Kerala NGO Union

കേരളത്തെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിൽ പങ്കാളികളാവുക;
ഒരുമാസ വേതനം സംഭാവന നൽകുക.

ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി അതിതീവ്രമായി പെയ്തിറങ്ങിയ മഴ വിവരണാതീതമായ ദുരിതമാണ് സംസ്ഥാനത്ത് വരുത്തിവെച്ചത്. മലയോരമേഖലകളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും കേരളത്തെ ഏതാണ്ട് പൂർണ്ണമായും തകർത്തുകളഞ്ഞു. നാനൂറിൽപരം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകൾ പരിക്കേറ്റ് ആശുപത്രിയിലായി. ഓണവും പെരുന്നാളും ആഘോഷിക്കേണ്ട ദിനങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം പേർ തങ്ങളുടെ സർവ്വസ്വവും ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടേണ്ടിവന്നു. കൃഷിയും കാലിസമ്പത്തും വൻതോതിൽ നഷ്ടപ്പെട്ടു. ഏഴായിരത്തിലധികം വീടുകൾ പൂർണ്ണമായും അമ്പതിനായിരത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. റോഡുകളും പാലങ്ങളും തകർന്നു. കേരളത്തിന്റെ സമ്പദ്ഘടനക്ക് കനത്ത പ്രഹരമാണ് പ്രളയം വരുത്തിവെച്ചത്.
അസാമാന്യമായ ഐക്യത്തോടെയും ഇച്ഛാശക്തിയോടെയുമാണ് ഈ ദുരന്തത്തെ നാം നേരിട്ടത്. ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങളാണ് ദുരന്തബാധിതരെ രക്ഷിക്കാനും സഹായിക്കാനുമായി നടന്നത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം കേന്ദ്രസേനകളുടെ സഹായം ഉപയോഗപ്പെടുത്തിയും ബഹുജനങ്ങളെയാകെ അണിനിരത്തിയും നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. ഭരണപ്രതിപക്ഷഭേദമന്യേ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും സർവ്വീസ് സംഘടനകളും ഒറ്റക്കെട്ടായി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായി. അവധിദിനങ്ങൾ വേണ്ടെന്നുവെച്ച് ജീവനക്കാരാകെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മത്സ്യതൊഴിലാളികൾ നടത്തിയ മഹത്തരമായ സേവനം ഏവരാലും പ്രകീർത്തിക്കപ്പെട്ടു. വിദ്യാർത്ഥികളും യുവജനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളിൽ വഹിച്ചപങ്ക് വിലമതിക്കാനാവാത്തതാണ്.
ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യർത്ഥനക്ക് അഭൂതപൂർവ്വമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹജീവികളെ സഹായിക്കാനുള്ള സാമ്പത്തിക സമാഹരണത്തിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ കയ്യയച്ച് സഹായിക്കാൻ തയ്യാറായി. കേരളത്തെ സഹായിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ളവർ ഒറ്റക്കും കൂട്ടായും സന്നദ്ധമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. കൊച്ചുകുഞ്ഞുങ്ങളുടെ സംഭരണകുടുക്കകളിലെ നാണയത്തുട്ടുകൾ മുതൽ വൻകിട വ്യവസായികളുടെ കോടികൾ വരെ ഇതിൽപെടും. ഇതര സംസ്ഥാന സർക്കാരുകളും ജീവനക്കാരും കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. തമിഴ്‌നാട് സർക്കാർ ജീവനക്കാർ ഇരുന്നൂറുകോടി രൂപ പിരിച്ചുനൽകാൻ തീരുമാനിച്ചു. ബംഗാൾ, ഗോവ തുടങ്ങി വിവിധ സംസ്ഥാന ജീവനക്കാരും തങ്ങൾക്കാവുംവിധം സഹായമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തെ സഹായിക്കുന്നതിനായി സുപ്രീംകോടതി ജഡ്ജിമാർ ഡൽഹിയിൽ പാട്ടുപാടി പണം സ്വരൂപിക്കാൻ നടത്തിയ ഇടപെടൽ ശ്രദ്ധേയമായി. പതിവ് രീതികൾ വെടിഞ്ഞ് കേരളം നേരിട്ട കെടുതികളെ ഹൃദയത്തിൽ ഏറ്റെടുത്ത് സഹായിക്കാൻ ഏവരും മുന്നോട്ടുവരുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്.
പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ പ്രൗഢോജ്വലമായി തിരിച്ചുപിടിക്കുകയെന്നതാണ് ഇനി നമുക്കുമുമ്പിലുള്ള ലക്ഷ്യം. പ്രളയത്തിൽ തകർന്ന കേരളമല്ല അതിനെ അതിജീവിച്ച് കുതിച്ച കേരളമാണിതെന്ന് ചരിത്രത്തിൽ സ്ഥാനം പിടിക്കണം. അതിന് ഭീമമായ തുക ആവശ്യമാണ്. പ്രളയം മൂലം മുപ്പതിനായിരം കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. അത് ഇനിയും കൂടാനാണ് സാധ്യത.
ഈ സാഹചര്യത്തിലാണ് ലോകത്തുള്ള മുഴുവൻ മലയാളികളോടും ഒരുമാസത്തെ വേതനം കേരളത്തിന്റെ പുനഃസൃഷ്ടിക്കായി സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഇതിനോടും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന മന്ത്രിമാരും, പ്രതിപക്ഷനേതാവും എം.എൽ.എ.മാരും ചീഫ് സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥരും വകുപ്പ് തലവൻമാരും എല്ലാം ഇതിനകം അവരുടെ വേതനം നൽകി കഴിഞ്ഞു. ഒട്ടേറെ ജീവനക്കാരും അദ്ധ്യാപകരും പെൻഷൻകാരും തങ്ങളുടെ ഒരുമാസത്തെ വേതനവും പെൻഷനും നൽകാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്.
കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള മഹായജ്ഞത്തിൽ പങ്കാളികളാകാനുള്ള കടമ സംസ്ഥാന ജീവനക്കാർക്കുമുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചയാണ് സിവിൽസർവ്വീസിന്റെ നിലനിൽപ്പിനാധാരം. സർവ്വീസിൽ ഇന്നുള്ളവർക്കും നാളെ ഇതിലേക്ക് കടന്നുവരേണ്ടവർക്കും സുരക്ഷിതമായ തൊഴിലിടമായി സിവിൽസർവ്വീസ് തുടരണമെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ചയും അഭിവൃദ്ധിയും പ്രധാന ഘടകമാണ്. ഈ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് മറ്റെല്ലാ ചെലവുകളും മാറ്റിവെച്ചോ, പരിമിതപ്പെടുത്തിയോ തങ്ങളുടെ ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യാൻ മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി

കേരള എൻ.ജി.ഒ യൂണിയൻ

Leave a Reply

Your email address will not be published. Required fields are marked *