എല്ലാ കാഷ്വൽ സ്വീപ്പർമാരെയും പാർടൈം ജീവനക്കാരാക്കുക, സ്ഥാപന ക്രമീകരണത്തിൻ്റെ ഭാഗമായി പുറത്താവുന്ന കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൻ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും ജീവനക്കാർ കൂട്ട ധർണ്ണ നടത്തി.
സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗമായ കാഷ്വൽ സ്വീപ്പർമാരുടെ പരിതാപകരമായ മുൻകാല അവസ്ഥകൾക്ക് കുറെയേറെ മാറ്റങ്ങൾ സൃഷ്ടിച്ചത് കേരള എൻ ജി ഒ യൂണിയൻ നടത്തിയ നിരവധി പോരാട്ടങ്ങളുടെ ഭാഗമായാണ്.
നിയതമായ സേവന വേതന വ്യവസ്ഥകൾ നിലവിലില്ലാത്തതിനാൽ തുച്ഛ വരുമാനക്കാരായ ഈ വിഭാഗം ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തിനും അനിശ്ചിതാവസ്ഥയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് യൂണിയൻ ഇത്തരത്തിലൊരു പ്രക്ഷോഭം ആരംഭിച്ചത്.
കണ്ണൂരിൽ നടന്ന ധർണ്ണ യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി പി സന്തേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ , എ രതീശൻ, കെ വി മനോജ് കുമാർ, കെ രഞ്ജിത്ത്, കെ ബാബു എന്നിവർ പ്രസംഗിച്ചു. ധർണ്ണക്ക് യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി വി പ്രജീഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ നന്ദിയും പറഞ്ഞു.