എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കലാലയ ശുചീകരണം ആരംഭിച്ചു
കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലാലയ ശുചീകരണ പരിപാടികൾ ജില്ലയിൽ ആരംഭിച്ചു. ചവറ ബേബിജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് ശുചീകരിച്ചുകൊണ്ട് ഡോ. സുജിത് വിജയൻ പിള്ള എം.എൽഎ. ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കൊവിഡ് 19 വാക്സിനേഷൻ നടപടികൾ ഫലപ്രദമായി നടന്നുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒന്നര വർഷക്കാലമായി സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സ്കൂളുകളും കോളേജുകളും ആവശ്യമായ മുൻകരുതലുകളോടെയും നിയന്ത്രങ്ങളോടെയും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശുചീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹത്തിന്റെ പിന്തുണ കൂടി ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങളിൽ സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 400 ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ഏറ്റെടുത്ത് ശുചീകരിക്കുകയാണ്. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 2 കോളേജുകളും 30 സ്കൂളുകളും ശുചീകരിക്കും.
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.സുശീല, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജിതകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, ബി.ജയ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പ്രശോഭദാസിന്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജില്ലാ ട്രഷറർ ബി.സുജിത്ത് നന്ദിയും പറഞ്ഞു.