Kerala NGO Union

‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക
എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ
നവോത്ഥാനമൂല്യങ്ങളും പുരോഗമനാശയങ്ങളും ഉയർത്തിപ്പിടിച്ച് നാടിന്റെ ഐക്യവും സാഹോദര്യവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി എൻ.ജി.ഒ.യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 24 മുതൽ നവമ്പർ ഒന്നുവരെ ഓഫീസ് കോംപ്ലക്‌സുകൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പങ്കെടുക്കുന്ന ജാഗ്രതാ സദസ്സുകൾ നടക്കുക.
തുല്യതക്കും അവകാശ സംരക്ഷണങ്ങൾക്കും വേണ്ടി എണ്ണമറ്റ പ്രക്ഷോഭങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നീതിനിഷേധനങ്ങൾക്കുമെതിരെ തൊഴിലാളികളും കർഷകരും ഉൽപ്പതിഷ്ണുക്കളും സാമുഹിക പരിഷ്‌ക്കർത്താക്കളും നടത്തിയ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് വികസിത രാഷ്ട്രങ്ങൾക്കൊപ്പം സാമൂഹ്യപുരോഗതി കൈവരിച്ച നാടായി കേരളം മാറിയത്.
വഴി നടക്കാനും വസ്ത്രം ധരിക്കാനും ദൈവാരാധന നടത്താനും സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് അവകാശം നിഷേധിച്ചിരുന്ന ഇരുണ്ടകാലത്തുനിന്നും ദൈവപൂജ നടത്താൻ അധികാരമുള്ളവരായി ജാതിഭേദങ്ങൾക്കതീതമായി അർഹരായ ഏവർക്കും കഴിയുന്ന നാടായി കേരളം മാറിയത് ഉയർന്ന മാനവികമൂല്യങ്ങളിലധിഷ്ഠിതമായ ദർശനങ്ങളുയർത്തിപ്പിടിച്ച് നടന്ന സമരങ്ങളിലൂടെയാണ്.
സ്ത്രീകൾക്ക് മാറുമറയ്ക്കാനും ആഭരണങ്ങൾ ധരിക്കുന്നതിനുമുള്ള അവകാശങ്ങൾ നേടുന്നതിന് ഉജ്വലമായ സമരങ്ങൾ വേണ്ടിവന്നു. അവർണ്ണ വിഭാഗങ്ങൾക്ക്              വിദ്യാഭ്യാസാവകാശത്തിനുവേണ്ടിയും വീറുറ്റ പോരാട്ടങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. പാവപ്പെട്ടവരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങൾക്ക് ജന്മി-നാടുവാഴി ഭരണകാലത്ത് പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നത് ദൈവവിധിയുടെയും ആചാരങ്ങളുടെയും പേരിൽ വിലക്കുകൾ തീർത്തുകൊണ്ടായിരുന്നു. ബഹുജന സമരങ്ങളിലൂടെ ജനാധിപത്യ ഭരണവ്യവസ്ഥ നിലവിൽ വന്നപ്പോഴാണ് ഇവയെ മറികടക്കാനായത്. എന്നാൽ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തി, ഭരണഘടനാതത്വങ്ങളെപ്പോലും അട്ടിമറിച്ച് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടുനയിക്കുവാൻ വർഗ്ഗീയശക്തികൾ ആസൂത്രിത ശ്രമങ്ങൾ നടത്തുകയാണ്.
പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനുള്ള വിശ്രമരഹിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷനയങ്ങളെ അട്ടിമറിക്കുന്നതിന് വിശ്വാസികളെ ആയുധമാക്കുന്ന ജനാധിപത്യവിരുദ്ധനീക്കമാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരള പുനർ നിർമ്മിതി ലക്ഷ്യമാക്കി നടപ്പിലാക്കിയതും ബഹുഭൂരിപക്ഷം ജീവനക്കാരും സ്വമേധയാ ഏറ്റെടുത്തതുമായ സാലറിചലഞ്ചിനെ പരാജയപ്പെടുത്താനും ഈ നിലപാട് സ്വീകരിക്കുന്ന സർവ്വീസ് മേഖലയിലുള്ള ചിലർ തയ്യാറായതും കേരളം കണ്ടതാണ്.
കഴിഞ്ഞ നാലര വർഷത്തിലേറെയായി കേന്ദ്രസർക്കാർ നടപ്പാക്കി വരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരായി തൊഴിലാളികളും കർഷകരും ജീവനക്കാരും ദേശ വ്യാപക പ്രക്ഷോഭത്തിലാണ്. കേന്ദ്ര സർക്കാരിനെതിരായ ബഹുജന സമരങ്ങൾക്ക് കരുത്തു പകരുന്ന സംസ്ഥാനമാണ് കേരളം. കേരള സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നയങ്ങൾ ലോക ശ്രദ്ധ നേടുന്നതിനൊപ്പം സാമ്രാജ്യത്വ സാമ്പത്തിക നയങ്ങൾക്കുള്ള ബദലായി രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ ബദലിനെ തകർക്കാൻ ബഹുജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് കേരളത്തിൽ സമീപകാലത്ത് നടക്കുന്ന കലാപസമാന പ്രവർത്തനങ്ങളിലൂടെ വ്യക്തമാവുന്നത്.
നിക്ഷിപ്ത താൽപര്യങ്ങളുയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ നടത്തുന്ന വർഗീയവൽക്കരണ പ്രവർത്തനങ്ങൾക്കെതിരെ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും നാടിന്റെ ഐക്യവും സാഹോദര്യവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി നടക്കുന്ന സദസ്സുകളിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും തയ്യാറാവണമെന്നും എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടിയും കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്.രഘുലാലും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *