മയ്യിൽ: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശിയിൽ നിർമ്മിച്ച വീടിൻെറ താക്കോൽ യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കെ പി മുകുന്ദനും കുടുംബത്തിനും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കൈമാറി.
കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത, എൻ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി പി സേതു നന്ദിയും പറഞ്ഞു.
‘നവകേരളം ജനപക്ഷ സിവിൽ ‘ എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സമൂഹത്തിന് ഗുണപ്രദമാകുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് യൂണിയൻ ഏറ്റെടുത്തത്. പാലിയേറ്റീവ് /ആരോഗ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് 15 ആംബുലൻസുകൾ നൽകുകയും തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് സൗകര്യമൊരുക്കാനായി ‘തണൽ’ എന്ന പേരിൽ ഷോർട്ട് സ്റ്റേ ആൻന്റ് ഹെൽപ് ഡെസ്ക് സെന്റർ ആരംഭിക്കുകയും ചെയ്തു.
ഒഴിവു ദിവസങ്ങളിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 2000 ജീവനക്കാരുടെ സന്നദ്ധസേന രൂപീകരിക്കുകയും ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ രക്തദാന അവയവദാന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയുമാണ്.