കണ്ണൂർ:
കേരള എൻ ജിഒ യൂണിയൻ കണ്ണൂർ ജില്ല കലാവേദി സംഘവേദി സംഘടിപ്പിക്കുന്ന കലാജാഥ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ ഫെബ്രുവരി 26 ന് രാവിലെ 9.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദ്യ അവതരണം നടത്തും.
നന്മകൾ തച്ചുതകർക്കുന്ന ആസുരമായ ഇന്ത്യൻ വർത്തമാനകാലത്ത് പോർനിലങ്ങളിലെ തീ പന്തമാകാൻ പോവുകയാണ് കലാജാഥ
ഭയം ജനിപ്പിക്കുന്ന ഇന്ത്യയല്ല; സഹിഷ്ണുതയുടെ ഇന്ത്യ, മതാധിഷ്ഠിത ഇന്ത്യയല്ല; മതനിരപേക്ഷ ഇന്ത്യ, നാടിന്റെ സമ്പത്ത് ശതകോടീശ്വരന്മാർക്ക് കാണിക്ക വെക്കുന്ന ഇന്ത്യയല്ല; ഭരണഘടനയിൽ സ്ഥിതിസമത്വം സ്വപ്നം കാണുന്ന ഇന്ത്യ…. ഈ ഇന്ത്യയെയാണ് നാം നെഞ്ചോട് ചേർത്തു വെക്കുന്നത്.
പട്ടിണിപ്പാവങ്ങളെ മറകെട്ടിയില്ലാതാക്കുന്ന ഇന്ത്യയല്ല; വിശപ്പുരഹിത ഇന്ത്യ, സ്ത്രീകളുടെ കണ്ണീരുണങ്ങാത്ത ഇന്ത്യയല്ല; സമഭാവനയുടെ ഇന്ത്യ, സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ …
പോരാടി നേടിയ ഭരണഘടനാമൂല്യങ്ങൾ….. ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും ഫെഡറലിസത്തിൻ്റെയും ആധാരശിലകൾ… പിഴുതു മാറ്റി ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രഖ്യാപനത്തിന് കോപ്പുകൂട്ടുന്നവർക്ക് നമ്മുടെ ഇന്ത്യയെ അടിയറ വെയ്ക്കാനാവില്ല.
ആക്രമണോത്സുക വർഗീയതയുടെ വിത്തുപാകി വിളവു കൊയ്യാൻ വരുന്നവരോട് ‘മാനിഷാദ’ എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയണം. അരുതായ്മകളോട് അരുതെന്ന് പറയണം. അനീതികൾക്കെതിരെ മുഷ്ഠി ചുരുട്ടണമെന്നും കലാജാഥ ആഹ്വാനം ചെയ്യുന്നു.
26 ന് രാവിലെ 11 മണി പരിയാരം മെഡിക്കൽ കോളേജ്, 3 മണി തളിപ്പറമ്പ ടൗൺ സ്ക്വയർ, 4.30 പാപ്പിനിശ്ശേശി, 5.30 അഴിക്കോട് വൻകുളത്ത് വയൽ എന്നിവടങ്ങളിലും കലാജാഥക്ക് സ്വീകരണം നൽകും.
27ന് രാവിലെ 9.30 ശ്രീകണ്ഠപുരം, രാവിലെ 11 മണി ഇരിട്ടി, 3 മണി മട്ടന്നൂർ, 5 മണി കമ്പിൽ ബസാർ എന്നിവടങ്ങളിലും 28 ന് രാവിലെ 9.30 കൂത്തുപറമ്പ, 11 മണി തലശ്ശേരി, 3 മണി ചിറക്കുനി, 5 മണി കണ്ണൂർ കാൾടെക്സ് എന്നിവടങ്ങളിലും കലാജാഥാ സംഘം പരിപാടികൾ അവതരിപ്പിക്കും.
നാടകം, സംഗീതശില്പം, സ്കിറ്റുകൾ തുടങ്ങിയവ കലാജാഥയിലൂടെ അവതരിപ്പിക്കും.
കലാജാഥ അംഗങ്ങളായി
നിഷ എം,സുരേഷ് ബാബു പി സി, സുരേഷ് പരിയാരം,മണി മുക്കം, അജേഷ് കാവുമ്പായി, വിനിൽ നാഥ് പി വി, മുരളി കെ, അനൂപ് കെ കെ, വിഷ്ണ എം, അനിത മോൾ ഒ എം, ചിത്രൻ എൻ എം, സുജിത്ത് ടി, നിമിഷ തമ്പാൻ, അഭിലാഷ് കെ പി കെ എന്നിവരും ജാഥാ മാനേജരായി എം അനീഷ് കുമാറുമാണ്. പരിശീലനത്തിന് നേതൃത്വം നൽകിയത് സംഘവേദി കൺവീനർ പി പി അജിത്ത് കുമാർ, ജോയിൻ്റ് കൺവീനർ വി പവിത്രൻ എന്നിവരുമാണ്.