കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനത്ത് ഉടനീളം മികച്ച പ്രവർത്തനങ്ങളാണ്ഏറ്റെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പ്രസ്താവിച്ചു. കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി, കോന്നി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് സംഭാവന ചെയ്യുന്ന ഫർണിച്ചർ ഉപകരണങ്ങൾ ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എൻ ജി ഒ യൂണിയൻ ഇത്തരത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഗവൺമെന്റിന് വേണ്ടി മന്ത്രി നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ ഏരിയാ/ പഞ്ചായത്ത് അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ ആശുപത്രി ഉപകരണങ്ങൾ, പൾസ് ഓക്സിമീറ്റർ ഭക്ഷ്യധാന്യങ്ങൾ,പച്ചക്കറി, തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ യൂണിയൻ ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചീലേക്ക് ജീവനക്കാർ ആറ് ദിവസത്തെ ശമ്പളം നല്കുന്നതിനുളള പ്രവർത്തനവും നടത്തുന്നു. കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്ക് 16 വീതം സ്റ്റീൽ കട്ടിൽ മെത്ത, തലയിണ , 8 വീതം സ്റ്റീൽ ക്യാബിനറ്റ് ഷെൽഫ്, സ്റ്റീൽ അലമാര, പ്ളാസ്റ്റിക് കസേര എന്നിവ ഉൾപ്പെടുന്ന മൂന്ന് ലക്ഷം രൂപയുടെ ഫർണിച്ചർ ഉപകരണങ്ങൾ ആണ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നല്കിയത്.യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി വി സുരേഷ് കുമാർ ഉപകരണങ്ങളുടെ ലിസ്റ്റ് മന്ത്രിക്ക് കൈമാറി. കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എസ് സജിത്ത് കുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ഫിറോസ്, മാത്യു എം അലക്സ്, എസ് ലക്ഷ്മി ദേവി തുടങ്ങിയവർ പങ്കെടുത്തു.