കണ്ണൂര്‍ ജില്ല
1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും കാസര്‍ ഗോഡ് താലൂക്കുകളും ചേ ര്‍ത്ത് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകള്‍ രൂപീകരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കാസര്‍ഗോഡ്, ചിറക്കല്‍ , കോട്ടയം, കുറുന്ത്രനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജില്ല രൂപംകൊണ്ടത്. ആദ്യകാലത്ത് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ്, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, വടക്കേ വയനാട്, തെക്കേ വയനാട് എന്നിങ്ങനെ ഏഴ് താലൂക്കുകളും രണ്ട് റവന്യൂ ഡിവിഷനുകളുമാണ് ഉണ്ടായിരുന്നത്. 1957 ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം തെക്കേ വയനാട് താലൂക്ക് കോഴിക്കോട് ജില്ലയോടും, വയനാട് ജില്ലയുടെ രൂപീകരണത്തെത്തുടര്‍ന്ന് വടക്കേ വയനാടും കാസര്‍ഗോഡ് ജില്ലാ രൂപീകരണത്തെത്തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുകളും ജില്ലയില്‍നിന്നും വേറിട്ടുപോയി. 2013ല്‍ പുതുതായി ഇരിട്ടി താലൂക്ക് രൂപീകരിച്ചു.
കണ്ണൂരിന് ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. മൂഷിക രാജവംശത്തിന്‍റെ പിന്മുറക്കാരായ കോലത്തിരി രാജവംശത്തിന്റെയും കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെ യും കോട്ടയം രാജവംശത്തിന്റെയും ഭരണത്തിന്‍കീഴിലായിരുന്ന പ്രദേശങ്ങളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. ഡച്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭരണാധികാരികളും ജില്ലയുടെ വിവിധ മേഖലകളില്‍ ഭരണം കയ്യാളിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ കോട്ടയം രാജവംശത്തിലെ പഴശ്ശി വീര കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയതാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. 1928ല്‍ ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനവും കെ കേളപ്പന്റെ യും പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹവും നടന്നത് ജില്ലയിലെ പയ്യന്നൂരിലാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രൂപീകരണം നടന്ന പാറപ്രം കണ്ണൂരിലാണ്. സാമ്രാജ്യത്ത ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളുടെ വിളനിലമാണ് കണ്ണൂര്‍. കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, കോറോം, മോറാഴ തുടങ്ങിയ സമരങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചവയാണ്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായി അഞ്ച് ചെറുപ്പക്കാര്‍ രക്തസാക്ഷിത്ത്വം വരിച്ച കൂത്തുപറമ്പും കണ്ണൂര്‍ ജില്ലയിലാണ്. പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി, ജനനായകന്‍ ഇ.കെ.നായനാര്‍, കെ.പി.ആര്‍ ഗോപാലന്‍, അഴീക്കോടന്‍ രാഘവന്‍, എന്‍.സി.ശേഖര്‍, സി.കണ്ണന്‍, ചടയന്‍ ഗോവിന്ദന്‍, മൊയാരത്ത് ശങ്കരന്‍, കെ കരുണാകരന്‍, പാമ്പന്‍ മാധവന്‍, നവോത്ഥാന നായകനായ വാഗ്ഭടാനന്ദ ഗുരുദേവന്‍, മഹാകവി ചെറുശ്ശേരി, മലയാളത്തിലെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കര്‍ത്താവ് ഒ.ചന്തുമേനോന്‍, ചെറുകഥാകൃത്ത് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, പ്രശസ്ത വാഗ്മി സുകുമാര്‍ അഴീക്കോട്, ടി പത്മനാഭന്‍, പ്രമുഖ സംഗീതഞ്ജ്ന്‍ കെ രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ജന്മം കൊണ്ട് സമ്പുഷ്ടമാണ് കണ്ണൂര്‍.
തറികളുടെയും തിറകളുടെയും നാട് എന്നാണ് കണ്ണൂര്‍ ജില്ല അറിയപ്പെടുന്നത്. നാടന്‍ കലകളില്‍ പ്രധാനപ്പെട്ട തെയ്യത്തിന്റെ പ്രധാന കേന്ദ്രമാണ് കണ്ണൂര്‍. കൂടാതെ പൂരക്കളി, കോല്‍ക്കളി തുടങ്ങിയവയും ജില്ലയുടെ സംഭാവനകളില്‍പ്പെടുന്നതാണ്.
അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ണൂരിലുണ്ട്. കണ്ണൂര്‍ സെന്‍റ് ആഞ്ചലോസ് കോട്ട, തലശ്ശേരി കോട്ട, കേരളത്തിലെ ഒട്ടനവധി സമര നായകന്മാര്‍ അന്തിയുറങ്ങുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട്, മീന്‍കുന്ന് ബീച്ചുക ള്‍, പൈതല്‍മല, ഏഴിമല, പഴശ്ശി ഡാം, മാടായിപ്പാറ, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ക്ഷേത്രം, ധര്‍മ്മടം തുരുത്ത്, കാഞ്ഞിരക്കൊല്ലി തുടങ്ങിയവ ഇവയില്‍ ചിലതാണ്.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ നേവല്‍ അക്കാഡമി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്ലൈവുഡ് ഫാക്ടറി ജില്ലയിലെ വളപട്ടണത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന നദികളായ പെരുമ്പ, വളപട്ടണം, കുപ്പം, അഞ്ചരക്കണ്ടി എന്നിവ ജില്ലയിലാണ്.