ഇന്ധന വിലവർധനവ് -എഫ്.എസ്. ഇ. ടി. ഒ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു

                                        രാജ്യത്ത് തുടരെ തുടരെ ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് മഹാമാരിയും, വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് മേൽ നിത്യേനെയെന്നോണം ദുരിതങ്ങൾ കെട്ടിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. പെട്രോളിനും, ഡീസലിനും, പാചക വാതകത്തിനും വില കൂട്ടിയത്തിന് പിന്നാലെ മണ്ണെണ്ണയ്ക്കും വില കൂട്ടിയിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള മണ്ണെണ്ണയുടെ വില 37 രൂപയാണ് കൂട്ടിയിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 268 രൂപയാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്. ഇന്ധന വില വർധനയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.സംസ്ഥാനത്ത്  പെട്രോൾ വില 110 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ ഇന്ധന വില വർധിപ്പിക്കുകയും, അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ഇന്ധന വില കുറയ്ക്കാതിരിക്കുകയുമാണ് ചെയ്തുവരുന്നത്.

                        ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഏജീസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി  എം. എ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ എ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ, കെ.എം.സി.എസ്.യൂ  ജനറൽ സെക്രട്ടറി  പി.സുരേഷ്, , എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി കെ ഷീജ, കെജിഒഎ സംസ്ഥാന ട്രഷറർ പി.വി ജിൻരാജ് എന്നിവർ പങ്കെടുത്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡണ്ട് വി അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ സ്വാഗതം പറഞ്ഞു.