Kerala NGO Union

 

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതി സന്ധിയിൽ പെട്ടുഴലുന്ന സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കർഷകരെയും യുവാക്കളെയുമെല്ലാം നിരാശപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  പാർലമെൻറിൽ അവതരിപ്പിച്ചത്.കോർപ്പറേറ്റ് താൽപര്യസംരക്ഷണത്തിനും തീവ്ര സ്വകാര്യവൽക്കരണത്തിനുമാണ് ബജറ്റ് ഊന്നൽ നൽകുന്നത് .ഭാരത് നെറ്റ് ‘പർവ്വത് മാല, മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ തുടങ്ങിയ വികസന വാഗ്ദാനങ്ങളെല്ലാം എത്തിനിൽക്കുന്നത് പി.പി.പി എന്ന സ്വകാര്യവൽകരണ അജണ്ടയിൽ ആണ് . എയർ ഇന്ത്യയെ ടാറ്റയ്ക്  തീറെഴുതി കൊടുത്തു അധിക ദിവസം കഴിയുന്നതിനു മുമ്പേ തന്നെ ഇപ്പോൾ മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന എൽ. ഐ സി.യെ സ്വകാര്യവൽക്കരിക്കുകയാണ്. 5 ജി എ പ്രഖ്യാപനത്തോടൊപ്പം സ്വകാര്യമേഖലയ്ക് ഉൾപ്പെടെ പങ്കെടുക്കാവുന്ന തരത്തിൽ ലേലം ചെയ്യുമെന്ന് കൂടി പറഞ്ഞതിൽ നിന്ന് വ്യക്തമാണ് സ്വകാര്യവൽക്കരണം.4 G പോലും ഫലപ്രദമായി നടപ്പിലാക്കാത്ത BSLNനെ ശക്തിപ്പെടുത്താൻ നിർദ്ദേശങ്ങൾ ഒന്നും വെച്ചിട്ടുമില്ല.

പൊതുമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള യാതൊരു നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടായില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള നീക്കിയിരിപ്പ് തുക കഴിഞ്ഞ വർഷത്തെ 98000 കോടി രൂപയിൽ നിന്ന് 73000 കോടി രൂപയായി വെട്ടിക്കുറച്ചു. കാർഷിക- കാർഷിക അനുബന്ധ മേഖലയ്ക്ക് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 4.26 % ക്കാൾ കുറവ് 3.86 % മാത്രമാണ് വകയിരുത്തിയത് .  സബ്സിഡികളി ലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. രാസവള സബ്സിഡി 1.4 ലക്ഷം കോടിയിൽനിന്ന് 1.05 ലക്ഷം കോടി ആയും , ഭക്ഷ്യസബ്സിഡി 2.95 ലക്ഷം കോടിയിൽനിന്ന് 2.1 ലക്ഷം കോടിയാ യും വെട്ടിക്കുറച്ചു. പെട്രോളിയം സബ്സിഡിയിൽ 704 കോടിയുടെ കുറവാണ് വരുത്തിയത്. കോവിഡ് മഹാമാരി കാലത്ത് ഏറ്റവും മുൻഗണന നൽകേണ്ട ആരോഗ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. കോവിഡിനിരയായവരെ സഹായിക്കാനും, കോവിഡ് ചികിത്സക്കും വാക്സിനും പരിമിതമായ തുകയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്ത് വാക്സിനുകളെടുക്കാൻ ഇനിയും കോടിക്കണക്കിനാളുകൾ ബാക്കി നിൽക്കുകയും മൂന്നാമത്തെ ബൂസ്റ്റർ ഡോസ് അനിവാര്യ മായിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലും കേവലം 5000 കോടി രൂപ മാത്രമാണ് ഇതിനു വേണ്ടി നീക്കി വെച്ചത്. കഴിഞ്ഞ വർഷം ഇത് 39O00 കോടി  രൂപയായിരുന്നു.

ഇൻകം ടാക്സ് സ്ലാബിലോ പരിധിയിലോ  യാതൊരു മാറ്റവും വരുത്താത്തത് ജീവനക്കാരെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അനുവദിച്ച ശമ്പള പരിഷ്കരണത്തിൻ്റെയും ക്ഷാമബത്തയുടെയും അനുകൂല്യം ഇൻകം ടാക്സ് ഇനത്തിൽ അടക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത് .ഇപിഎഫ് പെൻഷൻ വർധിപ്പിക്കുന്നതിനുള്ള ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.  സഹകരണ നിക്ഷേപങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തിയത് പ്രതിഷേധാർഹമാണ്. അതേസമയം കോർപ്പറേറ്റ് ടാക്സ് 18 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കോർപ്പറേറ്റ് സർച്ചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്. കോർപ്പറേറ്റ് ടാക്സ് പരിധി 1 കോടിയിൽനിന്ന് 10 കോടിയായി വർധിപ്പിക്കുകയും ചെയ്തു .PFRDA നിയമം പിൻവലിക്കണമെന്ന് രാജ്യത്തെ മുഴുവൻ ജീവനക്കാരും അധ്യാപകരും ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് എൻപിഎസ് നിക്ഷേപത്തിന് 14 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച് ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ വന്നിരിക്കുന്നത് .

ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി തരണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാത്തത് സാമ്പത്തികമായി സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. കേന്ദ്ര ബജറ്റ് ഇത്തവണയും കേരളത്തോട് തികഞ്ഞ അവഗണന തന്നെയാണ് കാണിച്ചിരിക്കുന്നത്. എയിംസ് ഉൾപ്പെടെയുള്ള കേരളത്തിൻറെ ദീർഘകാല ആവശ്യങ്ങളോട് ബജറ്റ് മുഖം തിരിഞ്ഞ് നിൽക്കുകയാണ് .ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണനവുമുള്ള കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ഫെബ്ര: 2 ന് ഓഫീസ് കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *