കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി
സമ്പന്നനെ അതിസമ്പന്നനാക്കുകയും, ദരിദ്രനെ കൂടുതൽ ദരിദ്രനാക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ചത്.കോവിഡ് മഹാമാരി മൂലം തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ, വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും, രൂക്ഷമായ തൊഴിലില്ലായ്മയും, വിലക്കയറ്റവും പരിഹരിക്കാൻ നിർദ്ദേശങ്ങൾ ഒന്നുമില്ലാത്ത കേന്ദ്ര ബജറ്റ് ഊന്നൽ നൽകുന്നത് കോർപ്പറേറ്റ്വൽക്കരണത്തിനും, ദേശീയ ആസ്തികൾ വിറ്റഴിക്കുന്നതിനുമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്സിഡികളും ആരോഗ്യ ഗ്രാമീണ വികസന മേഖലകൾക്കുമുള്ള വിഹിതവും കുറച്ചു. കാർഷികമേഖലയിൽ ബജറ്റ് വിഹിതത്തിൽ 20 ശതമാനം കുറവാണുണ്ടായത്. ഭക്ഷ്യസബ്സിഡി 28 ശതമാനം വെട്ടിക്കുറച്ചു. ക്ഷേമപെൻഷനുള്ള പ്രതിമാസ കേന്ദ്രവിഹിതം ഒന്നര പതിറ്റാണ്ടായി വർധിപ്പിച്ചിട്ടില്ല.എയർ ഇന്ത്യയ്ക്ക് പുറമെ എൽഐസിയെയും ഉടൻ സ്വകാര്യവൽക്കരിക്കു മെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേറ്റ് സർചാർജ് 17 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കികൊണ്ട് കോർപ്പറേറ്റുകൾക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആദായനികുതിയിൽ ഏറ്റവും താഴെ തട്ടിലുള്ള സ്ളാബിൽപ്പെട്ടവർക്ക് ഇളവുകൾ നൽകാൻ തയ്യാറായിട്ടില്ല. കേരളം വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒന്നും ബജറ്റിൽ പരിഗണിച്ചില്ല. എയിംസ്, റയിൽവേ സോൺ എന്നിവ അംഗീകരിച്ചിട്ടില്ല. ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടി നൽകുക, വായ്പാപരിധി അഞ്ച് ശതമാനം ആയി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവഗണിച്ചു.
കേന്ദ്രബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെയും, കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും എഫ്.എസ്. ഇ. ടി. ഒ യുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധിച്ചു. തൊഴില് ഭവന് ഓഫീസുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എഫ് എസ് ഇ ടി ഒ സംസ്ഥാന ട്രഷറർ ഡോ. എസ്. ആർ മോഹനചന്ദ്രൻ ഉത്ഘാടനം ചെയ്തു.