കൊടിമര ജാഥയ്ക്ക് വയലാറിന്റെ വിപ്ലവ മണ്ണിൽ നിന്നും തുടക്കം. ———————————— ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കൊടിയ ചൂഷണത്തിനും പീഡനങ്ങൾക്കും വിധേയരായി കഴിഞ്ഞിരുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരെ നിവർന്നു നിൽക്കാനും പോരാടാനും പഠിപ്പിച്ച കേരള എൻ.ജി.ഒ. യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം 2023 മെയ് 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മെയ് 26 ന് വൈകിട്ട് 6 മണിക്ക് സമ്മേളന നഗറിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. സമ്മേളന നഗറിൽ പതാക ഉയർത്തുന്നതിനുള്ള കൊടിമരം രണസ്മരണകളിരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ടു. 24 ന് വൈകിട്ട് 5 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുയോഗത്തിൽ വച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ. ജാഥാ ക്യാപ്ടനും എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. അനിൽ കുമാറിന് കൊടിമരം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി ഡി രമേശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, ജാഥ ക്യാപ്റ്റൻ ബി അനിൽകുമാർ, ജാഥ അംഗങ്ങളായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് പി സജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ഏരിയ സെക്രട്ടറി പി ഗിരീഷ് നന്ദിയും പറഞ്ഞു.