പയ്യന്നൂർ: പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവ്വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖലാ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം-2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പ് വരുത്തുക, തപാൽ-ബഹിരാകാശ മേഖലകളിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, വിലകയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ-ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ആൾ ഇൻഡ്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷനും കോൺഡെറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സും സംയുക്തമായി നടത്തുന്ന നവംബർ 3 ന്റെ ദില്ലി മാർച്ചിന് മുന്നോടിയായി സംസ്ഥാനത്ത് എഫ്.എസ്.ഇ.റ്റി.ഒ യും കോൺഫെഡറേഷനും സംയുക്താഭിമുഖ്യത്തിൽ 5 മേഖലകളിലായി ഒക്ടോബർ 9 മുതൽ 12 വരെ നടക്കുന്ന അഞ്ച് മേഖല വാഹന പ്രചര ജാഥയുടെ ഭാഗമായുള്ള കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ: എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജനറൽ സെക്രടറി വി ശ്രീകുമാർ ക്യാപ്റ്റനായുള്ള വടക്കൻവടക്കൻ മേഖല ജാഥ രണ്ടാം ദിവസത്തെ പര്യടനം പയ്യന്നൂരിൽ സമാപിച്ചു.
ജാഥാംഗങ്ങളെ പയ്യന്നൂർ നഗരത്തിലേക്ക് സംഘാടക സമിതി ചെയർമാൻ പി.വി കുഞ്ഞപ്പന്റെ നേതൃത്വത്തിൽ നിരവധി വർഗ ബഹുജന സംഘടന പ്രവർത്തകർ അണിനിരന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.
തുടർന്ന് ജാഥാ ക്യാപ്റ്റനെ വിവിധ വർഗ ബഹുജന സംഘടനകൾ ഹാരാർപ്പണം ചെയ്തു. സ്വീകരണ പൊതുയോഗത്തിൽ ജാഥാ ക്യാപ്റ്റൻ വി ശ്രീകുമാർ, വൈസ് ക്യാപ്റ്റൻ കെ ജി ഒ എ സംസ്ഥാന പ്രസിഡണ്ട് ഡോ. എം എ നാസർ, ജാഥാ മാനേജർ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ, ജാഥാ അംഗങ്ങൾ കോൺഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ എം വി ചന്ദ്രൻ , കേരള പി എസ് സി എംപ്പോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ രാജു, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബീന എന്നിവർ പ്രസംഗിച്ചു. പി.വി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. പി.വി സുരേന്ദ്രൻ സ്വാഗതവും വി.പി. രജനീഷ് നന്ദിയും പറഞ്ഞു.
ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം രാവിലെ 9.30 ന് തളിപ്പറമ്പിൽ നിന്നും ആരംഭിക്കും. 10.30 ശ്രീകണ്ഠാപുരം, 11.30 മട്ടന്നൂർ, 2.30 കൂത്തുപറമ്പ , 3.30 തലശ്ശേരി എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 4.30 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും.