാസ്
കേരളത്തില്‍ നിന്ന് പി.എച്ച്.എം.ഇസ്‌മായില്‍ സെക്രട്ടറിയും എ.കെ.ഉണ്ണികൃഷ്‌ണന്‍ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നു.
കേരളത്തില്‍ നിന്ന് എഫ്.എസ്.ഇ.ടി.ഒ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 24 സംഘടനകളാണ് എ.ഐ.ജി.എസ്.എഫ് ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളത്.
എ.ഐ.ജി.എസ്.എഫ് ന്റെ മുഖ പത്രമാണ് എംപ്ലോയീസ് ഫോറം മാസിക. നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ അട്ടിമറിക്കുന്നതുള്‍പ്പെടെ ജീവനക്കാര്‍ക്കെതിരായ കടന്നാക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോപങ്ങള്‍ക്ക് എ.ഐ.ജി.എസ്.എഫ് നേതൃത്വം നല്‍കുന്നു. കേന്ദ്രസംസ്ഥാന പൊതുമേഖല ജീവനക്കാരുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്. ഗവണ്‍മെന്റ് ജീവനക്കാര്‍ക്കിടയില്‍ സംഘടനാ ബോധം വളര്‍ത്തുന്നതില്‍ മുഖ്യപങ്കാണ് സംഘടന വഹിക്കുന്നത്.
ഡബ്ല്യൂ.എഫ്.ടി.യു വിന്റെ ഭാഗമായ ട്രേഡ് യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ പബ്ലിക്ക് ആന്റ് അലൈഡ് എംപ്ലോയീസിസ് (ടി.യു.ഐ) അഫിലിയേറ്റ് ചെയ്‌ത സംഘടനയാണ് എ.ഐ.ജി.എസ്.എഫ്.