അട്ടത്തോടിന് “സാന്ത്വന” മായി എൻ ജി ഒ യൂണിയന്‍
അട്ടത്തോട് പട്ടികവർഗ്ഗ കോളനിക്ക് ഉത്സവാന്തരീക്ഷം പകർന്നു നൽകി കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. 2017 മെയ് മാസത്തിൽ കണ്ണൂരിൽ നടന്ന 54-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് തുടക്കം കുറിച്ച “സാന്ത്വനം” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ മായും വികസനപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേണ്ടി സമഗ്ര വികസന പദ്ധതികൾ ഏറ്റെടുക്കാൻ സംഘടന തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന അട്ടത്തോട് പട്ടികവർഗ്ഗ കോളനി ഏറ്റെടുക്കാൻ യൂണിയൻ ജില്ലാ കമ്മറ്റി തീരുമാനിച്ചത്. പദ്ധതി ഏറ്റെടുക്കലിന്റെ ഭാഗമായി രജിത് കെ രാജ് കൺവീനറും ഗോപി മൂഴിക്കൽ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുടെ ജില്ലാ കമ്മിറ്റി ചുമതലക്കാരനായി ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ് പ്രവർത്തിച്ചു.
കുടിവെള്ളത്തിനായി കോളനി നിവാസികൾ ആശ്രയിച്ചു വന്നത് വനാതിർത്തിയോട് ചേർന്നുള്ള നീരുറവയെ ആയിരുന്നു. അവിടെ നിന്ന് ഊറി വരുന്ന വെള്ളം ശേഖരിച്ചാണ് ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റി വന്നത്. വേനൽക്കാലമായതോടെ നീരൊഴുക്ക് കുറയുകയും ജനങ്ങൾ മണിക്കൂറുകളോളം ജലം ശേഖരിക്കുവാൻ വേണ്ടി വനാതിർത്തിയിലുള്ള ഉറവയ്ക്കു സമീപം രാത്രിയിൽ ഉൾപ്പെടെ കാവൽ നിൽക്കേണ്ട അവസ്ഥയുമായി. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് എൻ.ജി.ഒ.യൂണിയൻ നടപ്പാക്കിയ കുടിവെള്ള പദ്ധതി. ഇതിന്റെ ഭാഗമായി ആവശ്യമായ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കുകയും ഉറവയിൽ നിന്ന് ടാങ്കിലേക്ക് ശേഖരിക്കപ്പെടുന്ന ജലം പൈപ്പുകളിലൂടെ വീടുകളി ലെത്തിക്കാനും സംവിധാനമൊരുക്കി. ഈ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരും പങ്കാളികളായി. കിടപ്പു രോഗികളുളള 12 വീടുകളിലേക്ക് കട്ടിലുകളും മെത്തയും വാങ്ങി അവരുടെ വീടുകളിൽ എത്തിച്ച് സംഘടനയുടെ പ്രവർത്തകർ മാതൃകയായി.
അതോടൊപ്പം കോട്ടയം ജില്ലയിലെ ഭിന്നശേഷിക്കാരുടെ സഹകരണ സംഘം നിർമ്മിച്ച “അഭയം” കുടകളുടെ വിതരണവും നടന്നു. കോളനിയിലും പരിസരത്തുമുള്ള 100 വീടുകളിൽ ഓരോ കുട വീതം നൽകി. കോളനിയിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം വനവിഭവങ്ങളുടെ ശേഖരണവും ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ലഭിക്കുന്ന തൊഴിലുകളുമാണ്. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും തൊഴിൽ രഹിതരായവർക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകുവാനും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ദുർഘടമായിരുന്ന കോളനിയിലേക്കുള്ള ഒന്നര കിലോമീറ്റർ റോഡ് രാജു ഏബ്രഹാം എം.എൽ.എ.യുടെ ഫണ്ട് ഉപയോഗിച്ച് ഒന്നേകാൽ കോടി രൂപ ചെലവിൽ ഇന്‍റർ ലോക്ക് കട്ടകൾ പാകി സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്.
അട്ടത്തോട് പട്ടികവർഗ്ഗ കോളനിയുടെ സമഗ്ര വികസന പദ്ധതിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനവും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും രാജു ഏബ്രഹാം എം.എൽ.എ. നിർവ്വഹിച്ചു. “അഭയം” കുടകളുടെ വിതരണോദ്ഘാടനം ഊര് മൂപ്പൻ വി.കെ.നാരായണന് നൽകി കൊണ്ട് യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി നിർവ്വഹിച്ചു. കട്ടിൽ ,മെത്ത ഇവയുടെ വിതരണം ഗ്രാമ പഞ്ചായത്ത് മെമ്പർ രാജൻ വെട്ടിക്കൽ നിർവ്വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഹരിദാസ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എൻ സുധാകരൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എ അജിത്ത് കുമാർ ,രജിത് കെ രാജ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എ.ഫിറോസ് അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സി.വി.സുരേഷ് കുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.സുഗതൻ നന്ദിയും രേഖപ്പെടുത്തി.