കർഷക സമരവിജയം – എഫ്.എസ്.ഇ. ടി.ഒ ആഹ്ലാദപ്രകടനം നടത്തി
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്ന കർഷക സമരത്തിന് വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ എല്ലാ ഹീന തന്ത്രങ്ങളെയും അതിജീവിച്ചാണ് മൂന്ന് നിയമങ്ങളും പിൻവലിക്കാനുള്ള തീരുമാനം കർഷകർ എടുപ്പിച്ചത്. കർഷകരുടെ വിശാലമായിട്ടുള്ള ഐക്യവും, യോജിപ്പും, സമാനതകളില്ലാത്ത സഹനവും, ത്യാഗവുമാണ് ചരിത്ര വിജയത്തിന് അടിസ്ഥാനമായത്.ഒരുവർഷത്തെ പോരാട്ടത്തിനിടയിൽ എഴുനൂറിലധികം കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കോർപ്പറേറ്റ് താൽപര്യങ്ങളെ മുൻനിർത്തിയുള്ള നവ ഉദാരവൽക്കരണ നയങ്ങളെ വിജയകരമായി ചെറുത്തു തോൽപ്പിക്കാമെന്ന പാഠവും കർഷകസമരം നൽകുന്നു. രാജ്യത്തിൻറെ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ ആവേശകരമായ മുന്നേറ്റത്തിന് കർഷക സമരത്തിന്റെ വിജയം വഴിതുറക്കും.
കർഷക സമരത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്. എസ്. ഇ. ടി.ഒ യുടെ നേതൃത്വത്തിൽ സെക്രെട്ടറിയറ്റിന് മുന്നിൽ പ്രകടനം നടന്നു.എഫ്.എസ്.ഇ. ടി.ഒ നേതാവും, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.വി ശശിധരൻ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി ജിൻരാജ്,എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.അനിൽ കുമാർ, കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.എസ്.മീനു എന്നിവർ സംസാരിച്ചു.എഫ്.എസ്.ഇ. ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.