കർഷക വേട്ടക്കെതിരെ എഫ്. എസ്. ഇ. ടി. ഒ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിൻറെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കഴിഞ്ഞ പത്തുമാസമായി കർഷകർ നടത്തിവരുന്ന പ്രക്ഷോഭം നാൾക്കുനാൾ ശക്തിപ്പെട്ടുവരികയാണ്. ഭീഷണിപ്പെടുത്തി കർഷകരെ സമരരംഗത്തു നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വന്നതോടെ ഭരണകൂടഭീകരത അഴിച്ചു വിടുകയാണ് കേന്ദ്രസർക്കാർ. മഹാമാരിയുടെ കാലത്തും വീറോടെ പൊരുതിയ കർഷകരെ തളർത്താനാകില്ലെന്ന് ഉറപ്പായതോടെയാണ് തല്ലിയോതുക്കാമെന്ന നിലയിലേക്ക് ബിജെപി എത്തിയത്.പത്ത് മാസത്തെ പോരാട്ടത്തിനിടയിൽ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. കർഷക സമരത്തിന് ജനപിന്തുണയേറുന്നതിൽ അസ്വസ്ഥരായ ബിജെപി സർക്കാർ ആസൂത്രിതമായാണ് കഴിഞ്ഞദിവസം കർഷകരെ കൊലപ്പെടുത്തിയത്. കിരാതമായ കർഷക വേട്ടക്കെതിരെ എഫ്.എസ്.ഇ. ടി. ഒ യുടെ നേതൃത്വത്തിൽ ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലും, ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ഏജിസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എഫ്.എസ്. ഇ. ടി.ഒ ജില്ലാ പ്രസിഡന്റ് വി.അജയ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, എഫ്. എസ്. ഇ ടി. ഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ സ്വാഗതം പറഞ്ഞു. എഫ്.എസ്.ഇ.ടി ഒ സംസ്ഥാന ട്രഷറർ ഡോ. എസ്. ആർ മോഹന ചന്ദ്രൻ, പി.എസ്.ഇ യു ജനറൽ സെക്രട്ടറി ബി.ജയകുമാർ, കെ.എം.സിഎസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രെഷറർ എൻ.നിമൽ രാജ്, കെ. എസ്. ടി. എ സംസ്ഥാന വൈസ് പ്രസിഡന്റ് എ. നജീബ് തുടങ്ങിയവർ പങ്കെടുത്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല ട്രെഷറർ എം.ഷാജഹാൻ നന്ദി പറഞ്ഞു.