കോവിഡ് 19 ലോകമാകെ പടര്‍ന്ന് പിടിക്കുകയാണ്. നാളിതുവരെ 36 ലക്ഷം രോഗബാധിതരും 2.5 ലക്ഷം മരണവും സംഭവിച്ചു. ഇന്ത്യയിലും ഈ മഹാമാരി നാശം വിതയ്ക്കുകയാണ്. കേരളത്തില്‍ കോവിഡ് 19 രോഗബാധയുണ്ടായ നാള്‍ മുതല്‍ ഏറെ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്. വികസിത രാഷ്ട്രങ്ങള്‍പോലും ഈ മഹാമാരിയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ വിദഗ്ധ ചികിത്സയും പരിചരണവും നല്‍കി രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നും, സമ്പര്‍ക്ക പരിശോധന, രോഗ പരിശോധന തുടങ്ങി കുറ്റമറ്റ നിലയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരളത്തിന്‍റെ മികവ് അന്തര്‍ദേശീയ അംഗീകാരം പിടിച്ചുപറ്റി.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രക്തത്തിന്‍റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി എന്‍. ജി. ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ 350 അംഗ രക്തദാനസേന രൂപീകരിച്ചു. രക്തദാനസേന രൂപീകരണം പത്തനംതിട്ട ജനറലാശുപത്രിയില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഡി. സുഗതന്‍ നിര്‍വ്വഹിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് സി. വി. സുരേഷ് കുമാര്‍, സംസ്ഥാനകമ്മിറ്റിയംഗം എ. ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. രണ്ട് ഘട്ടങ്ങളിലായി 34 ജീവനക്കാര്‍ രക്തദാനം നടത്തി.