ഇറിഗേഷൻ വകുപ്പിലെ പ്രമോഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക; എൻ.ജി. ഒ യൂണിയൻ

തിരുവനന്തപുരം : ജലസേചന വകുപ്പിൽ മുടങ്ങിക്കിടക്കുന്ന ഫസ്റ്റ് ഗ്രേഡ് ട്രാഫ്റ്റ്സ്മാൻമാരിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽ രാജ് പ്രകടനത്തെ അഭിവാദ്യം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി. അനിൽകുമാർ , സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഷിനു റോബർട്ട് എന്നിവർ സംസാരിച്ചു. എഴുപതിലധികം ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പ്രമോഷൻ നടത്തണമെന്ന് സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും വകുപ്പ് സെക്രട്ടറി നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. അടിയന്തിരമായി സ്ഥാനക്കയറ്റം നൽകി ഒഴിവുള്ള തസ്തികകൾ നികത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.