ഓൺലൈൻ പഠനത്തിന് കൈത്താങ്ങുമായി എൻ.ജി.ഒ. യൂണിയൻ – ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി

കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി കേരള എൻ.ജി.ഒ. യൂണിയൻ. പഠന സൗകര്യമില്ലാത്ത കാരണത്താൽ പഠന പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലായെന്ന സംസ്ഥാന സർക്കാർ നിലപാടിന് കരുത്തേകിക്കൊണ്ട് പുരോഗമന സമൂഹം ഒന്നാകെ വിദ്യാർത്ഥികളോടൊപ്പം അണിനിരക്കുകയാണ്. ഇതിന്റെ ഭാഗമായി 2.50 കോടി രൂപയുടെ പഠനോപകരണങ്ങളാണ് സംസ്ഥാന വ്യാപകമായി എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ വാങ്ങി നൽകുന്നത്. പഠനോപകരണ കൈമാറ്റങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 23ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് എല്ലാ ജില്ലകളിലും ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർമാർക്ക് പഠനോപകരണങ്ങൾ കൈമാറുന്ന ചടങ്ങുകൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി വാങ്ങിയ പഠനോപകരണങ്ങൾ കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോളിന് കൈമാറി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു നന്ദിയും പറഞ്ഞു. കൊവിഡ് മഹാമാരി വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ 50 ലക്ഷം രൂപ എൻ.ജി.ഒ. യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.