തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാർച്ച് 10ന് രാത്രി സാമൂഹികവിരുദ്ധർ കടന്നുകയറി ഒ പി ടിക്കറ്റ് ചാർജുമായി ബന്ധപ്പെട്ട് തർക്കമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയാണുണ്ടായത്.ദിവസങ്ങളായിട്ടും ആക്രമികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻജിഒ യൂണിയൻ പ്രക്ഷോഭം സംഘടിപ്പിച്ചത്.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ അസഭ്യവർഷവും കയ്യേറ്റശ്രമങ്ങളും പതിവാണ്.ഈ വിഷയം ഗൗരവമായി കാണണമെന്നും സമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ നിന്നും ജീവനക്കാർക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും കേരള എൻ ജി ഒ യൂണിയൻ ആവശ്യപ്പെട്ടു.
മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച മാർച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്,ജില്ലാ ജോ.സെക്രട്ടറി ടി ജി രാജീവ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോബി ജേക്കബ്,ജില്ലാ കമ്മിറ്റി അംഗങ്ങൾ സജിമോൻ ടി മാത്യു, പികെ അബിൻ,ഏരിയ പ്രസിഡന്റ് കെ വി അമ്പിളി, ഏരിയ സെക്രട്ടറി സിഎം ശരത് എന്നിവർ പ്രസംഗിച്ചു.